കല്ലെറിഞ്ഞപ്പോഴും ചേർത്ത് പിടിച്ചു, ഭർത്താവിനും മകൾക്കുമായി ഉഴിഞ്ഞുവെച്ച ജീവിതം; പിറന്നാൾ നിറവിൽ ഓമന കുര്യൻ!
കരിയറിനോളം തന്നെ നയൻതാര പ്രാധാന്യം നൽകുന്ന ഒന്ന് കുടുംബമാണ്. സിനിമ ഫീൽഡിൽ നിന്നും അധികം സൗഹൃദങ്ങൾ താരത്തിന് ഇല്ല. പലരിൽ നിന്നും മോശം അനുഭവങ്ങളും കരിയറിന് ദോഷം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും നേരിടേണ്ടി വന്നശേഷമാണ് സൗഹൃദങ്ങളിലും നയൻതാര ഒരു പരിധി വെച്ച് തുടങ്ങിയത്. തനിക്ക് വേണ്ടപ്പെട്ടവരെ അതിരില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്ന പ്രകൃതവുമാണ് നടിയുടേത്.
ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതെന്ന് നടി കരുതുന്ന ഒന്ന് അമ്മ ഓമന കുര്യനാണ്. അമ്മയുടെ ഡാഡിയുടേയും റോൾ മകൾക്ക് വേണ്ടി ഓമന കുര്യൻ ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ താരം സെലിബ്രേറ്റ് ചെയ്യാറുള്ളതും അമ്മയുടെ പിറന്നാളാണ്. ഇത്തവണയും ഹൃദയസ്പർശിയായ കുറിപ്പാണ് അമ്മയുടെ പിറന്നാൾ ദിനത്തിൽ നയൻതാര പങ്കുവെച്ചത്.

എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകൾ... ഞങ്ങളുടെ ജീവിതത്തിലേക്ക് നീ ചൊരിഞ്ഞ സ്നേഹത്തിനും ത്യാഗങ്ങൾക്കും പ്രാർത്ഥനകൾക്കും വാക്കുകൾ ഒരിക്കലും മതിയാകില്ല. ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയമാണ് അമ്മ. ഞങ്ങൾ എടുക്കുന്ന ഓരോ ചുവടുവെയ്പ്പിനും പിന്നിലെ ശക്തി... ഓരോ ദിവസവും പ്രപഞ്ചത്തിന് ഞങ്ങൾ നന്ദി പറയുന്ന അനുഗ്രഹം.
ഞങ്ങൾ സ്നേഹിക്കുന്നു അമ്മേ എന്നാണ് അമ്മയ്ക്കും അച്ഛനും ചേട്ടനുമൊപ്പമുള്ള ബാല്യകാല ഫോട്ടോ പങ്കിട്ട് നയൻതാര കുറിച്ചത്. വിഘ്നേഷ് ശിവന് അമ്മായിയമ്മയല്ല അമ്മ തന്നെയാണ് ഓമന കുര്യൻ. തനിക്ക് ലഭിച്ച മറ്റൊരു അമ്മ എന്നാണ് എപ്പോഴും നയൻതാരയുടെ അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ വിഘ്നേഷ് പറയാറുള്ളത്. എന്റെ അത്തമ്മയ്ക്ക് ജന്മദിനാശംസകളും ചക്കരയുമ്മയും.
മനുഷ്യർ ശുദ്ധരായിരിക്കുമ്പോൾ... നമ്മൾ അവരെ ആരാധിക്കുന്നു, സ്നേഹിക്കുന്നു, അവരിൽ നിന്ന് പ്രചോദനം നേടുന്നു. എന്റെ ഓമന കുര്യൻ... നിങ്ങളുടെ പ്രാർത്ഥനകളാണ് എന്റെ ഏറ്റവും വലിയ ശക്തി. ഈ മത്സരാധിഷ്ഠിത ജീവിതത്തിൽ എന്നെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നതും നിങ്ങളുടെ പ്രാർത്ഥനകളാണ്.
എന്റെ ഏറ്റവും നല്ല അമ്മയായതിന് ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും കടപ്പെട്ടിരിക്കുന്നുവെന്നും വാക്കുകൾക്ക് വിവരിക്കാൻ കഴിയില്ല എന്നാണ് വിഘ്നേഷ് ശിവൻ ഓമന കുര്യനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. സിനിമയിൽ വന്നശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങളും കല്ലേറുകളും ഏറ്റുവാങ്ങിയിട്ടുള്ള നടിയാണ് നയൻതാര. അന്നെല്ലാം നയൻസിന് അഭയമായതും മകൾക്ക് മുന്നോട്ട് പോകാൻ കരുത്തായി ഒപ്പം നിന്നതും അമ്മ ഓമനയായിരുന്നു.

ദൈവം കഴിഞ്ഞാൽ തന്റെ കുഞ്ഞിനെ തനിക്ക് മനസിലായിടത്തോളം മറ്റാർക്കും അറിയില്ല എന്നാണ് ഒരിക്കൽ നയൻസിനെ കുറിച്ച് സംസാരിക്കവെ അമ്മ പറഞ്ഞത്. മകളെ നഷ്ടപ്പെട്ടുപോകുമോയെന്ന് ഓർത്ത് ചെട്ടികുളങ്ങര അമ്മയോട് നിരന്തരമായി പ്രാർത്ഥിച്ചിരുന്ന സമയങ്ങളെ കുറിച്ചും ബിയോൺ ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററിയിൽ സംസാരിക്കവെ അമ്മ പറഞ്ഞിരുന്നു. ചില സന്ദർഭങ്ങൾ ഉണ്ടായപ്പോൾ മകളെ നഷ്ടപ്പെട്ടുപോകുമോയെന്ന് ഭയന്നിരുന്നു.
ഞങ്ങളുടെ ചെട്ടികുളങ്ങര അമ്മ ഒപ്പം തന്നെ ഉണ്ട്. അമ്മയാണ് എനിക്ക് എന്റെ കുഞ്ഞിനെ തിരികെ തന്നത്. രാവിലെ എഴുന്നേറ്റാലുടനെ അമ്മയുടെ അടുത്ത് പോയാണ് ഞാൻ പ്രാർത്ഥിക്കുന്നത്. യേശുവിനെയും പ്രാർത്ഥിക്കും. അതും ഇതുമുണ്ട്. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത് എന്നാണ് ഓമന കുര്യൻ പറഞ്ഞത്.
കൊച്ചിയിലാണ് നയൻതാരയുടെ മാതാപിതാക്കൾ താമസിക്കുന്നത്. കിടപ്പിലായ പിതാവിന് വേണ്ടി വീട്ടിൽ ആശുപത്രികളിലേതിന് സമാനമായ ഐസിയു താരം സെറ്റ് ചെയ്തിട്ടുണ്ട്. ഈ പ്രായത്തിലും അമ്മ തന്നെയാണ് നയൻസിന്റെ പിതാവിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്. സമയം കണ്ടെത്തി നയൻതാരയും വിക്കിയും മക്കൾക്കൊപ്പം കൊച്ചിയിൽ വന്ന് താമസിക്കുകയും ചെയ്യും.


Click it and Unblock the Notifications