അന്ന് 60 ലക്ഷം വരെ വാങ്ങുന്ന നടിയാണ്, പക്ഷെ ബില്ലയിൽ കുറച്ചു, സംവിധായകന്റെ ഭാര്യ മുഖേന സൂചന നൽകി; നിർമാതാവ്
തെന്നിന്ത്യൻ സിനിമാ രംഗത്ത് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ഇന്ന് നയൻതാരയ്ക്കുണ്ട്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന നയൻതാരയ്ക്ക് കൈ നിറയെ അവസരങ്ങൾ ലഭിക്കുന്നു. തമിഴകത്ത് എന്നും വലിയ താരമൂല്യം നയൻതാരയ്ക്ക് ഉണ്ടായിട്ടുണ്ട്. അയ്യ എന്ന സിനിമയിലൂടെയാണ് നടി തമിഴകത്തേക്ക് കടക്കുന്നത്. പിന്നീട് ചന്ദ്രമുഖി ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി. അക്കാലത്ത് അതീവ ഗ്ലാമറസായി നയൻതാര അഭിനയിക്കുന്നത് വലിയ ചർച്ചയായിരുന്നു.
കടുത്ത അധിക്ഷേപങ്ങൾ വന്നപ്പോഴും ഇതൊന്നും കാര്യമാക്കാതെ താരം മുന്നോട്ട് നീങ്ങി. സൂപ്പർസ്റ്റാർ സിനിമകൾ നയൻതാരയെ തേടി തുടരെ വന്നു. അക്കാലത്ത് നടി ചെയ്ത ഹിറ്റ് സിനിമകളിൽ ഒന്നാണ് ബില്ല. അജിത്ത് നായകനായ സിനിമയിൽ സാഷ എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിച്ചത്. ചിത്രത്തിൽ ബിക്കിനി ധരിച്ച് ഒരു രംഗം ചെയ്യാൻ നയൻതാര തയ്യാറായി. അക്കാലത്ത് ഈ സീനുണ്ടാക്കിയ അലയൊലികൾ ചെറുതല്ല.

വലിയ തുക ഈ സീനിന് വേണ്ടി നയൻതാര വാങ്ങിയിരിക്കും എന്നാണ് ആരാധകർ കരുതിയത്. കാരണം അതിന് മുമ്പ് അത്തരമൊരു സീനിൽ നയൻതാര അഭിനയിച്ചിരുന്നില്ല. പക്ഷെ യഥാർത്ഥത്തിൽ തന്റെ പതിവ് പ്രതിഫലത്തിൽ നിന്നും കുറഞ്ഞ പ്രതിഫലമേ ഈ ചിത്രത്തിൽ നയൻതാര വാങ്ങിയിട്ടുള്ളൂ. ഇതിനൊരു കാരണവുമുണ്ട്. ബില്ലയുടെ നിർമാതാവ് എൽ സുരേഷാണ് ഒരിക്കൽ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്.
ബില്ലയിൽ ആദ്യം നായികയായി പരിഗണിച്ചത് മറ്റൊരു നടിയെയായിരുന്നു. ബോളിവുഡിൽ നിന്നുള്ള ഈ നടി ഡിമാന്റുകൾ വെച്ചു. മാനേജർ മുഖേനെയാണ് അവർ സംസാരിച്ചത്. 40 ദിവസം കോൾഷീറ്റ് തരും. അതിൽ കൂടുതൽ പറ്റില്ലെന്ന് പറഞ്ഞു. എന്നാൽ അത് പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞു. 15 ലക്ഷത്തിന് പകരം 20 ലക്ഷം തരാം. പക്ഷെ കൂടുതൽ ഡേറ്റ് വേണമെന്ന് ഞാൻ പറഞ്ഞു.ആ കാസ്റ്റിംഗ് നടന്നില്ല. അതിന് ശേഷമാണ് നയൻതാര വരുന്നത്.

അക്കാലത്ത് നയൻതാര ഒരു സിനിമയ്ക്ക് 45 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ വാങ്ങുന്നുണ്ട്. എന്നാൽ തൊട്ടു മുമ്പിറങ്ങിയ അവരുടെ രണ്ട് മൂന്ന് സിനിമകൾ പരാജയപ്പെട്ടു. പരാജയത്തിന്റെ വിഷമത്തിലായിരുന്നു നയൻതാര അന്ന്. പ്രതിഫലം കുറച്ച് ഈ സിനിമയിൽ അഭിനയിക്കാമെന്ന് നയൻതാര സൂചിപ്പിച്ചു. സംവിധായകൻ വിഷ്ണു വർധന്റെ ഭാര്യ മുഖേനെയാണ് നയൻതാര സൂചന തന്നത്.
അങ്ങനെയാണ് നയൻതാര ബില്ലയിൽ നായികയായതെന്ന് നിർമാതാവ് എൽ സുരേഷ് വ്യക്തമാക്കി. ഷൂട്ടിംഗുമായി നയൻതാര നന്നായി സഹകരിച്ചെന്നും എൽ സുരേഷ് അന്ന് പറഞ്ഞു. ബില്ല തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോൾ നയൻതാരയ്ക്ക് പകരം അനുഷ്ക ഷെട്ടിയാണ് ഈ കഥാപാത്രം ചെയ്തത്. വിഷ്ണു വർധനാണ് ബില്ല സംവിധാനം ചെയ്തത്. പിന്നീട് ഇദ്ദേഹത്തിന്റെ ആരംഭം എന്ന സിനിമയിലും നയൻതാര അഭിനയിച്ചു.
ഇന്ന് അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലം. അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മുക്കുത്തി അമ്മൻ 2 ആണ് ഇതിലൊന്ന്. ഡിയർ സ്റ്റുഡന്റ്സാണ് മലയാളത്തിൽ നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. നേരത്തെ ഇരുവരും ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗോൾഡ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.


Click it and Unblock the Notifications