'നിർമാതാവിന് ആദ്യം മുതൽ താൽപര്യമുണ്ടായിരുന്നില്ല'; വിഘ്നേഷിന്റെ പുതിയ സിനിമയിൽ നിന്നും നയൻതാര പിന്മാറി?
ഏറ്റവും കൂടുതൽ ലൈറ്റം ലൈറ്റിൽ നിൽക്കുന്ന സൗത്ത് ഇന്ത്യയിലെ ഒരു താരജോഡിയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. രണ്ടുപേരും സിനിമയെ ജീവവായുപോലെ കാണുന്നവരാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ പരസ്പരം വിവാഹിതരായാൽ സിനിമയും ദാമ്പത്യവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അത്തരം ദാമ്പത്യങ്ങളിൽ വിള്ളളുകൾ ഉണ്ടായി വേർപിരിയുന്ന സ്ഥിതി ഉണ്ടാകാറുണ്ട്.
എന്നാൽ ആറ് വർഷത്തെ പ്രണയത്തിനിടയിൽ വിഘ്നേഷ് എങ്ങനെയുള്ളയാളാണെന്നും തനിക്ക് സിനിമാ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വിഘ്നേഷ് പിന്തുണയ്ക്കുമോ എന്നതിൽ എല്ലാം നയൻതാരയ്ക്ക് വ്യക്തത ലഭിച്ചിരുന്നു. ഒരു തരത്തിലും വിഘ്നേഷ് തന്റെ ജോലിക്ക് തടസം നിൽക്കില്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ഇരുവരും ഒരുമിച്ചതും.

സംവിധായകൻ എന്ന ടൈറ്റിലിൽ മാത്രം വിഘ്നേഷിനെ ചുരുക്കാനാവില്ല. സകലകലാവല്ലഭനായ താരം തിരക്കഥാകൃത്ത്, ഗാനരചന തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. വിഘ്നേഷ് ശിവൻ തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഇന്ന്.
സിമ്പുവിന്റെ പോടാ പോടി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് നാനും റൗഡി താൻ, താനാ സേർന്ത കൂട്ടം, കാത്ത് വാക്ക്ലെ രണ്ട് കാതൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിന് ശേഷം അജിത്തിന്റെ എകെ 62 എന്ന ചിത്രം സംവിധാനം ചെയ്യാൻ വിക്കി കമ്മിറ്റ് ചെയ്തിരുന്നു. പക്ഷെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ വിക്കിയെ ചിത്രത്തിൽ നിന്ന് മാറ്റി. നിർമാതാക്കളും വിക്കിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കാരണം.
അജിത്ത് സിനിമയിൽ നിന്നും പുറത്ത് വന്നതിനുശേഷം വിക്കി ഏറെ നാളായി നിർമ്മാണവും നയൻതാരയുടെ ബിസിനസും ഗാനരചനയുമെല്ലാമായി തിരക്കിലായിരുന്നു. പുതിയ സംവിധാന സംരംഭങ്ങളൊന്നും പ്രഖ്യാപിച്ചതുമില്ല. ശേഷം അടുത്തിടെ സംവിധാനം ചെയ്യാതെ മാറ്റിവെച്ചിരുന്ന ഒരു കഥ വിക്കി പൊടിതട്ടിയെടുത്തു. എൽഐസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയനെയായിരുന്നു ആദ്യം വിക്കി തീരുമാനിച്ചിരുന്നത്.
ഇപ്പോൾ അതുമാറി ലവ് ടുഡേ ഹീറോയും സംവിധായകനുമായ പ്രദീപ് രംഗനാഥനെ നായകനാക്കിയാണ് വിഘ്നേഷ് ശിവൻ എൽഐസി സംവിധാനം ചെയ്യുന്നത്. കൃതി ഷെട്ടിയാണ് നായിക. കഴിഞ്ഞ ഡിസംബറിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പൂജ ചിത്രങ്ങളും വിഘ്നേഷ് പങ്കുവെച്ചിരുന്നു. എസ്‌ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. രവി വര്‍മന്‍ ഛായാഗ്രഹണം നിര്‍വഹിക്കും. മാത്രമല്ല നയൻതാരയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പ്രദീപിന്റെ മൂത്ത സഹോദരിയുടെ വേഷത്തിലാണ് നയൻസ് അഭിനയിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോൾ നയൻതാര ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ട്. ജവാന് ശേഷം നയൻതാര തന്റെ പ്രതിഫലം 12 കോടിയായി ഉയർത്തിയിരുന്നു. അതേ തുക തന്നെയാണ് എൽഐസിയിൽ അഭിനയിക്കുന്നതിനും താരം ആവശ്യപ്പെട്ടതത്രെ. എന്നാൽ ഇത്രയും തുക നൽകിയാൽ സിനിമയുടെ ബജറ്റ് കൂടുമെന്നതിനാൽ നയൻതാരയ്ക്ക് പകരം മറ്റൊരു നടിയെ കാസ്റ്റ് ചെയ്യാൻ ചിത്രത്തിന്റെ നിർമ്മാതാവ് ലളിത് വിക്കിയെ ഉപദേശിച്ചിരുന്നുവത്രെ.
ഇതോടെ നയൻതാര പ്രതിഫലം കുറച്ച് സിനിമയിൽ അഭിനയിക്കുമോ അതോ പിന്മാറുമോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരാനും തുടങ്ങി. അതിനിടയിലാണ് നയൻതാര സിനിമയിൽ നിന്നും പിന്മാറിയെന്ന് റിപ്പോർട്ട് പ്രചരിക്കുന്നത്. അതുപോലെ തന്നെ സിനിമയുടെ പേര് മാറ്റണം എന്ന് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അടുത്തിടെ വന്ന നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. വിഘ്‌നേഷ് ശിവനോ ടീമോ ഇതില്‍ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











