വിധവയാകുമ്പോൾ പ്രായം 22 വയസായിരുന്നു, അമ്മയാണ് എനിക്കെല്ലാം, നോ പറയാൻ പഠിപ്പിച്ചതും അമ്മ; നേഹ സക്സേന
പഞ്ചാബി ഗേൾ നേഹ സക്സേന ഇന്ന് കേരളത്തിന്റെ ദത്തുപുത്രിയാണ്. വിരലിലെണ്ണാവുന്ന മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി നടിമാർക്ക് ലഭിക്കുന്ന സ്നേഹവും പരിഗണനയും നേഹയ്ക്കും കേരളത്തിലെ പ്രേക്ഷകർ നൽകാറുണ്ട്. മലയാളത്തിൽ മാത്രമല്ല തുളു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നേഹ സിനിമകൾ ചെയ്ത് കഴിഞ്ഞു. കേരളം തന്റെ സെക്കന്റ് ഹോമാണെന്നാണ് നേഹ പറയാറുള്ളത്.
ഇപ്പോഴിതാ അമ്മയെ കുറിച്ചും സിനിമയിലേക്ക് വന്നശേഷമുണ്ടായ അനുഭവങ്ങളും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് താരം. അമ്മയാണ് തനിക്ക് എല്ലാമെന്ന് നേഹ പറയുന്നു. ഞാൻ ജനിക്കും മുമ്പ് തന്നെ എന്റെ അച്ഛൻ മരിച്ചിരുന്നു. അമ്മ ഒറ്റയ്ക്കാണ് എന്നെ വളർത്തിയത്. നിനക്ക് ഈ ലോകത്ത് എന്തും ചെയ്യാൻ കഴിയുമെന്നുള്ള മൈന്റ് സെറ്റുണ്ടാക്കിയാണ് ഞാൻ ചെറുപ്പം മുതൽ വളർന്നത്.

ജീവിതം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അതിലൂടെ പതിയെ എന്റെ കോൺഫിഡൻസും ഉയർന്നു. പല കമ്പനികളിലും സെയിൽസ് ആന്റ് മാർക്കറ്റിങ്ങിൽ ഏറെക്കാലം ഞാൻ ജോലി ചെയ്തിട്ടുണ്ട്. അന്നും സിനിമയിലേക്ക് വരണമെന്നത് തന്നെയായിരുന്നു എന്റെ ആഗ്രഹം. ഏത് കാര്യത്തിൽ പങ്കെടുക്കാൻ പോയാലും ഞാൻ എന്നെ തന്നെ എൻകറേജ് ചെയ്യും. ആ ഒരു ആത്മവിശ്വാസത്തിലാണ് ഒരോ കാര്യങ്ങളും ചെയ്യുന്നത്.
ഞാൻ മത്സരങ്ങളിൽ പങ്കെടുത്ത് പരാജയപ്പെട്ടാൽ അമ്മ എന്നെ ഒരിക്കലും തളർത്താറില്ല. തോറ്റാലും കുഴപ്പമില്ല പങ്കെടുക്കൂവെന്നാണ് പറയാറുള്ളത്. അങ്ങനെ ഞാൻ പങ്കെടുത്ത പേജെന്റായിരുന്നു പ്രിൻസസ് ഓഫ് കർണാടക. അതിന്റെ വിന്നർ ഞാനായിരുന്നു. അച്ഛനില്ലാത്തത് ഇടയ്ക്കൊക്കെ ഒരു മിസ്സിങ്ങായി തോന്നാറുണ്ട്.
പാരന്റ്സ് മീറ്റിങ് സമയത്ത് അച്ഛനേയും കൊണ്ടുവരണമെന്ന് അധ്യാപകർ ആവശ്യപ്പെടുമ്പോൾ അച്ഛനില്ല അമ്മ മാത്രമേയുള്ളുവെന്ന് ഞാൻ ബോൾഡായി പറയുമായിരുന്നു. അമ്മ വരുമെന്നും പറയും. അമ്മയാണ് എന്റെ അച്ഛനും. ഫാദേഴ്സ് ഡെയ്ക്ക് അമ്മയ്ക്കാണ് ഞാൻ വിഷസ് അറിയിച്ചത്. അമ്മയാണ് എനിക്കെല്ലാം. അച്ഛൻ ഇല്ലെങ്കിലും കഴിവിന്റെ പരമാവധി ഉപയോഗിച്ച് എനിക്ക് എല്ലാം അമ്മ ചെയ്ത് തന്നിട്ടുണ്ട്. അമ്മയ്ക്ക് ഡെറാഡൂണിൽ തന്നെ താമസിക്കാനാണ് ഏറ്റവും ഇഷ്ടം.
ഏത് ഭാഷയാണ് ഞാൻ സംസാരിക്കുന്നത് അമ്മ ഐഡന്റിഫൈ ചെയ്യും. പക്ഷെ അർത്ഥം മനസിലാവില്ല. അമ്മ എന്നെ ഗർഭിണിയിയായിരിക്കുമ്പോഴാണ് അച്ഛൻ കാർ അപകടത്തിൽ മരിക്കുന്നത്. 22 വയസിൽ വിധവയായി. എട്ടാം ക്ലാസ് മുതൽ ഞാൻ കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയും പാർട്ട് ടൈം ജോലിക്ക് പോവുകയും ചെയ്യുമായിരുന്നു. ഇന്ന് എനിക്ക് എല്ലാം ദൈവം തന്നിട്ടുണ്ട്.

ജോലിക്ക് ഇടയിൽ സമയം കണ്ടെത്തിയാണ് ഞാൻ ഫാഷൻ ഷോകൾക്ക് പോയിരുന്നതും ഓഡീഷനിൽ പങ്കെടുത്തിരുന്നതും. ഞാന്‍ ഒരിക്കലും സങ്കല്‍പ്പിക്കാത്ത ഒരു കാര്യമായിരുന്നു കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വരുമെന്നത്. ഇന്‍ഡസ്ട്രിയില്‍ വന്നശേഷം ഒരു തവണ അത്തരമൊരു സാഹചര്യം എനിക്ക് നേരിടേണ്ടി വന്നിരുന്നു. നിരവധി ഓഡീഷനുകളിൽ ഞാൻ പങ്കെടുക്കുമായിരുന്നു. ഒരു ദിവസം ഒരു ഓഡീഷനിൽ എനിക്ക് സെലക്ഷൻ കിട്ടി.
അന്ന് എനിക്ക് സൗത്ത് ഇന്ത്യയിലെ ഒരു ഭാഷയും അറിയില്ലായിരുന്നു. എന്നെ സെലക്ട് ചെയ്തവർ രണ്ട് മൂന്ന് ദിവസങ്ങൾക്കുശേഷം ഡിന്നറിന് ക്ഷണിച്ചു. ഇന്ന് രാത്രി ഡിന്നറിന് വരുന്നോയെന്നാണ് ചോദിച്ചത്. എന്തിനാണ് ഡിന്നര്‍... ഞാന്‍ ഡിന്നര്‍ കഴിച്ചു സാറെന്ന് മറുപടി നൽകി. അന്ന് ഞാൻ ഒരു പിജിയിൽ ആയിരുന്നു താമസം. ഹോട്ടലില്‍ പോകാം നമുക്ക് ഡിന്നർ കഴിക്കാം... എന്നൊക്കെയാണ് പറഞ്ഞത്. എന്തിന് അങ്ങനെ ക്ഷണിച്ചുവെന്ന് എനിക്ക് മനസിലായില്ല. ഞാൻ ഉടനെ അമ്മയെ വിളിച്ചു.
അമ്മയാണ് എന്നോട് അവർ എന്ത് ഉദ്ദേശിച്ചാണ് വിളിച്ചതെന്ന് പറഞ്ഞ് തന്നത്. ഇനി മുതല്‍ അത്തരത്തിൽ ആരെങ്കിലും ഇങ്ങനെ സംസാരിച്ചാല്‍ നീ പറയേണ്ട മറുപടി നോ ആണെന്നും എന്നോട് പറഞ്ഞുവെന്നും അതാണ് താൻ തുടർന്ന് പോകുന്നതെന്നും നേഹ പറയുന്നു.


Click it and Unblock the Notifications











