ഞാനെന്ത് ചെയ്യണം എന്ന് പറയാൻ നിങ്ങളാരാണ്? ഇഷ്ടമില്ലെങ്കിൽ കാണേണ്ട; വൈറലായി നയൻതാരയുടെ പഴയ വാക്കുകൾ
നടി നയൻതാര ഇരട്ടക്കുട്ടികളുടെ അമ്മയായ വാർത്ത സിനിമാ ലോകത്ത് വലിയ ചർച്ച ആയിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളിൽ നയൻസിനും വിഘ്നേശ് ശിവനും കുട്ടികൾ പിറന്നതാണ് ചർച്ച വിഷയം ആയിരിക്കുന്നത്. നയൻതാര വിവാഹത്തിന് മുമ്പേ
ഗർഭിണി ആയിരുന്നോ സരൊഗസി വഴിയാണോ കുട്ടികളെ സ്വീകരിച്ചത് തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉയരുന്നു. നടിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകളും ഉയരുന്നുണ്ട്.

ഇപ്പോഴിതാ നയൻതാരയുടെ പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ആവുന്നത്. ഗോസിപ്പുകളെയും അധിക്ഷേപങ്ങളെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതാണ് ഈ അഭിമുഖത്തിൽ കാണാനാവുന്നത്. ബോഡിഗാർഡ് എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് നയൻസ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖമാണ് വീണ്ടും ഉയർന്ന് വന്നിരിക്കുന്നത്.
നടിയുടെ ആത്മവിശ്വാസമാണ് അഭിമുഖത്തിൽ ഉടനീളം കാണാനാവുന്നത്. ഇത്രയധികം ഗോസിപ്പുകളെ തിരുവല്ലക്കാരിയായ നാടൻ മലയാളി പെൺകുട്ടിക്ക് എങ്ങനെ നേരിടാനാവുന്നു എന്നായിരുന്നു അഭിമുഖത്തിൽ വന്ന ചോദ്യം. ഞാൻ നാടൻ പെൺകുട്ടി അല്ലാത്തത് കൊണ്ടായിരിക്കും എന്നാണ് നയൻസ് ഇതിന് നൽകിയ മറുപടി.

'ഞാൻ ജനിച്ച് വളർന്നത് ഇവിടെ അല്ല. കൂടുതൽ എക്സ്പോഷർ കിട്ടിയിട്ടുണ്ട്. കുറേ ആൾക്കാരെ കണ്ടിട്ടുണ്ട്. കുറേ സ്റ്റേറ്റ്സിൽ പോയിട്ടുണ്ട്. അതിന്റെ പരിചയം എനിക്കും എന്റെ ചേട്ടനും ഉണ്ടാവും. പെൺകുട്ടി ആയത് കൊണ്ട് മിണ്ടാതിരിക്കണം എന്നില്ലല്ലോ. സെലിബ്രറ്റികൾ ആയത് കൊണ്ടാണ് ഗോസിപ്പ് വരുന്നതെന്ന് പറയുന്നുണ്ട്. കുറച്ചൊക്കെ ആവാം'
'പക്ഷെ മാധ്യമങ്ങൾ എപ്പോഴും ആലോചിക്കേണ്ട ഒരു കാര്യം എന്തൊക്കെ നിങ്ങൾ എഴുതിയാലും എപ്പോഴെങ്കിലും എഴുതുന്ന ആൾക്കാർ ഓർക്കണം ആ കുട്ടിയും ഒരു പെൺകുട്ടി ആണെന്ന്. ആ കുട്ടിക്കും കല്യാണം ആവും, ആ കുട്ടിക്കും അച്ഛനും അന്മയും ഉണ്ട്. ഈ റിപ്പോർട്ട് വായിച്ചാൽ അച്ഛനും അമ്മയും വിഷമിക്കും എന്ന്'

'ഞാനെപ്പോഴും എന്റെ ജീവിതമേ നോക്കാറുള്ളൂ. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാറില്ല. ഭയങ്കര ഗ്ലാമറസ് ആയിട്ട് അഭിനയിക്കുന്നു അഭിനയപ്രധാന്യമുള്ള വേഷങ്ങൾ ചെയ്യുന്നില്ല എന്ന് പറയുന്നു. മലയാളത്തിലും തമിഴിലും എവിടെയാണ് അങ്ങനെയുള്ള കഥാപാത്രങ്ങൾ വരുന്നത്. ഒന്നോ രണ്ടോ റോളുകൾ വരും. അത് എനിക്ക് തന്നെ വരണമെന്നില്ലല്ലോ. ഞങ്ങൾക്ക് കിട്ടുന്ന പ്രൊജക്ട് വെച്ചേ ഞങ്ങൾക്ക് മൂവ് ചെയ്യാൻ പറ്റുള്ളൂ'
'വിജയ്, അജിത്ത്, രജിനി സാർ എന്നിവരുടെ പ്രൊജക്ട് വന്നാൽ അതിൽ വലിയ റോൾ ഇല്ലെങ്കിലും ഞങ്ങളത് ചെയ്തേ പറ്റൂള്ളൂ. കാരണം ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. നല്ല റോൾ കിട്ടിയാലെ ചെയ്യുള്ളൂ എന്ന് പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ല. അങ്ങനെ ഒരുപാട് നടിമാർ ഉണ്ട്. ആദ്യം ഇതൊക്കെ പറയും എന്നല്ലാതെ പിന്നെ മാറ്റി ചെയ്യുന്നവരാണ് എല്ലാവരും. ഞാനങ്ങനെ ചെയ്യുന്നില്ല'

'ഗ്ലാമറസ് ചെയ്യുന്നു എന്ന് പറയുന്ന നിങ്ങൾ എന്തിനാണ് ഹിന്ദി സിനിമകൾ കാണുന്നത്. മലയാളികൾ തന്നെ എന്തിനാണ് തമിഴ് സിനിമകൾ കാണുന്നത്. ചെന്നെെയിൽ ഓടുന്നതിലും നന്നായിട്ടാണ് ഇവിടെ തമിഴ് സിനിമകൾ ഓടുന്നത്. അത് അത്രയും ആൾക്കാർ കാണുന്നത് കൊണ്ട് അല്ലേ. അപ്പോൾ പിന്നെ എന്തിനാണ് വിമർശിക്കുന്നത്'
'നിങ്ങളെന്തിനാണ് പോയി കാണുന്നത്. വിജയ്നെയോ അജിത്തിനെയോ മാത്രം കാണാനായി പോവില്ലല്ലോ. നായികമാരെ കാണാനും കൂടി ആണല്ലോ പോവുന്നത്. അപ്പോൾ അത് കാണുകയും വേണം എന്നിട്ട് വിമർശിക്കുകയും വേണം. ഈ നടി ഇങ്ങനെ ആണെന്ന് അറിയാമെങ്കിൽ പിന്നെ എന്തിനാണ് പത്ത് സിനിമ പോയി കാണുന്നത്'

'കല്യാണം കഴിച്ചു എന്നാണ് അടുത്ത ഗോസിപ്പ്. ഞാൻ കല്യാണം കഴിക്കുന്നെങ്കിൽ ഞാൻ വിളിച്ച് പറയും. ഒളിച്ച് പോയി കല്യാണം കഴിക്കേണ്ട ആവശ്യമേ ഇല്ല. കാരണം ഇത്രയും കാലങ്ങളായിട്ടും ഞാൻ എന്റെ പ്രണയങ്ങൾ ഒളിച്ചു വെച്ചിട്ടില്ല. അച്ഛനെയും അമ്മയെയും ഞാനെന്റെ ദൈവതുല്യ സ്ഥാനത്താണ് നിർത്തിയിരിക്കുന്നത്. ഞാൻ ഒരു റിലേഷൻഷിപ്പിൽ ആണെങ്കിൽ അത് അവർ അംഗീകരിച്ചാൽ മാത്രമേ ഞാൻ പോയി കല്യാണം കഴിക്കുള്ളൂ'
'എന്തിനാണ് കല്യാണം കഴിക്കുന്നത്. പത്ത് ആൾക്കാർ അറിയാനല്ലേ. ഇല്ലെങ്കിൽ ലിംവിഗ് ടുഗെദർ ആയാൽ പോരെ. ഞാനെന്റെ ജോലി ആണ് ചെയ്യുന്നത്. അതിൽ നിങ്ങൾ എന്തുകാെണ്ടാണ് ഗ്ലാമറസ് ആയി ചെയ്യുന്നതെന്ന് ചോദിക്കാനുള്ള അവകാശം ആർക്കുമില്ല. നിങ്ങൾക്കിഷ്ടമാണെങ്കിൽ കാണുക, ഇഷ്ടമല്ലെങ്കിൽ കാണേണ്ട. അഭിനയിച്ചത് ശരിയായില്ല എന്നൊക്കെ പറയുന്നതാണ് വിമർശനം. അല്ലാതെ നിങ്ങൾ ഇങ്ങനെ ചെയ്യാൻ പാടില്ല, അങ്ങനെ ചെയ്യാൻ പാടില്ല എന്നൊന്നും പറയാൻ ആർക്കും അവകാശമില്ല,' നയൻതാര പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications