അന്ന് അടിമുടി സ്റ്റെെലിഷായി നയൻ, ഡബ്ബിംഗ് ആർട്ടിസ്റ്റിനെ മാറ്റേണ്ടി വന്നു; ലുക്കിൽ മത്സരിക്കുന്ന മമ്മൂട്ടിയും
സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന മഹേഷ് നാരായണൻ സിനിമ. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചില്ലെങ്കിലും ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ താര രാജാക്കൻമാർ ഒരുമിച്ചൊരു സിനിമയിലെത്തുമ്പോൾ ഒപ്പം തെന്നിന്ത്യൻ താരറാണി നയൻതാരയുമുണ്ട്. നയൻതാര ഷൂട്ടിംഗിന് ജോയിൻ ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം നയൻതാര സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
മലയാളത്തിൽ നയൻതാര ഏറ്റവും കൂടുതൽ സിനിമ ചെയ്തത് മമ്മൂട്ടിയുടെ നായികയായാണ്. രാപ്പകൽ, തസ്കര വീരൻ, പുതിയ നിയമം, ഭാസ്കർ ദ റാസ്കൽ എന്നീ സിനിമകളിൽ താരങ്ങൾ ഒന്നിച്ചെത്തി. ഇപ്പോൾ മഹേഷ് നാരായണൻ ചിത്രത്തിലും. മമ്മൂട്ടിക്കൊപ്പം മികച്ച കെമിസ്ട്രി നയൻതാരയ്ക്കുണ്ട്. സ്ക്രീനിൽ എങ്ങനെ തങ്ങളെ കാണുന്നു എന്നതിൽ രണ്ട് പേരും ശ്രദ്ധാലുക്കളാണ്.

ഫിറ്റ്നെസ്, മേക്കപ്പ്, സ്റ്റെെലിംഗ്, കോസ്റ്റ്യൂം എന്നിവയിലെല്ലാം നയൻതാര മികവ് പുലർത്തുന്നു. മമ്മൂട്ടിയും ഇങ്ങനെ തന്നെ. ഓരോ സിനിമ കഴിയുമ്പോഴും ഈ താര ജോഡിയുടെ പുതുമ നഷ്ടപ്പെടാതിരിക്കാനുള്ള കാരണവും ഇത് തന്നെയാണ്. ഒരു സിനിമയിലെ ലുക്ക് മറ്റൊരു സിനിമയിൽ ആവർത്തിക്കരുതെന്ന് നയൻതാരയ്ക്ക് നിർബന്ധമുണ്ട്. ഭാസ്കർ ദ റാസ്ക്കലിൽ കണ്ട നയൻതാരയെയല്ല പുതിയ നിയമത്തിൽ പ്രേക്ഷകർ കണ്ടത്.
അടിമുടി മാറ്റങ്ങളോടെ നയൻതാരയെ മലയാള സിനിമയിൽ കാണുന്നത് ഭാസ്കർ ദ റാസ്കലിൽ ആണ്. മുമ്പത്തേക്കാൾ ചെറുപ്പം തോന്നിച്ച നടി ആ സിനിമയിലെ കോസ്റ്റ്യൂമിലും വ്യത്യസ്തത കാണിച്ചു. അന്ന് നയൻതാരയുട മേക്കോവർ കണ്ട് ഭാസ്കർ ദ റാസ്കലിലെ നടിയുടെ ഡബ്ബിംഗ് ആർട്ടിസ്റ്റിനെ വരെ മാറ്റിയിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജ രവിയായിരുന്നു നയൻസിന് ഡബ്ബ് ചെയ്യാനിരുന്നത്. എന്നാൽ പിന്നീട് ശ്രീജയുടെ മകൾ രവീണ രവിയാണ് നയൻതാരയ്ക്ക് ഡബ്ബ് ചെയ്തത്.

ഇതേക്കുറിച്ച് ഒരിക്കൽ രവീണ രവി സംസാരിക്കുകയുണ്ടായി. നല്ല ട്രിം ആയിട്ടുണ്ട് നയൻതാര. പത്ത് വയസ് പിന്നെയും കുറഞ്ഞത് പോലെ. അതിനാൽ എന്റെ ശബ്ദം വെച്ച് ട്രെെ ചെയ്യാം എന്ന് അമ്മ പറഞ്ഞു. എനിക്ക് ടെൻഷനായി. നയൻതാര ആ ചിത്രത്തിൽ ഒരു കുട്ടിയുടെ അമ്മയാണ്. ആ പക്വത ശബ്ദത്തിൽ കൊണ്ട് വരണം. തുടക്കകാലം മുതൽ അവർക്ക് ഡബ് ചെയ്യുന്നത് അമ്മയാണ്. താരതമ്യം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. സംവിധായകൻ സിദ്ദിഖ് സാറാണ് തനിക്ക് ആത്മവിശ്വാസം തന്നതെന്നും അന്ന് രവീണ രവി പറഞ്ഞു.
പുതിയ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികായിരിക്കാം നയൻതാരയെന്ന് ആരാധകർ പറയുന്നുണ്ട്. ഇരുവരെയും വീണ്ടും ഓൺസ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് ആണ് നയൻതാരയുടെ മറ്റൊരു സിനിമ. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. മലയാളത്തിൽ നടി തുടരെ സിനിമകൾ ചെയ്യാറില്ല. ഗോൾഡ് ആണ് ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.


Click it and Unblock the Notifications