'കോടതി കയറിയിട്ടുണ്ടെങ്കിലും അക്കാര്യങ്ങൾ അറിയില്ലായിരുന്നു, ഡയലോഗുകൾ മാറ്റുന്നതെന്തിനാണെന്ന് ചോദിക്കും'
ജീത്തു ജോസഫ് സിനിമകൾ പ്രഖ്യാപിക്കപ്പെടുമ്പോൾ മുതൽ അറിയാതെ ഒരു പ്രതീക്ഷയും ആകാംഷയുമൊക്കെ പ്രേക്ഷകരുടെ ഉള്ളിൽ വളരും. സസ്പെൻസില്ല ട്വിസ്റ്റില്ല സാധാരണ കൊച്ചുചിത്രമാണ് എന്നൊക്കെ അദ്ദേഹം പറഞ്ഞാലും സിനിമാപ്രേമികൾ അത് മുഴുവനായും വിശ്വസിക്കുകയുമില്ല. ഇതുവരെ ജീത്തു ജോസഫ് ചെയ്തിട്ടുള്ളതിൽ വലിയ സ്വീകാര്യത ലഭിക്കാതെ പോയ സിനിമകൾ പോലും കുറവാണ്. ഇതുവരെ മോഹൻലാലിനൊപ്പം അദ്ദേഹം ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നതുകൊണ്ട് തന്നെയാണ് നേര് സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ പ്രേക്ഷകരും കാത്തിരിപ്പ് തുടങ്ങിയത്.
ദൃശ്യം 2വിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന സിനിമയാണ് നേര്. ഡിസംബർ 21ന് തിയേറ്ററിൽ റിലീസ് ചെയ്യാൻ പോകുന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മോഹൻലാലിലെ നടനെ ഒരിടവേളയ്ക്ക് ശേഷം കാണാൻ സാധിച്ചുവെന്നാണ് ട്രെയിലർ കണ്ടവരെല്ലാം ഒന്നടങ്കം പറഞ്ഞത്.

സ്വാഭാവിക അഭിനയം എന്താണ് എന്നത് മലയാളികൾക്ക് മോഹൻലാലാണ്. ഇമോഷൻസ് മിന്നിമായുന്ന മോഹൻലാലിന്റെ കണ്ണുകളും സംഭാഷണത്തിന് ഒത്ത് ചലിക്കുന്ന അദ്ദേഹത്തിന്റെ വിരലുകളും മലയാളികൾക്ക് കഴിഞ്ഞ കുറച്ച് നാളുകളായി കാണാൻ സാധിച്ചിരുന്നില്ല. നേരിന്റെ ട്രെയിലർ കണ്ടശേഷം ആ പഴയ നടൻ മോഹൻലാലിനെ കാണാൻ സാധിച്ചുവെന്നാണ് ആരാധകർ കുറിക്കുന്നത്.
ജീത്തു ജോസഫിന്റെ സ്ക്രിപ്റ്റിൽ വരുന്ന സിനിമ എന്നതിനും മേലെ പ്രേക്ഷകർക്ക് സിനിമ കാണാൻ കോൺഫിഡൻസ് കൊടുക്കുന്നത് ട്രെയിലറിൽ കണ്ട മോഹൻലാലിന്റെ പ്രകടനമാണ്. അതിനുള്ള സ്കോപ്പുണ്ട് മോഹൻലാൽ അവതരിപ്പിക്കുന്ന വക്കീൽ കഥാപാത്രത്തിന്. നേര് മോഹൻലാലിന്റെ ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കും.
ഇടക്കാലത്ത് പലരും ട്രോളിയതിനൊക്കെ ഈ ഒരു ചെറിയ വലിയ സിനിമയിലൂടെ അദ്ദേഹം മറുപടി കൊടുക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. അതേസമയം സിനിമയുടെ പ്രമോഷനായി നേര് ടീമിനൊപ്പം ഓൺലൈൻ മാധ്യമങ്ങളുമായി സംവദിച്ചപ്പോൾ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. അമിത പ്രതീക്ഷയോടെ നേര് കാണാൻ തിയേറ്ററിൽ എത്തരുതെന്നാണ് നേര് ടീം ഒന്നടങ്കം പറഞ്ഞത്.
'കഥയ്ക്ക് പ്രാധാന്യം നൽകി മുന്നേറുന്ന സിനിമയാണ് നേര്. ഏറ്റവും മനോഹരമായി ആളുകളെ മുഴുപ്പിക്കാത്ത തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പേര് പോലെ തന്നെ സത്യം കണ്ടെത്തുക എന്നതാണ് സിനിമയുടെ ലക്ഷ്യം. കൂടാതെ ഇമോഷണലായ ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രം. ജീത്തു ചെയ്യുന്ന വ്യത്യസ്തമായ സിനിമ കൂടിയാണ്.'

'എങ്ങനെയാണ് ഒരു കോർട്ട് റൂം പ്രവർത്തിക്കുന്നത് എന്നതിനെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് സിനിമ എടുത്തത്. കോടതിയിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്നതൊന്നും നമുക്കൊന്നും അറിയില്ലായിരുന്നു. ശാന്തി അഡ്വക്കേറ്റ് കൂടിയായതുകൊണ്ട് അതെല്ലാം അവർ വഴി ഞങ്ങൾ മനസിലാക്കി. വക്കീലന്മാരുടെ കോർട്ട് റൂമിലെ ബിഹേവിയറിനെ കുറിച്ച് അറിയില്ലായിരുന്നു.'
'കോടതിയിൽ കയറിട്ടുണ്ടെങ്കിലും സ്ഥിരമായി പോകാത്തതുകൊണ്ട് പെരുമാറ്റ രീതികളെ കുറിച്ചൊന്നും വിശദമായി അറിയില്ലായിരുന്നുവെന്നാണ്', വാർത്താസമ്മേളനത്തിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്. നടിയും നേരിന്റെ തിരക്കഥാകൃത്തുമായ ശാന്തി മായദേവി മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവമാണ് പിന്നീട് പങ്കുവെച്ചത്.
'നമ്മള്‍ ലാലേട്ടന് ലൊക്കേഷനില്‍ വെച്ച് അന്ന് ഷൂട്ട് ചെയ്യേണ്ട സ്‌ക്രിപ്റ്റ് കൊടുക്കും. ശേഷം ഇടക്ക് ഞാന്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ ചേഞ്ച് ചെയ്യും. അപ്പോള്‍ ജീത്തു സാര്‍ ചിലപ്പോള്‍ പറയും താന്‍ ലൊക്കേഷനില്‍ വന്നിരുന്ന് എഴുതുന്നതാകും നല്ലത്. കാരണം നല്ല ഡയലോഗുകളൊക്കെ വരുന്നുണ്ടെന്ന്. പിന്നെ ലാലേട്ടന് ആ തിരുത്തിയ സ്‌ക്രിപ്റ്റ് കൊടുത്താല്‍ ഇതല്ലല്ലോ രാവിലെ തന്നത്...'
'ഈ കുട്ടി എന്തിനാണ് ഇടയ്ക്കിടെ ഇങ്ങനെ ഡയലോഗുകള്‍ മാറ്റുന്നതെന്ന് ചോദിക്കും. ഇങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ ഈ ഡയലോഗ് കുറച്ച് കൂടെ നല്ലതാണ് ലാലേട്ടാ ഇങ്ങനെ പറയാമോയെന്ന് ചോദിക്കുമ്പോള്‍. ലാലേട്ടന്‍ അങ്ങനെയൊന്നും പറയാന്‍ പറ്റില്ലെന്ന് പറയും. പക്ഷെ എത്ര വലിയ ഡയലോഗാണെങ്കിലും ലാലേട്ടന് അത് പഠിക്കുമെന്നും', ശാന്തി പറഞ്ഞു.


Click it and Unblock the Notifications