എന്റെ മാറ്റത്തിന് കാരണം പ്ലാസ്റ്റിക് സർജറിയല്ല; രഹസ്യം തുറന്ന് പറഞ്ഞ് നയൻതാര; വിശ്വസിക്കാനാകാതെ ആരാധകർ
ലേഡി സൂപ്പർസ്റ്റാറായ നയൻതാര എന്നും തന്റെ ഫിറ്റ്നെസിനും സൗന്ദര്യത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഓരോ സിനിമയിലും തന്റെ ലുക്ക് വ്യത്യസ്തമാകാൻ താരം ശ്രമിക്കാറുണ്ട്. കോസ്റ്റ്യൂമിലും മേക്കപ്പിലുമെല്ലാം വളരെ ശ്രദ്ധ കൊടുക്കുന്നു. ഇത് നടിക്ക് കരിയറിൽ ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. അഭിനയത്തേക്കാളുപരി നയൻതാരയുടെ കാര്യത്തിൽ ഏവരും എടുത്ത് പറയുന്നത് താരത്തിന്റെ കണ്ണഞ്ചിക്കുന്ന സ്ക്രീൻ പ്രസൻസാണ്. 2003 ൽ അരങ്ങേറ്റ ചിത്രം മനസിനക്കരെയിൽ കണ്ട നയൻതാരയിൽ നിന്നും ഇന്നത്തെ നയൻതാരയ്ക്ക് ഏറെ വ്യത്യാസമുണ്ട്.
തുടക്ക കാലത്ത് വണ്ണമുണ്ടായിരുന്ന നടി പിന്നീട് വണ്ണം കുറച്ചു. 2010 ന് ഇങ്ങോട്ട് നയൻതാരയ്ക്ക് വന്ന മാറ്റമാണ് എടുത്ത് പറയേണ്ടത്. നടിയുടെ ഇന്നത്തെ ലുക്കിന് പിന്നിൽ ഒന്നിലേറെ കോസ്മെറ്റിക് സർജറികളുണ്ടെന്ന വാദം ശക്തമാണ്. സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യുന്ന പല കോസ്മെറ്റോളജിസ്റ്റുകളും ഇങ്ങനെയൊരു വാദം ഉന്നയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വർഷങ്ങളായി പ്രചരിച്ച് കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ് നയൻതാര. താൻ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടില്ലെന്ന് നയൻതാര പറയുന്നു. തന്റെ പുരികത്തിന് വരുന്ന മാറ്റങ്ങളാകാം ഇതിന് കാരണമെന്നും നടി പറഞ്ഞു. ഐ ബ്രോ മേക്കപ്പ് എനിക്ക് വളരെ ഇഷ്ടമാണ്. അത് പെർഫെക്ടാക്കാൻ ഞാൻ സമയമെടുക്കും. കാരണമത് യഥാർത്ഥ ഗെയിം ചേഞ്ചറാണ്. ഇത്രയും വർഷങ്ങൾക്കിടെ വ്യത്യസ്തമായ ഐ ബ്രോ ലുക്കുകൾ ചെയ്തിട്ടുണ്ട്.
ഒരുപക്ഷെ അത് കൊണ്ടായിരിക്കാം എന്റെ മുഖത്ത് മാറ്റങ്ങൾ വരുന്നുണ്ടെന്നും ഞാൻ മാറുന്നുണ്ടെന്നും ആളുകൾ പറയുന്നത്. ഞാനെന്റെ മുഖത്ത് എന്തോ ചെയ്തെന്ന് ഒരുപാട് ആളുകൾ പറയുന്നതിന് കാരണവും അതായിരിക്കും. പക്ഷെ ഓൺ റെക്കോഡായി ഞാൻ പറയുകയാണ്, അത് സത്യമല്ല. കോസ്മെറ്റിക് സർജറി തെറ്റാണെന്നല്ല. പക്ഷെ ഡയറ്റിംഗാണ് എന്റെ മാറ്റത്തിന് കാരണം.

ശരീരഭാരം ഇടയ്ക്കിടെ കൂടുകയും കുറയുകയും ചെയ്തതിനാൽ കവിൾ ചാടാനും ഒട്ടാനും തുടങ്ങി. നിങ്ങൾക്കെന്നെ നുള്ളി നോക്കാം, പ്ലാസ്റ്റിക് ഇല്ലെന്ന് മനസിലാകുമെന്നും നയൻതാര ചിരിയോടെ പറഞ്ഞു. തന്റെ സ്കിൻ കെയർ ബ്രാൻഡായ 9 സ്കിന്നുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് നയൻതാര അഭ്യൂഹങ്ങളോട് പ്രതികരിച്ചത്.
നയൻതാരയുടെ തുറന്ന് പറച്ചിൽ ഇതിനോടകം ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. നടിയുടെ മുഖത്ത് വന്ന മാറ്റങ്ങൾ വളരെ പ്രകടമാണ്. ചുണ്ടുകളും കവിൾത്തടവും പഴയത് പോലെയല്ലെന്ന് നേരത്തെ കോസ്മെറ്റോളജിസ്റ്റുകൾ വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. ഡയറ്റിംഗിലൂടെ ഇത്രയും മാറ്റം വരുമോ എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യം. 39 കാരിയാണ് നയൻതാര.
അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മൂക്കുത്തി അമ്മൻ 2, ഡിയർ സ്റ്റുഡന്റ്സ് തുടങ്ങിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെ നായകൻ. ഗോൾഡിന് ശേഷം നടി അഭിനയിക്കുന്ന മലയാള സിനിമയാണ് ഡിയർ സ്റ്റുഡന്റ്സ്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications