10 കോടി അവർക്ക് വിഷയമേ അല്ല, രണ്ട് ഷൂട്ട് കഴിഞ്ഞാൽ കിട്ടും; ആയമാരുണ്ടെങ്കിലും എല്ലാം നയൻതാര ചെയ്യും: ഡെയ്സി
ധനുഷിനെതിരെ ഉന്നയിച്ച വിമർശനം, ഡോക്യുമെന്ററി റിലീസ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് തമിഴകത്ത് സജീവ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാര. താരത്തിനെതിരെ കടുത്ത സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ധനുഷിനെതിരെ രംഗത്ത് വന്നതിന് പിന്നാലെ കാരണം വിശദമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം നയൻതാര അഭിമുഖം നൽകുകയും ചെയ്തു. ഇപ്പോഴിതാ നയൻതാരയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ ബിസിനസ് പങ്കാളിയായ ഡെയ്സി മോർഗൻ.
ധനുഷുമായി താര ദമ്പതികൾക്കുള്ള പ്രശ്നത്തെക്കുറിച്ച് ഡെയ്സി സംസാരിച്ചു. സഹികെട്ടപ്പോഴാണ് നയൻതാര ധനുഷിനെതിരെ പരസ്യമായി രംഗത്ത് വന്നതെന്ന് ഡെയ്സി പറയുന്നു. അവൾ ഗ്ലിറ്റ്സ് എന്ന തമിഴ് മീഡിയയോടാണ് പ്രതികരണം. രണ്ട് വർഷം ധനുഷിനോട് ചോദിച്ചു. ലഭിക്കാതായപ്പോൾ ഫോണിലെടുത്ത ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചു. അതിനെതിരെയാണ് ധനുഷ് കേസ് കൊടുത്തത്.

എന്തിനാണ് ധനുഷിന് വൈര്യമെന്ന് ഇന്നും അറിയില്ല. വക്കീൽ നോട്ടീസ് അയച്ചത് ന്യായമല്ല. പ്രതിഫലമൊന്നും വാങ്ങാതെ ധനുഷിന് വേണ്ടി ഒരു ഗാന രംഗം നയൻതാര ചെയ്തിട്ടുണ്ട്. ഇഷ്ടമില്ലാത്തവരെ ശ്രദ്ധിക്കേണ്ട, അവരെ ജീവിക്കാനനുവദിക്കെന്ന് ധനുഷ് വേദികളിൽ പറയും. അത് തന്നെയാണ് ഞങ്ങളും പറയുന്നത്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട പത്ത് കോടി നയൻതാരയ്ക്ക് ഒരു വിഷയമേ അല്ല.
രണ്ട് ഷൂട്ട് കഴിഞ്ഞാൽ ലഭിക്കുന്ന ശമ്പളമാണത്. തന്നെ ബുള്ളി ചെയ്യാൻ നോക്കിയപ്പോൾ നയൻതാര പ്രതികരിച്ചു. അത് മാതൃകാപരമാണെന്നും ഡെയ്സി പറയുന്നു. നിങ്ങളുടെ പിറന്നാൾ ദിനത്തിന്റെ തലേന്ന് ലീഗൽ നോട്ടീസ് അയച്ചാൽ എന്താണ് തോന്നുക. മനപ്പൂർവമാണ് അങ്ങനെ ചെയ്യുക. താഴെ വീഴാനും വേദനിപ്പിക്കാനും വേണ്ടി ചെയ്തതാണ്. അത് സംഭവിക്കാൻ പോകുന്നില്ലെന്നും ഡെയ്സി മോർഗൻ തുറന്നടിച്ചു.

നയൻതാരയുടെ കുടുംബ ജീവിതത്തെക്കുറിച്ചും ഡെയ്സി മോർഗൻ സംസാരിച്ചു. മക്കൾ അച്ഛനോടും അമ്മയോടും വളരെ അറ്റാച്ച്മെന്റുള്ളവരാണ്. ഷൂട്ടിംഗില്ലാത്തപ്പോൾ ഓരോ നിമിഷവും കുട്ടികൾക്കൊപ്പമാണ് നയൻതാര ചെലവഴിക്കുന്നത്. അവരോടൊപ്പം കളിക്കും. കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അവരെ പിടിച്ചിരുത്തി പറഞ്ഞ് മനസിലാക്കും. മക്കൾ കരഞ്ഞാൽ നയൻതാരയുടെ ഹൃദയം വേദനിക്കും. അത് പോലെ തന്നെയാണ് വിക്കിയോടും. എനിക്ക് 20 വയസുള്ള മകളുണ്ട്. പക്ഷെ നയൻതാര മക്കളെ നോക്കുന്നത് കണ്ട് ഞാൻ മകളെ നോക്കുന്നതിൽ തെറ്റ് പറ്റിയോ എന്ന് തോന്നും.
മൾട്ടി ടാസ്ക് ചെയ്യുന്ന ആളാണവർ. സെലിബ്രിറ്റി ആയതിനാൽ നയൻതാരയെ എല്ലാവരും പാംപർ ചെയ്യുകയായിരിക്കും എന്ന് ഞാൻ കരുതി. പക്ഷെ അങ്ങനെയല്ല. അവർ തന്നെ എല്ലാം ചെയ്യും. ചിലപ്പോൾ ഭക്ഷണം വിളമ്പുന്നത് പോലും നയൻതാരയാണ്. മക്കൾക്ക് ഭക്ഷണം വാരിക്കൊടുക്കും. ആയമാരുണ്ടെങ്കിലും കുട്ടികളുടെ കാര്യങ്ങളെല്ലാം നയൻതാര തന്നെ നോക്കും. ഷൂട്ടിംഗിന് പോകുമ്പോൾ മക്കളെയും കൊണ്ട് പോകുമെന്നും ഡെയ്സി മോർഗൻ പറഞ്ഞു. കരിയറിലെ തിരക്കുകളിലാണ് നയൻതാര. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications