ഫഹദിനും നസ്രിയയ്ക്കും 'ഓറിയോ' ഓണം: താരത്തിന്റെ മടങ്ങിവരവ് ആഘോഷിച്ച് ആരാധകർ
നസ്രിയ നാസിം ഫഹദ് മലയാള സിനിമ പ്രേക്ഷകർക്ക് മാത്രമല്ല, സൗത്ത് ഇന്ത്യയിൽ ഒട്ടാകെ ഒരു വലിയ ആരാധക വൃന്ദം തന്നെയുള്ള താരമാണ്. ഒരു നടിയെന്ന നിലയിൽ അത്ര സജീവമല്ലെങ്കിലും, ഭർത്താവ് ഫഹദ് ഫാസിൽ തുടങ്ങിയ പ്രൊഡക്ഷൻ ബാനറിന്റെ അമരക്കാരിയാണ് നസ്രിയ. ആവേശം, പ്രേമലു, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി അനവധി ഹിറ്റ് ചിത്രങ്ങളുടെ സഹനിർമ്മാതാവ് കൂടിയായ നടി, മുൻപ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
എന്നാൽ, കുറച്ചു മാസങ്ങൾക്ക് മുൻപ്, താൻ ആ പതിവ് അവസാനിപ്പിക്കുകയാണെന്ന് നസ്രിയ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ താരത്തെ കണ്ടിട്ടേയില്ല. എന്നാൽ ഇത്തവണത്തെ തിരുവോണ നാളിൽ, നീണ്ട സോഷ്യൽ മീഡിയ ബ്രെക്കിന് ശേഷം നസ്രിയ നാസിം ഫഹദ് ഇൻസ്റ്റാഗ്രാമിൽ മടങ്ങി വരവ് അറിയിച്ചിരിക്കുകയാണ്.

തന്റെയും ഫഹദിന്റെയും ലളിതമായ ഓണാഘോഷത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ബാംഗ്ലൂർ ഡേയ്സ് താരം തന്റെ തിരിച്ചുവരവ് രേഖപ്പെടുത്തിയത്. ഏറെ നാളുകൾക്ക് ശേഷം നസ്രിയയുടെ പേജിൽ ഒരു പോസ്റ്റ് കണ്ടതിന്റെ ആശ്വാസത്തിലാണ് താരത്തിന്റെ ആരാധകർ. "ഓറിയോണം," എന്ന ക്യാപ്ഷനോട് കൂടി, തങ്ങളുടെ അപ്പാർട്മെന്റിൽ പ്രിയപ്പെട്ട പട്ടിക്കുട്ടി ഓറിയോ സദ്യ ഉണ്ണുന്ന ഒരു വിഡിയോയും, ഒപ്പം ഭർത്താവ് ഫഹദ് ഫാസിലിനും ഓറിയോയ്ക്കും ഒപ്പം ഒരു സ്പെഷ്യൽ ചിത്രവും നസ്രിയ നാസിം പങ്കു വച്ചു.
സൗബിൻ ഷാഹിറും, ശ്രിന്ദാ, ഫഹദിന്റെ അനിയനും നടനുമായ ഫർഹാൻ ഫാസിൽ, പൂർണിമ ഇന്ദ്രജിത് തുടങ്ങിയവർ നസ്രിയയെ സോഷ്യൽ മീഡിയയിലേക്ക് വീണ്ടും സ്വാഗതം ചെയ്തു കൊണ്ട് താരത്തിന്റെ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. ഒപ്പം, കഴിഞ്ഞ അഞ്ചു മാസമായി നസ്രിയയുടെ പോസ്റ്റുകൾ ഇത്രയേറെ മിസ് ചെയ്തുവെന്ന് പറഞ്ഞു കൊണ്ട് ആരാധകരും എത്തി.
"എല്ലാ കിംവദന്തികൾക്കും ഫുൾ സ്റ്റോപ്പ്," ആശ്വാസത്തോടെ നസ്രിയയുടെയും ഫഹദിന്റെയും ഒരു ആരാധകൻ നടിയുടെ ഒരു പോസ്റ്റിൽ കുറിച്ചു. "അയ്യോ, ഒടുവിൽ നസ്രിയ എത്തി, ഓണാശംസകൾ," മറ്റൊരാൾ എഴുതി. "ഒരുപക്ഷേ ഞാൻ നിങ്ങളുടെ ആരാധകനായത് കൊണ്ടാവും,സോഷ്യൽ മീഡിയയിൽ വളരെക്കാലത്തിനു ശേഷം നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം നിങ്ങളെ രണ്ടുപേരെയും കുറിച്ചുള്ള ചില കിംവദന്തികളിൽ ഞാൻ സന്തുഷ്ടനല്ലായിരുന്നു..... മനോഹരമായ ചിത്രത്തിന് നന്ദി," ഒരു ഫാൻ പോസ്റ്റ് ചെയ്തു.

അറിയാത്തവർക്കായി - മാനസികവും, ശാരീരികവും, വൈകാരികവുമായ പ്രശ്നങ്ങൾ നേരിടുന്നത് കൊണ്ട് താൻ സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രെക്ക് എടുക്കുകയാണെന്ന് അഞ്ച് മാസങ്ങൾക്ക് മുൻപ് നസ്രിയ നാസിം ഫഹദ് പോസ്റ്റ് ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ താരം വെളിപ്പെടുത്തിയില്ലെങ്കിലും, നസ്രിയയുടെയും ഫഹദിന്റെയും ദാമ്പത്യം തകർച്ചയുടെ വക്കിലാണെന്ന് ഗോസിപ്പുകൾ വന്നു തുടങ്ങി. ഇത്തവണത്തെ വിവാഹവാർഷികത്തിന് നടി പോസ്റ്റ് ചെയ്യാതിരുന്നത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കി. ഇടയ്ക്ക് മോഹൻലാലിനും കുടുംബത്തിനുമൊപ്പം നസ്രിയയും ഫഹദും പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും, അതൊന്നും ആരാധകർക്ക് ആശ്വാസം നൽകിയില്ല.
ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളെ ഫഹദ് ഫാസിൽ, ഓണക്കാലത്ത് തീയറ്ററുകളിൽ എത്തിയത് ഓടും കുതിര ചാടും കുതിര എന്ന സിനിമയുമായിട്ടാണ്. അടുത്തതായി ജിത്തു ജോസഫിന്റെ ത്രില്ലറിലാണ് ഫഹദ് പ്രത്യക്ഷപ്പെടുക. നസ്രിയ നാസിം ആവട്ടെ, സൂക്ഷ്മദര്ശിനി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പുതിയ ചിത്രങ്ങൾ ഒന്നും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications











