എന്റെ മകളെ തിരിച്ച് തരണം, വേറൊന്നും വേണ്ട; ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു; കെെവിട്ട് പോയെന്ന് കരുതി; ഓമന കുര്യൻ
പിറന്നാൾ ദിനത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഡോക്യുമെന്ററി പുറത്ത് വന്നിരിക്കുകയാണ്. വിവാദങ്ങൾക്കിടെയാണ് നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ പുറത്തിറങ്ങിയത്. തന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററിയിൽ നയൻതാര തുറന്ന് സംസാരിക്കുന്നുണ്ട്. കരിയറിലുണ്ടായ വീഴ്ചയും ഉയർച്ചയും, സ്വകാര്യ ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങൾ തുടങ്ങിയവ നടി പരാമർശിക്കുന്നു. പ്രഭുദേവയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും ഡോക്യുമെന്ററിയിലെ പ്രധാന ഭാഗങ്ങളിലൊന്ന് പ്രഭുദേവയുമായി ബന്ധപ്പെട്ടതാണ്.
നയൻതാരയുടെ ജീവിതം മാറി മറിയുന്നത് പ്രഭുദേവയുമായുള്ള ബന്ധം തകർന്നപ്പോഴാണ്. പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ വേണ്ടി മതം പോലും മാറിയിരുന്നു നയൻതാര. കരിയർ വിടാനും തീരുമാനിച്ചു. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് പ്രഭുദേവ നയൻതാരയുമായി അടുക്കുന്നത്. അന്ന് ഇരുവർക്കുമെതിരെ വ്യാപക വിമർശനം വന്നു. വലിയ വിവാദം വന്നപ്പോഴും ബന്ധത്തിൽ നയൻതാര ഉറച്ച് നിന്നു. പക്ഷെ ഒരു ഘട്ടത്തിൽ ഇരുവരും പിരിഞ്ഞു.

നയൻതാര പ്രഭുദേവയുമായി അടുത്ത കാലഘട്ടത്തെക്കുറിച്ച് ഡോക്യുമെന്ററിയിൽ നടിയുടെ അമ്മ ഓമന കുര്യൻ സംസാരിക്കുന്നുണ്ട്. മകൾ കൈയിൽ നിന്ന് പോയെന്ന് ഒരു ഘട്ടത്തിൽ തോന്നിയിരുന്നെന്ന് അമ്മ തുറന്ന് പറഞ്ഞു. ആദ്യമായാണ് നയൻതാരയും അമ്മയും ഇതേക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത്.
ഞങ്ങളുടെ ചെട്ടികുളങ്ങര അമ്മയുണ്ട്. രാവിലെ എഴുന്നേറ്റാലുടനെ അമ്മയുടെ അടുത്ത് പോയാണ് ഞാൻ പ്രാർത്ഥിക്കുന്നത്. യേശുവിനെയും പ്രാർത്ഥിക്കും. അതും ഇതുമുണ്ട്. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത്. ഇവൾ കൈയിൽ നിന്ന് പോയി എന്ന് വിചാരിച്ച സമയങ്ങളുണ്ട്. അറിയാമല്ലോ. ആ സമയത്ത് ഒത്തിരി വിഷമം ഉണ്ടായിരുന്നു. ഞാൻ അവിടെയിരുന്നങ്ങ് പ്രാർത്ഥിച്ചു. എനിക്കെന്റെ മോളെ തിരിച്ച് തരണം, വേറൊന്നും തരണ്ട എന്ന് പ്രാർത്ഥിച്ചെന്നും അമ്മ പറയുന്നു. എന്റെ മോളെ എനിക്കറിയാം. ദൈവം കഴിഞ്ഞാൽ എനിക്കാണ് അറിയുന്നത്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം.

ആ രണ്ട് വർഷം മാറി നിന്നപ്പോഴും മകൾ എന്നോട് പറഞ്ഞിട്ടുണ്ട്. നമുക്ക് ജീവിക്കാൻ ധൈര്യം ദൈവം തന്നിട്ടുണ്ടെന്നും നയൻതാരയുടെ അമ്മ വ്യക്തമാക്കി. ഇതേക്കുറിച്ച് നയൻതാരയും സംസാരിച്ചു. അമ്മയെ ഒരുപാട് പേർ വിളിച്ച് മകളെ വിവാഹം ചെയ്യിക്കെന്ന് പറഞ്ഞു. കാരണം എല്ലാം അവസാനിച്ചു, അവൾ പ്രശ്നത്തിലാകാതെ നോക്കിക്കോ എന്ന് പറഞ്ഞെന്നും നയൻതാര ഡോക്യുമെന്ററിയിൽ ഓർത്തു.
തനിക്ക് പറ്റിയ തെറ്റാണ് പ്രഭുദേവയുമായുള്ള ബന്ധമെന്ന് പേരെടുത്ത് പറയാതെ നയൻതാര ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നുണ്ട്. ജീവിതത്തിൽ പിഴവുകൾ പറ്റും. അതിൽ കുഴപ്പമില്ലെന്നും നയൻതാര പറയുന്നു. താൻ കരിയർ വിടാൻ അന്ന് തീരുമാനിച്ചതിന് കാരണം പ്രഭുദേവയാണെന്നും പരോക്ഷമായി നയൻതാര പറഞ്ഞു. നാനും റൗഡി താനിലെ ചില അണിയറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിലുണ്ട്. ഇതിന് കോപ്പിറൈറ്റ് ഉന്നയിച്ച് ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടി കഴിഞ്ഞ ദിവസം തുറന്ന് കത്ത് പുറത്ത് വിടുകയുമുണ്ടായി.


Click it and Unblock the Notifications