എങ്ങു നിന്നും കുറ്റപ്പെടുത്തൽ, നയൻതാര അവഗണിച്ചു; ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ദിലീപെത്തിയപ്പോൾ
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നിട്ടും പുകമറകൾ മാറാത്ത സാഹചര്യമാണിപ്പോൾ. മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ജനങ്ങൾക്ക് ഇന്നുണ്ട്. ദിലീപ് ഗൂഡാലോചനയുടെ ഭാഗമല്ലെന്നും ദിലീപ് കൊടുത്ത ക്വട്ടേഷനല്ല ഇതെന്നും കോടതി വിധിയിൽ തറപ്പിച്ച് പറയുന്നു. അന്വേഷണ സംഘം കൃത്യമായി വിവരങ്ങൾ അന്വേഷിക്കാതെ ദിലീപിലേക്ക് കേസ് വഴിതിരിച്ച് വിട്ടു എന്ന പ്രതീതിയാണ് കോടതി വിധിന്യായം നൽകുന്നത്. അതേസമയം കോടതി ഏകപക്ഷീയമായാണ് ഇടപെട്ടതെന്നും അതിജീവിതയുടെ ഭാഗം അവഗണിച്ചെന്നും പ്രോസിക്യൂഷനുൾപ്പെടെ വിമർശനമുണ്ട്.
ദിലീപിനെ മാറ്റി നിർത്തിയാലും കോടതി വിധിയിൽ ജനം ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒന്നാം പ്രതി പൾസർ സുനിക്ക് നൽകിയ ശിക്ഷ കുറവാണെന്നാണ് അഭിപ്രായം. ദിലീപല്ല ഗൂഢാലോചന നടത്തിയതെങ്കിൽ പിന്നെ ആര് എന്ന ചോദ്യവും ഉയരുന്നു. എട്ടര വർഷക്കാലം അതിജീവിത നടത്തിയ നിയമപോരാട്ടം എങ്ങുമെത്തിയില്ലേ എന്ന ആശങ്ക ജനത്തിനുണ്ട്. അപ്പീൽ പോയാൽ എത്ര വർഷങ്ങൾ ഇനിയുമെടുക്കുമെന്ന് പറയാനാകില്ല. ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ സെെബറിടങ്ങളിൽ ചർച്ചകൾ സജീവമാണ്.

1500 ലേറെ പേജുകളുള്ള വിധി ന്യായത്തിലെ വിവരങ്ങൾ ഓരോന്നായി പുറത്ത് വരുന്തോറും ദിലീപ് കുറ്റക്കാരനല്ലെന്ന കോടതി വാദം ശക്തിപ്പെടുന്ന സാഹചര്യമുണ്ട്. എന്നാൽ കോടതി ഏകപക്ഷീയമായാണ് വിചാരണയിലുടനീളം നീങ്ങിയതെന്ന് അതിജീവിതയുടെ അഭിഭാഷകയടക്കം ആരോപിച്ചിട്ടുണ്ട്. ദിലീപ് അനുകൂലികൾ ഇപ്പോൾ പ്രധാനമായും പറയുന്നത് ദിലീപിന് ജീവിതത്തിലും കരിയറിലും വിലപ്പെട്ട എട്ടര വർഷങ്ങൾ നഷ്ടപ്പെട്ടെന്നാണ്.
കരിയറിലെ സ്ഥാനത്തിന് പുറമെ പൊതുസമൂഹത്തിൽ കുറ്റാരോപിതൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുകയും ചെയ്തെന്ന വാദമുണ്ട്. അതേസമയം പ്രബല താരങ്ങളൊന്നും തന്നെ ദിലീപിനെ മാറ്റി നിർത്തുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഭ ബ ബ എന്ന ദിലീപിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധി വരും മുമ്പാണ്. മമ്മൂട്ടി ദിലീപിന് വേണ്ടി ഇടപെടലുകൾ നടത്തിയെന്ന് അഡ്വ. ടിബി മിനി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ളവർ തനിക്ക് ആശ്വാസമായി ഒപ്പമുണ്ടായിരുന്നെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.

ദിലീപിന് സിനിമാ രംഗത്തുണ്ടായിരുന്ന സൗഹൃദങ്ങളിൽ പലതും അങ്ങനെ തന്നെ തുടർന്നിട്ടുമുണ്ട്. മീര ജാസ്മിൻ, നയൻതാര തുടങ്ങിയ താരങ്ങൾ കേസ് നടക്കുമ്പോഴും ദിലീപിന്റെ അടുത്ത സുഹൃത്തുക്കൾ തന്നെയായിരുന്നു. 2022 ലായിരുന്നു നയൻതാരയുടെ വിവാഹം. വിവാഹത്തിന് മലയാള സിനിമാ രംഗത്തെ കുറച്ച് പേരെയെ നയൻതാര ക്ഷണിച്ചിട്ടുള്ളൂ. ഇവരിൽ ഒരാൾ ദിലീപായിരുന്നു. അന്ന് ദിലീപ് കുറ്റാരോപിതൻ ആണ്.
തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയൻതാര. ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ വാർത്താ പ്രാധാന്യം നേടിയ വിവാഹമായിരുന്നു നയൻതാരയുടേത്. ഈ വിവാഹത്തിൽ ദിലീപെത്തിയത് വലിയ ചർച്ചയായി. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വന്നെങ്കിലും നയൻതാര ഇത് കാര്യമാക്കിയില്ല. ബോഡി ഗാർഡ് എന്ന ചിത്രത്തിലാണ് നയൻതാരയും ദിലീപും ഒന്നിച്ചഭിനയിച്ചത്. ഈ ചിത്രത്തിലേക്ക് നയൻതാരയെ എത്തിക്കുന്നത് ദിലീപാണ്. ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ നയൻതാര ഡാൻസ് നമ്പർ ചെയ്തിരുന്നു.


Click it and Unblock the Notifications











