ഫഹദും പൃഥ്വിയും തമ്മിലും അവരുടെ ഭാര്യമാർ തമ്മിലും മത്സരം! താരപത്നിമാരിൽ ആര് മിന്നിക്കും?
മലയാള സിനിമയിലെ ശക്തരായ രണ്ട് താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലും. താരപുത്രന്മാരായ ഇരുവരും തങ്ങളുടെ കഴിവ് കൊണ്ടാണ് സിനിമയില്‍ ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്നത്. ഫഹദ് അഭിനയത്തില്‍ ശ്രദ്ധിക്കുമ്പോൾ അഭിനയത്തിന് പുറമേ സംവിധാനത്തിലും നിർമാണത്തിലുമെല്ലാം പൃഥ്വിരാജ് തകർപ്പൻ പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്.
ഫെബ്രുവരി ഏഴിന് മലയാളത്തിലേക്ക് എത്തുന്ന സിനിമകളിൽ പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങൾ ഒന്ന് ഫഹദിന്റെയും മറ്റൊന്ന് പൃഥ്വിരാജിന്റേതുമാണ്. ആരാധകർ വമ്പൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ പിന്നണിയിൽ രണ്ട് താരപത്നിമാരുടെ പിന്തുണയുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അധികം ആരും ശ്രദ്ധിക്കാതെ പോയ ആ വിശേഷം ഇങ്ങനെയാണ്.

കുമ്പളങ്ങി നൈറ്റ്‌സ്
മഹേഷിന്റെ പ്രതികാരം മുതൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടിലെത്തുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരനും വീണ്ടുമൊന്നിക്കുമ്പോൾ ഇത്തവണയും ചരിത്രം ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഏഴിനാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഷെയിന്‍ നീഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിവരാണ് കുമ്പളങ്ങി നൈറ്റ്‌സിലെ താരങ്ങള്‍. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, സുശിന്‍ സംഗീതം പകരുമ്പോള്‍ സൈജു ശ്രീധാരനാണ് എഡിറ്റിംഗ്.

നിർമാണമാണ് പ്രത്യേകത
മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് കുമ്പളങ്ങി നൈറ്റ്‌സിലുള്ളത്. ഇത്തവണ നിർമാണത്തിലൂടെയാണ് മൂവരും വീണ്ടുമൊന്നിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് റിലീസിനൊരുങ്ങുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷങ്ങള്‍. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ടസുമായി ചേര്‍ന്ന് നസ്രിയ നസിമുമാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത്. നേരത്തെ ഫഹദിന്റെ വരത്തൻ നിർമ്മിച്ച് നസ്രിയ കൈയടി വാങ്ങിയിരുന്നു. നസ്രിയയുടെ നിർമാണത്തിലെത്തിയ ആദ്യ സിനിമയായിരുന്നു വരത്തൻ. ബോക്സോഫീസിൽ ഉയർന്ന സാമ്പത്തിക വിജയം കരസ്ഥമാക്കാൻ വരത്തന് കഴിഞ്ഞിരുന്നു.

നസ്രിയയും സുപ്രിയയും
നസ്രിയ മാത്രമല്ല പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ മേനോനും നിർമാണത്തിലേക്ക് കടക്കുകയാണ്. സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റുമായി ചേര്‍ന്ന് പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് പുതിയ സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് നയൻ. ഈ ചിത്രം റിലീസിനെത്തുന്നതും ഫെബ്രുവരി ഏഴിനാണ്. യാദൃശ്ചികമാണെങ്കിലും ഒരേ ദിവസം മലയാളത്തിലെ പ്രമുഖ താരപത്നിമാർ നിർമ്മിക്കുന്ന സിനിമകൾ റിലീസിനെത്തുന്നു എന്നത് ആരാധകരിലും ആവേശമായിരിക്കുകയാണ്.

നയന്‍
സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് 9. 100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് രചനയും സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് 9. പൃഥ്വിരാജ് നായകനാവുമ്പോൾ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, മാസ്റ്റര്‍ അലോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 7 ന് നയനും കുമ്പളങ്ങി നൈറ്റ്സിനൊപ്പം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇത്തവണ ഫഹദ് ഫാസിലും പൃഥ്വിരാജും തമ്മിലുള്ള താരയുദ്ധം ഇരു സിനിമകളിലൂടെയും കാണാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

ബോക്സോഫീസ് ആര് ഭരിക്കും?
നിവിൻ പോളിയുടെ മിഖായേൽ, പ്രണവ് മോഹൻലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളെല്ലാം 2019 ൽ റിലീസിനെത്തിയിരിക്കുകയാണ്. എന്നാൽ ഈ വർഷം ബോക്സോഫീസിൽ ഉന്നത വിജയം നേടാൻ ഇതുവരെ ഒരു സിനിമകള്‍ക്കും കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വസ്തുത. ആ കുറവ് പരിഹരിച്ച് ബോക്സോഫീസ് ഭരിക്കുന്നത് ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും.


Click it and Unblock the Notifications