നൂറ് കൂട്ടം കാര്യങ്ങൾ അവരുടെ ജീവിതത്തിലുണ്ടാകും; നയൻതാര സെറ്റിലെത്തിയാൽ; ധ്യാനിന്റെ വാക്കുകൾ
ധനുഷിനെതിരെ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെ നടി നയൻതാര വാർത്തകളിൽ നിറയുകയാണ്. വിവാദത്തിന് കാരണമായ ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ കഴിഞ്ഞ ദിവസം പുറത്തിറക്കുകയും ചെയ്തു. വിവാദങ്ങൾക്കിടെ നയൻതാരയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം വരുന്നുണ്ട്. കരിയറിൽ കടുത്ത നിബന്ധനകളുള്ള നടിയാണ് നയൻതാരയെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. എന്നാൽ കുറ്റപ്പെടുത്തുന്നവർക്ക് ചിന്തിക്കാൻ പറ്റുന്നതിനപ്പുറമാണ് നയൻതാരയുടെ താരമൂല്യവും തിരക്കുകളും.
നയൻതാരയെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇതിന് ഉദാഹരണമാണ്. ധ്യാൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ നയൻതാര അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ അനുഭവങ്ങളാണ് ധ്യാൻ പങ്കുവെച്ചത്. സ്റ്റാറാണ് അവർ. കഥയും സിനിമയുമെല്ലാം പ്രധാനമാണ്. അതോടൊപ്പം അവരുടെ സ്റ്റാർഡവുമുണ്ട്. അവരെ എങ്ങനെ നമ്മൾ കൊണ്ട് നടക്കുന്നു, പാംപർ ചെയ്യുന്നു എന്നതെല്ലാം വളരെ പ്രധാനമാണ്. കാരണം നൂറ് കൂട്ടം കാര്യങ്ങൾ അവരുടെ ജീവിതത്തിലുണ്ടാകും.

പാരലലായി വേറെ സിനിമകളുണ്ടാവും. പല തിരക്കുകൾക്കിടയിലാകും അവർ വരുന്നത്. എന്റെ സിനിമ ചെയ്ത് കൊണ്ടിരുന്ന സമയത്ത് മറുവശത്ത് വിശ്വാസം, ദർബാർ, സൈമ നരസിംഹ റെഡ്ഡി തുടങ്ങി നാല് സിനിമകൾ പാരലലായി ഷൂട്ട് നടക്കുന്നുണ്ട്. അതിനിടയിലാണ് എന്റെ പടത്തിന് വരുന്നത്. അതിൽ നിന്നൊക്കെ ഇവർക്ക് വിളികൾ വന്ന് കൊണ്ടിരിക്കുകയാണ്. വളരെ ഫെഡ് അപ്പ് ആയാണ് നയൻതാര വരിക.
ധ്യാൻ, അവർ വിളിച്ച് കൊണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടതെന്നൊക്കെ പറഞ്ഞ് ടെൻഷനിലാണ്. ഈ സമയത്ത് ഞാൻ ഈ മുടി എവിടെ നിന്നാണ് കളർ ചെയ്തത്, നല്ല ഭംഗിയുണ്ട് എന്ന് പറയും. ആണോ, കാലിഫോർണിയയിൽ വെച്ച് ചെയ്തതാണെന്ന് പറയും. കുട്ടികളുടെ മനസാണ്. വളരെ ടെൻഷനടിച്ച് നിൽക്കുന്ന സമയത്ത് ഇങ്ങനെ സംസാരിച്ച് നയൻതാരയെ താൻ സോപ്പിട്ടിട്ടുണ്ടെന്നും ധ്യാൻ തുറന്ന് പറഞ്ഞു. സോപ്പിടലിൽ താൻ ഉസ്താദ് ആയിരുന്നെന്നും ധ്യാൻ ഓർത്തു.2019 ലാണ് ലൗ ആക്ഷൻ ഡ്രാമ റിലീസ് ചെയ്തത്. നിവിൻ പോളിയായിരുന്നു നായകൻ.

ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചു. നിവിനും നയൻതാരയും വീണ്ടും ഒരുമിച്ചെത്തുന്ന ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ നയൻതാര തുടരെ സിനിമകൾ ചെയ്യാറില്ല. ഗോൾഡ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥിരാജ് നായകനായെത്തി. സമ്മിശ്ര പ്രതികരണമാണ് ഗോൾഡിന് ലഭിച്ചത്. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
കഴിഞ്ഞ ദിവസമായിരുന്ന താരത്തിന്റെ 40ാം പിറന്നാൾ. നിരവധി പേർ നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു. പിറന്നാൾ ദിനത്തിലാണ് ഡോക്യുമെന്ററി പുറത്ത് വന്നത്. തന്റെ ജീവിതത്തെക്കുറിച്ച് താരം തുറന്ന് സംസാരിക്കുന്നുണ്ട്. ഇതാദ്യമായാണ് നയൻതാര സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇത്രയും തുറന്ന് സംസാരിച്ചത്. ഇതിനോടകം ഡോക്യുമെന്ററി ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.


Click it and Unblock the Notifications