'ഏതൊരു ആണ്‍കുട്ടിയും സുന്ദരിയായ പെണ്‍കുട്ടിയെ നോക്കും... എന്നാല്‍ നയൻ മാഡത്തിനെ ഞാന്‍ അങ്ങനെ കണ്ടിരുന്നില്ല'
ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ കാലഘട്ടത്തിലൂടെ കടന്ന് പോവുകയാണ് തെന്നിന്ത്യയിലെ പവർ കപ്പിളായ നയൻതാരയും വിഘ്നേഷ് ശിവനും. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം 2022ൽ ചെന്നൈയിൽ വെച്ചാണ് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായത്. പക്ഷെ അതിനും ആറ് വർഷം മുമ്പ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. വിവാഹിതരായി പിന്നാലെ തന്നെ താരങ്ങൾ സറോഗസിയിലൂടെ രണ്ട് ആൺകുഞ്ഞുങ്ങൾക്കും ജന്മം നൽകി.
നയൻതാരയും വിഘ്നേഷ് ശിവനും ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. തെന്നിന്ത്യൻ സിനിമ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടെയും പക്ഷെ വിവാഹം ചിത്രീകരിക്കാൻ മീഡിയയ്ക്ക് അനുമതിയുണ്ടായിരുന്നില്ല.

ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയവർക്ക് പോലും അതിൽ നിയന്ത്രണമുണ്ടായിരുന്നു. നയൻതാരയും വിഘ്നേഷും ചടങ്ങിൽ നിന്നുള്ള കുറച്ച് ഫോട്ടോകൾ മാത്രമാണ് ഇതുവരെയും പുറത്ത് വിട്ടിട്ടുള്ളത്. അതിന് കാരണം ഇരുവരുടെയും വിവാഹം ഡോക്യുമെന്ററിയായി പുറത്തിറക്കാൻ നെറ്റ്ഫ്ലിക്സിന് അനുമതി നൽകിയിരുന്നുവെന്നതുകൊണ്ടാണ്.
പക്ഷെ വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും ഡോക്യുമെന്ററി റിലീസ് ചെയ്തില്ല. അടുത്തിടെയാണ് ട്രെയിലർ പോലും റിലീസ് ചെയ്തത്. ഈ വരുന്ന പതിനെട്ടാം തിയതി വിവാഹ വീഡിയോയുടെ സ്ട്രീമിങ് ആരംഭിക്കും. നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനുവേണ്ടി 25 കോടിയാണ് പ്രതിഫലമായി നയൻതാരയ്ക്കും വിഘ്നേശിനും നെറ്റ്ഫ്ലിക്സ് നൽകിയത്.
ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഡോക്യുമെന്ററി റിലീസിന് മുന്നോടിയായി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഗ്ലിമ്പ്സിൽ വിഘ്നേഷ് ശിവനുമായുള്ള പ്രണയത്തിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് നയൻതാര പറയുന്ന ഭാഗം വൈറലാവുകയാണ്. നാനും റൗഡി താൻ സെറ്റിൽ വെച്ച് ഒരു ദിവസം വിഘ്നേഷിനെ വ്യത്യസ്തമായി നോക്കിയെന്നും അവിടം മുതലാണ് എല്ലാത്തിന്റെയും തുടക്കമെന്നുമാണ് നയൻതാര പറഞ്ഞത്.
പോണ്ടിച്ചേരിയിലെ തെരുവുകളില്‍ ഞങ്ങള്‍ സിനിമയുടെ ചിത്രീകരണം നടത്തുകയായിരുന്നു. ഞാന്‍ എന്റെ ഷോട്ടിനായി കാത്തിരിക്കുകയായിരുന്നു. വിജയ് സേതുപതി സാറുമായി വിക്കി ഒരു രംഗം ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കണ്ടു. എന്തുകൊണ്ടോ അന്ന് ഞാന്‍ അവനെ വ്യത്യസ്തമായി നോക്കി. എന്റെ മനസില്‍ ആദ്യം വന്നത്... അവന്‍ എന്ത് ക്യൂട്ടാണ് എന്ന ചിന്തയായിരുന്നു.

ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്ന രീതിയും കാര്യങ്ങള്‍ വിശദീകരിക്കുന്ന രീതിയും എന്റെ ശ്രദ്ധയാകര്‍ഷിച്ചു എന്നാണ് പ്രണയത്തിന്റെ തുടക്കകാലം വെളിപ്പെടുത്തി നയന്‍താര പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിന് ശേഷം വിഘ്‌നേഷിന് ഒരു സന്ദേശം അയച്ചു. എനിക്ക് ഈ സെറ്റ് മിസ് ചെയ്യും എന്നായിരുന്നു ആ മെസേജ്. വിഘ്‌നേഷ് അതിന് എനിക്കും അതേ അനുഭവമായിരിക്കും മാഡം എന്നാണ് മറുപടി നൽകിയത്. വിഘ്നേഷ് ശിവനും നയൻതാരയെ കണ്ടപ്പോഴുള്ള അനുഭവം അതേ വീഡിയോയിൽ പങ്കിട്ടു.
ഏതൊരു ആണ്‍കുട്ടിയും സുന്ദരിയായ പെണ്‍കുട്ടിയെ നോക്കും... ഞാന്‍ കള്ളം പറയില്ല. എന്നാല്‍ മാഡത്തിനെ ഞാന്‍ അങ്ങനെ കണ്ടിരുന്നില്ല എന്നാണ് വിഘ്‌നേഷ് പറഞ്ഞത്. വീഡിയോ വൈറലായതോടെ ആരാധകരും ഡോക്യുമെന്ററി കാണാനുള്ള ത്രില്ലിലാണ്.


Click it and Unblock the Notifications