ഒന്നും അച്ഛനറിയുന്നില്ല, വീട്ടിനുള്ളിലെ ഐസിയുവിൽ, എന്റെയും ചേട്ടന്റെയും ഹീറോ; ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പം നയൻതാര
തെന്നിന്ത്യൻ സിനിമാ ലോകത്ത് മറ്റാർക്കും നേടാനാകാത്ത താരറാണി സ്ഥാനം നേടിയ നയൻതാര ഇന്ന് കരിയറൊപ്പം കുടുംബ ജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഉയിർ, ഉലകം എന്നീ രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയാണ് നയൻതാര. ഷൂട്ടിംഗ് തിരക്കുകൾ മക്കൾക്കൊപ്പമുള്ള സമയത്തെ ബാധിക്കാതിരിക്കാൻ നയൻതാര ശ്രദ്ധിക്കുന്നുണ്ട്. വിഘ്നേശ് ശിവൻ ജീവിതത്തിലേക്ക് വന്ന ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് നയൻതാര സംസാരിച്ചിട്ടുണ്ട്. തന്റെ ഇന്നത്തെ ജീവിതം കണ്ട് സന്തോഷിക്കാൻ പിതാവ് കുര്യന് കഴിയുന്നില്ലെന്ന വിഷമം നയൻതാരയ്ക്കുണ്ട്.
ഫാദേഴ്സ് ഡേയ്ക്ക് പിതാവിനൊപ്പമുള്ള ഫോട്ടോ നയൻതാര പങ്കുവെച്ചിട്ടുണ്ട്. നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ എന്നെ ഡോക്യുമെന്ററിയിൽ പിതാവിനെക്കുറിച്ച് നയൻതാരയും നടിയുടെ അമ്മ ഓമന കുര്യനും സംസാരിച്ചിട്ടുണ്ട്. ന്യൂറോളജിക്കൽ പ്രശ്നമാണ് ഇദ്ദേഹത്തിന്.

രജിനി സാറുടെ പടത്തിന് കൂടെ അച്ഛനുണ്ടായിരുന്നു കൂടെ. തമിഴ് പടം മൂന്നെണ്ണം ആയപ്പോഴേക്കും അച്ഛയ്ക്ക് വയ്യാതായി. ഭക്ഷണം ശരിക്ക് കഴിക്കാൻ പറ്റാതെ വന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഇങ്ങനെയാെരു വിഷയം ഉണ്ടെന്ന് പറഞ്ഞു. ഇത്രയും വലിയ വിഷയമായിത്തീരുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.
ലോകത്തിൽ ഇത് പോലൊരു മോളെ ആർക്കും കിട്ടത്തില്ല. എത്ര തിരക്കിലാണെങ്കിലും കുറഞ്ഞത് മൂന്നോ നാലോ പ്രാവശ്യം അവൾ വിളിക്കും. എല്ലാം ഓക്കെയല്ലേ, അമ്മ ഫുഡ് കഴിച്ചോ അച്ഛ എവിടെ എന്ന് ചോദിക്കും. അച്ഛയെ നോക്കുന്നത് എനിക്ക് പറയാൻ പറ്റില്ല. അത് പോലെയാണ് എന്റെ മോൾ നോക്കുന്നത്. ഇത് പോലെയൊരു മോളെ കിട്ടിയതിൽ ഞങ്ങൾ ഏറ്റവും വലിയ ഭാഗ്യം ചെയ്തവരാണെന്നും അന്ന് ഓമന കുര്യൻ പറഞ്ഞു.

അച്ഛൻ കിടപ്പിലായതിനെക്കുറിച്ച് അന്ന് നയൻതാരയും ഡോക്യുമെന്ററിയിൽ സംസാരിച്ചു. 13-14 വർഷമായി അച്ഛന് സുഖമില്ല. ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്ന് രണ്ട് മൂന്ന് വർഷം അദ്ദേഹം ഓക്കെയായിരുന്നു. എന്നാൽ പിന്നീട് പതിയെ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമാകാൻ തുടങ്ങി. ഓർമയില്ലാതായി. ന്യൂറോളജിക്കൽ പ്രശ്നങ്ങളാണ്. നൂറ് പ്രശ്നങ്ങൾ വേറെയുമുണ്ട്. ഒരു ആരോഗ്യ പ്രശ്നം പറഞ്ഞാൽ അത് അദ്ദേഹത്തിനുണ്ടാകും. എന്റെ സഹോദരൻ ദുബായിൽ സെറ്റിൽഡ് ആണ്. എമർജൻസിക്ക് വരാൻ പറ്റില്ല.
ഇത്രയും വർഷം എന്റെ അമ്മയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. ഫോൺ ചെയ്താൽ ഹോസ്പിറ്റലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് പറയും. ഒരുപാട് വർഷങ്ങളായി അമ്മയുടെ ജീവിതം ഇതാണ്. ഒരു കുഞ്ഞിനെ പോലെയാണ് നോക്കുന്നത്. പ്രോപ്പറായ ഐസിയു ഞങ്ങളുടെ വീട്ടിലുണ്ട്. അമ്മ ഒരു കുഞ്ഞിനെ പോലെ അദ്ദേഹത്തെ നോക്കുന്നു. എനിക്കും ചേട്ടനും എപ്പോഴും അച്ഛനാണ് ഹീറോ. ഞങ്ങൾ ജീവിതത്തിൽ മെച്ചപ്പെടുമ്പോൾ അദ്ദേഹം അതറിയുന്നില്ലെന്നും നയൻതാര അന്ന് പറഞ്ഞു.
ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മീരക ജാസ്മിൻ, മാധവൻ, സിദ്ധാർത്ഥ് എന്നിവരാണ് ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം പ്രധാന വേഷം ചെയ്തത്. ഒന്നിലേറെ സിനിമകളുടെ തിരക്കിലാണ് നയൻതാരയിന്ന്. തമിഴിൽ മൂക്കുത്തി അമ്മൻ രണ്ടാം ഭാഗം ഉൾപ്പെടെയുള്ള സിനിമകൾ ഒരുങ്ങുന്നു.
മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് ആണ് റിലീസ് ചെയ്യാനുള്ളത്. നിവിൻ പോളിയാണ് നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക. മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷം ചെയ്യുന്ന സിനിമയാണിത്. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയുടെ ഷൂട്ടിംഗും നടക്കുന്നു. നയൻതാരയുടെ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications