വിവാഹമാണ് പ്രശ്നമായത്, ജാതകത്തിൽ പറഞ്ഞത് സംഭവിച്ചു; നയൻതാരയുടെ ഇപ്പോഴത്തെ സാഹചര്യം; സംവിധായകൻ
നയൻതാരയ്ക്ക് കരിയറിൽ അടി പതറുന്നുണ്ടോ എന്ന സംസാരം കഴിഞ്ഞ കുറേ നാളുകളായി പ്രേക്ഷകർക്കിടയിലുണ്ട്. ഒന്നിന് പിറകെ ഒന്നായി നയൻതാരയുടെ പ്രൊജക്ടുകൾ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ നടിക്ക് ഹിറ്റുകളില്ല. ജവാൻ മാത്രമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നയൻതാരയ്ക്ക് ലഭിച്ച ഏക ഹിറ്റ് സിനിമ. നയൻതാരയുടെ സ്ഥാനത്തേക്ക് ഇന്ന് തൃഷ എത്തിയിരിക്കുന്നു എന്നാണ് അഭിപ്രായങ്ങൾ. അടുത്തിടെ റിലീസ് ചെയ്ത തമിഴിലെ സൂപ്പർതാര ചിത്രങ്ങളിൽ ഭൂരിഭാഗത്തിലും തൃഷയെയാണ് നായികയായി കണ്ടത്.
മറുവശത്ത് നയൻതാരയുടേതായി പുറത്തിറങ്ങിയ ടെസ്റ്റ് ഉൾപ്പെടെയുള്ള സിനിമകൾ പരാജയപ്പെട്ടു. നയൻതാരയ്ക്ക് സംഭവിച്ച വീഴ്ചയ്ക്ക് കാരണമായി സംവിധായകൻ നന്ദവനം നന്ദകുമാർ പറയുന്ന വാദമാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാരയുടെ ജാതകത്തിൽ പറഞ്ഞ കാര്യങ്ങളാണിപ്പോൾ നടക്കുന്നതെന്ന് നന്ദവനം നന്ദകുമാർ പറയുന്നു. കിംഗ്സ്വുഡ് ടിവിയിൽ സംസാരിക്കുകയായിരുന്നു നന്ദവനം നന്ദകുമാർ.

ജ്യോതിഷത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. നയൻതാരയുടെ ജാതകം എനിക്ക് നന്നായി അറിയാം. അത് പ്രകാരമാണ് ഇന്ന് വരെയും സംഭവിക്കുന്നത്. വിവാഹം ചെയ്താൽ പ്രശ്സതി കുറയുമെന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട്. ജവാൻ ഹിറ്റാണ്. അപ്പോൾ ഹിന്ദിയിൽ തുടരെ പടങ്ങൾ കമ്മിറ്റ് ചെയ്യേണ്ടതാണ്. എന്തുകൊണ്ട് അത് സംഭവിച്ചില്ല. വിവാഹം ചെയ്ത ശേഷം നടിമാർക്ക് അവസരങ്ങൾ കുറയും. വിവാഹം ചെയ്തില്ലായിരുന്നെങ്കിൽ ബോളിവുഡിൽ ഇന്ന് കോളിവുഡിലെ റേഞ്ചിൽ നയൻതാര വളർന്നേനെ. എന്നാൽ വിവാഹം അതെല്ലാം ഇല്ലാതാക്കിയെന്നും നന്ദു പറയുന്നു.
നയൻതാര, സിമ്പു എന്നിവർ അഭിനയിച്ച വല്ലവൻ എന്ന സിനിമയിൽ അസോസിയേറ്റ് ഡയരക്ടറായി പ്രവർത്തിച്ചയാളാണ് നന്ദവനം നന്ദകുമാർ. കെട്ടവൻ എന്ന സിനിമ സംവിധാനം ചെയ്തെങ്കിലും ഈ സിനിമ പാതി വഴിയിൽ മുടങ്ങി. തമിഴ് യൂട്യൂബ് ചാനലുകളിൽ ഈയടുത്താണ് നന്ദവനം നന്ദകുമാർ തുടരെ സാന്നിധ്യമറിയിക്കാൻ തുടങ്ങിയത്. 2022 ലായിരുന്നു നയൻതാര-വിഘ്നേശ് ശിവൻ വിവാഹം. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹ ശേഷവും നയൻതാര തുടരെ സിനിമകൾ ചെയ്തു.

അതേസമയം തുടരെ സിനിമകൾ പരാജയപ്പെട്ടെങ്കിലും നയൻതാര ഇപ്പോഴും തിരക്കുകളിലാണ്. തമിഴിൽ മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് നടക്കുന്നു. 100 കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. സുന്ദർ സിയാണ് സംവിധാനം. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെ നായകൻ.
ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാരയും നിവിൻ പോളിയും ഒരുമിച്ചെത്തുന്ന സിനിമയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലും നയൻതാര നായികയായെത്തുന്നു. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു. കന്നഡയിൽ യാഷ് നായകനായെത്തുന്ന ഗ്യാങ്സ്റ്റർ എന്ന സിനിമയിലും നയൻതാര ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയുടെ ഷൂട്ടിംഗും പുരോഗമിക്കുകയാണ്. പേര് പ്രഖ്യാപിച്ചിട്ടില്ല. 10 കോടിക്ക് മുകളിൽ നയൻതാര ചിത്രത്തിന് പ്രതിഫലം വാങ്ങുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്ലിക്സിലൂടെയാണ് ടെസ്റ്റ് പ്രേക്ഷകരിലേക്ക് എത്തിയത്. നയൻതാരയ്ക്കൊപ്പം മാധവൻ, മീര ജാസ്മിൻ, സിദ്ധാർത്ഥ് എന്നീ താരങ്ങൾ അണിനിരന്ന ടെസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നയൻതാരയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ പരാജയപ്പെട്ടു. കരിയറിൽ ഒരു തിരിച്ച് വരവ് നയൻതാരയ്ക്ക് ഇന്ന് അനിവാര്യമാണ്.


Click it and Unblock the Notifications