നെറുകയിൽ ഭർത്താവിന്റെ ചുംബനം..., അരികിലിരുന്ന് കൈകൊട്ടി ചിരിച്ച് പിറന്നാൾ ആശംസിച്ച് ഉയിരും ഉലകവും, വീഡിയോ!
ലേഡി സൂപ്പർസ്റ്റാർ എന്ന് കേൾക്കുമ്പോൾ സിനിമാ പ്രേമികൾക്ക് ഓർമ്മ വരാറുള്ള ഒരേയൊരു മുഖം നയൻതാരയുടേതാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ മുപ്പത്തിയൊമ്പതാം പിറന്നാൾ ആയിരുന്നു. രാവിലെ മുതൽ സോഷ്യൽമീഡിയ മുഴുവൻ നയൻതാരയ്ക്കുള്ള പിറന്നാൾ ആശംസകൾ കൊണ്ട് നിറയുകയാണ്.
താരത്തിന്റെ ഭർത്താവും നടനുമായ വിഘ്നേഷ് ശിവൻ മനോഹരമായൊരു കുടുംബചിത്രം പങ്കിട്ടാണ് നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഗംഭീരമായ ബർത്ത് ഡെ പാർട്ടിയാണ് ഭാര്യയ്ക്കായി വിഘ്നേഷ് ശിവൻ ഒരുക്കിയിരുന്നത്.
മക്കൾക്കും ഭർത്താവിനും ഒപ്പം നടന്ന പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ നയൻതാരയും സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. കേക്കുകൾക്കും അലങ്കാരങ്ങൾക്കും നടുവിൽ മക്കൾക്കൊപ്പം ഇരിക്കുന്ന നയൻതാരയേയും വിഘ്നേഷ് ശിവനേയുമാണ് വീഡിയോയിൽ കാണുന്നത്.

പിറന്നാൾ കേക്ക് മുറിക്കുന്നതിന് മുന്നോടിയായി ഭാര്യയുടെ നെറുകയിൽ വിഘ്നേഷ് ശിവൻ ചുംബിക്കുന്നതും മക്കളായ ഉയിരും ഉലകവും അതുകണ്ട് കൈകൊട്ടി ചിരിക്കുന്നതും കാണാം. 'ഇതിൽ കൂടുതൽ എനിക്ക് ഒന്നും ചോദിക്കാൻ കഴിയില്ല. ഈ മൂന്ന് ആൺകുട്ടികൾക്കൊപ്പം ദൈവം എന്റെ ജീവിതം അനുഗ്രഹിച്ചു.'
'എന്റെ ഉയിരും ഉലകവും എല്ലാമായ വിക്കി നിന്നെ ഞാൻ സ്നേഹിക്കുന്നു... ഒപ്പം എന്റെ ഉയിരിനെയും ഉലകത്തെയും', എന്നാണ് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കിട്ട് നയൻതാര കുറിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ കൂടി പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് നയൻതാരയ്ക്ക് ആശംസകൾ നേർന്നത്.
ഇതുപോലൊരു സന്തോഷം നിറഞ്ഞ കുടുംബ ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ആരാധകരിൽ ചിലർ കമന്റ് ചെയ്തത്. അമ്മയുടെ പിറന്നാൾ ദിനത്തിൽ കൈകൾ കൊട്ടി മനോഹരമായി ചിരിക്കുന്ന ഉയിരും ഉലകവും തന്നെയാണ് ഏറ്റവും സുന്ദരമായ കാഴ്ച എന്നാണ് മറ്റ് ചില ആരാധകർ കുറിച്ചത്.
ഉയിരും ഉലകവും നയൻതാരയും വിഘ്നേഷ് ശിവനുമെല്ലാം ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. ഒന്നാം പിറന്നാൾ ആഘോഷിച്ച ശേഷമാണ് മക്കളുടെ ചിത്രങ്ങളും വീഡിയോയും നയൻതാര സോഷ്യൽമീഡിയ വഴി പുറത്തുവിട്ട് തുടങ്ങിയത്. ഒരു വർഷം മുമ്പ് വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്.

മക്കളുടെ വരവിന് ശേഷം വളരെ സെലക്ടീവായി മാത്രമെ നയൻതാര സിനിമകൾ ചെയ്യാറുള്ളു. മക്കൾക്കും ഭർത്താവിനും ഒപ്പം സമയം ചിലവഴിക്കുന്നതിലാണ് നയൻതാരയുടെ സന്തോഷം. സൂപ്പർ ഹിറ്റായ ജവാന്റെ ഷൂട്ടിങ്ങിനിടെ ഇരട്ടകുട്ടികളെയും കൊണ്ട് ചിത്രീകരണത്തിനുവന്ന നയൻതാരയെ കുറിച്ച് അടുത്തിടെ നൃത്ത സംവിധായിക കലാ മാസ്റ്റർ പറഞ്ഞത് വൈറലായിരുന്നു.
വീട്ടിൽ മറ്റാരും നോക്കാനില്ലാത്തതിനാലാണ് നയൻതാര കുട്ടികളെയും ഷൂട്ടിങ് ലൊക്കേഷനിൽ കൊണ്ട് വന്നതെന്നും മാസ്റ്റര്‍ വെളിപ്പെടുത്തിയിരുന്നു. ഏറെ നാളത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം 2022 ജൂണില്‍ ചെന്നൈയിൽ വെച്ചാണ് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്.
ഷാരുഖ് ഖാൻ, ദിലീപ്, എ ആർ റഹ്മൻ, സൂര്യ, രജിനികാന്ത് തുടങ്ങി വിരലിലെണ്ണാവുന്ന പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം ഇരുവരും വാടക ഗർഭധാരണത്തിലൂടെ അച്ഛനും അമ്മയുമായി. ഇന്ന് ഇന്ത്യയൻ സിനിമയിൽ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. ആഡംബര കാറുകളും വീടും സ്വകാര്യ ജെറ്റ് വിമാനവും ബിസിനസുമൊക്കെയാണ് നയൻതാരയുടെ ആസ്തി.
കോടിക്കണക്കിന് രൂപയുടെ ആസ്തി വിദേശത്തും സ്വദേശത്തുമായി നയൻതാരയ്ക്കുണ്ട്. 100 കോടി രൂപ വിലമതിക്കുന്ന ഒരു ഫ്ലാറ്റ് നയൻതാരയ്ക്ക് ചെന്നൈയിൽ സ്വന്തമായുണ്ട്. ചെന്നൈയിലെ ഏറ്റവും പ്രീമിയം അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലാണ് ഈ ഫ്ലാറ്റ്. ഇവിടെയാണ് നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം കഴിയുന്നത്.


Click it and Unblock the Notifications