'ജോർജുകുട്ടിയുടെ ചില സ്വഭാവം ജീത്തുവിലുണ്ട്, എന്ത് ധൈര്യത്തിലാണ് ഒപ്പം കിടന്നുറങ്ങുന്നതെന്ന് ചോദിക്കാറുണ്ട്'
മലയാള സിനിമയിലെ ത്രില്ലറുകളുടെ തമ്പുരാനായി മാറിയിരിക്കുന്നു ഇപ്പോൾ ജീത്തു ജോസഫ് എന്ന സംവിധായകൻ. ഒന്നരപ്പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ ത്രില്ലർ സിനിമകൾക്ക് പുതിയ ഭാവുകത്വം നൽകി നിറഞ്ഞ് നിൽക്കുന്ന അസാമാന്യ പ്രതിഭയാണ് ജീത്തു. ഇപ്പോൾ തിയറ്ററിൽ നിറഞ്ഞ പ്രദർശനം തുടരുന്ന നേര് വരെയുള്ള സിനിമാ യാത്രയിൽ അദ്ദേഹം സ്വയം വഴിവെട്ടിത്തെളിച്ചാണ് പാദമുദ്രകൾ പതിപ്പിച്ചത്. മലയാള സിനിമയ്ക്ക് അഭിമാനിക്കാനും അഹങ്കരിക്കാനും തക്ക വിധത്തിൽ ആ പാദമുദ്രകൾ ഇന്ന് വളർന്നിരിക്കുന്നു.
ജീത്തു ജോസഫ് സിനിമകൾ പ്രഖ്യാപിക്കുമ്പോൾ പ്രതീക്ഷയും കാത്തിരിപ്പും പ്രേക്ഷകരിൽ അമിതമായി ഉണ്ടാകാൻ കാരണം മുമ്പ് അദ്ദേഹം ചെയ്ത് വെച്ച ദൃശ്യം സീരിസ് അടക്കമുള്ള സിനിമകളാണ്. നേരാണ് ഇപ്പോൾ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സന്തോഷം. 2023 അവസാനിച്ചത് ജീത്തുവിന്റെ നേരിലൂടെയാണ്.

ജീത്തുവിനെപ്പോലെ തന്നെ ജീത്തുവിന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. ജീത്തുവിന്റെ ഫാമിലി ഫോട്ടോ കാണുമ്പോൾ ഇനി ജോർജുകുട്ടി ജീത്തു തന്നെയാണോയെന്ന സംശയം ആരാധകർ തമാശയായി പറയാറുണ്ട്. കാരണം ജോർജുകുട്ടിയപ്പോലെ തന്നെ കുടുംബത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് ജീത്തു. അതുപോലെ തന്നെ ജീത്തുവിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്തിനും തയ്യാറായാണ് ഭാര്യ ലിന്റയും മക്കളായ രണ്ട് പെൺമക്കളും ഇടവും വലവും നിൽക്കുന്നത്.
ലിന്റയും സിനിമയിൽ കോസ്റ്റ്യൂം ഡിസൈനിങും മറ്റുമായി സജീവമാണ്. ജീത്തുവിന്റെ അഭിമുഖങ്ങൾ നിരവധിയുണ്ടെങ്കിലും ഭാര്യയ്ക്കൊപ്പം ജീത്തു പ്രത്യക്ഷപ്പെട്ട അഭിമുഖങ്ങൾ വിരളമാണ്. ഇപ്പോഴിതാ വിവാഹ ജീവിതം 27 വർഷം പിന്നിടുമ്പോൾ ജീത്തുവും ഭാര്യ ലിന്റയും ബിഹൈൻവുഡ്സ് ഐസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖം വൈറലാവുകയാണ്.
ജീത്തു സംവിധായകനായശേഷം താൻ നേരിടേണ്ടി വന്നിട്ടുള്ള രസകരമായ ചോദ്യങ്ങൾ അടക്കം അഭിമുഖത്തിൽ ലിന്റ വെളിപ്പെടുത്തി. 'ഞങ്ങളുടെ വിവാഹം അറേഞ്ച്ഡ് പ്രണയമെന്ന് പറയാം. ഞാൻ ആദ്യം എന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ലിന്റയെ കാണിച്ച് കൊടുത്തു. ഞങ്ങൾ ഒരേ നാട്ടുകാരാണ്. കുടുംബവുമായി അറിയുന്നവരുമാണ്. അതുകൊണ്ട് ഈ കുട്ടി ഓക്കേയാണോയെന്ന് ഞാൻ ചോദിച്ചു.'
'അവർ ഒക്കെ പറഞ്ഞ ശേഷമാണ് ഞാൻ ലിന്റയെ പോയി പ്രൊപ്പോസ് ചെയ്യുന്നത്. ഞാൻ പ്രേമിച്ച് തുടങ്ങിയിട്ട് പിന്നെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാലോ... അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 27 വർഷമാകുന്നു. ഞാൻ കൂട്ടുകാരന്റെ കയ്യിൽ ഒരു എഴുത്ത് എഴുതി കൊടുത്തുവിട്ടു. ഇവൾ അവനെ ചീത്ത പറഞ്ഞുവിട്ടു. ആണുങ്ങളായാൽ നേരിട്ട് വന്ന് പറയുമെന്നോ മറ്റോ ഇവൾ പറഞ്ഞു.'

'അങ്ങനെ പിന്നെ ഞാൻ നേരിട്ട് പോയി പറഞ്ഞു. രണ്ടുകൊല്ലം പ്രേമിച്ച് നടന്നിട്ടാണ് കെട്ടിയത്. ലിന്റയുടെ വീട്ടുകാർ ഓർത്തോഡോക്സാണ്. മമ്മിയുടെ പെർമിഷനിൽ അന്ന് ലാൻഡ്‌ഫോണിൽ ആഴ്ചയിൽ ഒരുവട്ടമായിരുന്നു ഫോൺ വിളി. ഞങ്ങൾ ഫോൺ ചെയ്യുമ്പോൾ അവളുടെ അടുത്ത് മമ്മി വനിത വായിച്ച് വന്നിരിക്കുമായിരുന്നു. തുടക്കത്തിലൊക്കെ ഞാൻ ഭയങ്കര റൊമാന്റിക്കായിരുന്നു. അന്ന് ലിന്റ അകാര്യത്തിൽ കുറച്ച് പിറകോട്ടായിരുന്നു.'
'ഇപ്പോൾ ഞാൻ കുറച്ച് പിറകിലോട്ടായപ്പോൾ ലിന്റ ഭയങ്കര റൊമാന്റിക്കാണ്. ഞാൻ ഷോട്ട് ടെംപെർഡാണ്. പെട്ടെന്ന് ദേഷ്യപ്പെടും. ലിന്റ നല്ല ക്ഷമയുള്ള ആളാണെന്നും', ജീത്തു പറഞ്ഞു. 'ദൃശ്യത്തിലെ ജോർജുകുട്ടിയുടെ ചില സ്വഭാവമൊക്കെ ജീത്തുവിൽ ഉള്ളതാണ്. എന്ന് കരുതി കൊലപാതകം ഒന്നുമല്ല കേട്ടോ... ചില ചെറിയ ചെറിയ സ്വഭാവങ്ങൾ എനിക്ക് തോന്നിയിട്ടുണ്ട്.'
'പിള്ളേരോടുള്ള അറ്റാച്മെന്റും ഫാമിലിയെ പ്രൊട്ടക്ട് ചെയ്യുന്ന സ്വഭാവവുമൊക്കെ സെയിമാണ്. ജോർജുകുട്ടി കുറേക്കൂടി സ്നേഹം പുറത്ത് കാണിക്കുന്ന ഒരാളാണ്... അതല്ല ഞാൻ ഉദ്ദേശിച്ചത്. എന്ത് വില കൊടുത്തും കുടുംബത്തെ സംരക്ഷിക്കും എന്ന സ്വഭാവം ജിത്തുവിനുമുണ്ട്. ഒരു പ്രശ്‍നം വന്നാൽ അതിനെ അങ്ങനെ തന്നെ ജീത്തു ഹാൻഡിൽ ചെയ്യും.'
'ഇപ്പോൾ തന്നെ ആളുകൾ പറയുന്നുണ്ട് ദൃശ്യം ഞങ്ങളുടെ തന്നെ കഥയാണോയെന്ന്. ഞങ്ങൾക്കും രണ്ട് പെൺകുട്ടികൾ ആയതുകൊണ്ട്. ഞങ്ങളുടെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷൻ ഒന്ന് കുഴിച്ച് നോക്കണം എന്നൊക്കെയാണ് ആളുകൾ പറയുന്നത്. ആദ്യ സിനിമ കഴിഞ്ഞപ്പോൾ എന്നോട് കുറെ പേര് ചോദിച്ചിട്ടുണ്ട് എന്ത് ധൈര്യത്തിലാണ് ജീത്തുവിന്റെ കൂടെ കിടന്നുറങ്ങുന്നത് എന്നൊക്കെ.'
'തട്ടി കളയുമെന്ന പേടി ഇല്ലേ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഒരു ബ്രില്യന്റ് ഡയറക്ടർ വീട്ടിലുണ്ടെന്ന് കരുതി മക്കൾ അതൊന്നും നോക്കാറില്ല. അവർ പൊതുവെ കള്ളത്തരങ്ങൾ ഒന്നും അധികം കാണിക്കുന്ന പിള്ളേരല്ലേ. ഞങ്ങളോട് എന്തും പറയാവുന്ന ഫ്രീഡം അവർക്കുണ്ടെന്നുമാണ്', ജീത്തുവിനെയും മക്കളെയും കുറിച്ച് സംസാരിച്ച് ലിന്റ പറഞ്ഞത്.


Click it and Unblock the Notifications