അതിന് മുമ്പ് ആരും എന്നെ അങ്ങനെ കണ്ടിരുന്നില്ല, അവരൊന്നും എന്നെ വിശ്വസിച്ചില്ല; ഗ്ലാമറസ് ആയതെങ്ങനെയെന്ന് നയൻ
തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ഇന്ന് ഏറ്റവും പ്രതിഫലം കൈപറ്റുന്ന നായികയും നയൻസ് ആണ്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന നയൻതാരയ്ക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്.
രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ നടി നേടിയെടുത്ത നേട്ടങ്ങൾ നിരവധി ആണ് താരത്തിന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലും ഡിമാന്റുള്ള നായിക, ബിസിനസ് സംരഭക, നിർമാതാവ് തുടങ്ങി നയൻതാരയുടെ ഖ്യാതികൾ ഏറെയാണ്.

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് നയൻതാര. നയൻതാര ഇത്രയും വലിയ താരമാവുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ പറഞ്ഞത്.
മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. മലയാളത്തിൽ വലിയ സ്വീകാര്യത അന്ന് നടിക്ക് ലഭിച്ചിരുന്നില്ല. തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കൺ ആയാണ് നയൻതാര 2000 ങ്ങളുടെ തുടക്കത്തിൽ അറിയപ്പെട്ടത്.

അതീവ ഗ്ലാമറസ് ആയെത്തുന്ന നടിക്കെതിരെ അന്ന് വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും നടിയെ അന്ന് ബാധിച്ചില്ല. കരിയറിൽ ശ്രദ്ധ നൽകിയ നടിക്ക് 2013 ഓടെ നിരന്തരം ഹിറ്റുകൾ ലഭിച്ചു. നയൻതാരയുടെ കരിയറിൽ തുടക്ക കാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബില്ല.
2007 ൽ പുറത്തിറങ്ങിയ സിനിമയിൽ അജിത്ത് ആയിരുന്നു നായകൻ. സിനിമയിൽ നയൻതാര ബിക്കിനി ധരിച്ചത് അന്ന് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ബില്ലയിൽ ഗ്ലാമറസ് വേഷം ചെയ്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നയൻതാര.

'ബില്ല ചെയ്യുമ്പോൾ സംവിധായകനപ്പുറത്ത് ആർക്കും എന്നിൽ കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. ആരും എന്നെ അങ്ങനെ ഫുൾ ഗ്ലാമർ മോഡിൽ കണ്ടിരുന്നില്ല. കാരണം ആ സമയത്ത് കുറേ ഹോംലി റോളുകൾ ആയിരുന്നു ചെയ്തത്'
'ഗ്രാമീണ പെൺകുട്ടി ഇമേജുള്ളവ. ആ സമയത്ത് സംവിധായകൻ വിഷ്ണു എനിക്കിത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചു. വിഷ്ണുവിന്റെ ഭാര്യയും എന്റെ സുഹൃത്തുമായ അനുവിനും ആ ആത്മവിശ്വാസം ഉണ്ടായിരുന്നു. അവരാണ് എന്നെ സ്റ്റെെൽ ചെയ്തത്'

'ആ സിനിമയും ഒരു പാഠം ആയിരുന്നു. എനിക്കിങ്ങനെയും ചെയ്യാൻ പറ്റുമെന്ന് അന്ന് തെളിയിക്കണമായിരുന്നു. ആരെങ്കിലും ഇത് നിന്നെക്കൊണ്ട് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാൽ അത് മനസ്സിൽ നിൽക്കും. എന്നെക്കാെണ്ട് ചെയ്യാൻ പറ്റും, ഞാൻ കാണിച്ചു തരാമെന്ന ചിന്ത'
'അത് അഹങ്കാരമല്ല. ജീവിതത്തിൽ ചില കാര്യങ്ങളിൽ നമുക്ക് ആത്മവിശ്വാസം വേണം. ബില്ലയും യാരടി നീ മോഹിനിയും ഒരേ സമയത്താണ് ഷൂട്ട് ചെയ്യുന്നത്. ആദ്യ 15 ദിവസത്തെ ഷെഡ്യൂൾ ബില്ലയ്ക്ക് ആയിരിക്കും. പിന്നീടുള്ള 15 ദിവസം യാരടീ നീ മോഹിനിയിലും,' നയൻതാര പറഞ്ഞതിങ്ങനെ.

ഓരോ സിനിമയിലും ലുക്കിൽ ഓരോ സ്റ്റെെൽ പിന്തുടരുന്ന രീതിയെ പറ്റിയും നയൻതാര സംസാരിച്ചു. അത് ബോധപൂർവം എടുത്ത തീരുമാനമാണ്. ആദ്യ കാലത്ത് ചെയ്ത സിനിമകളിൽ സ്റ്റെെലിൽ വലിയ മാറ്റം ഇല്ലായിരുന്നു. ഇത് കാരണം ഏത് സിനിമയിലെ കഥാപാത്രം ആണെന്ന് പെട്ടെന്ന് മനസ്സിലാവില്ല. അതിനാലാണ് പിന്നീട് ഒരു സിനിമയ്ക്ക് ഒരു സ്റ്റെെൽ എന്ന രീതി പിന്തുടർന്നതെന്നും നയൻതാര വ്യക്തമാക്കി.


Click it and Unblock the Notifications