പ്രായം നാൽപതിലേക്ക്, ഇപ്പോൾ കാണാൻ എങ്ങനെയായിരിക്കും; അസിൻ മാറി നിൽക്കുന്നതിന് കാരണം; ചർച്ചയാക്കി ആരാധകർ
മുൻ നടി അസിനെ അറിയാത്ത മലയാളികളില്ല. ഒരു മലയാളം സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ അഭിമാനമായ അസിൻ മറ്റ് ഭാഷകളിൽ തിളങ്ങി. തമിഴിലെയും തെലുങ്കിലെയും താരറാണിയായിരുന്ന അസിൻ ബോളിവുഡിലേക്ക് കടന്നപ്പോൾ അവിടെയും വിജയം ആവർത്തിച്ചു. ദീപിക പദുകോണിനും മുകളിൽ ഹെെപ്പ് ബോളിവുഡിൽ അക്കാലത്ത് അസിനുണ്ടാക്കാനായി. അനുഷ്ക ശർമ്മ, കത്രീന കെെഫ് തുടങ്ങിയ നടിമാർക്കെല്ലാം വെല്ലുവിളിയായി അസിൻ തരംഗമായി. എന്നാൽ പെട്ടെന്നായിരുന്നു അസിന്റെ ഗ്രാഫ് ഇടിഞ്ഞതും.
അവസരങ്ങൾക്ക് വേണ്ടി തന്റെ ചില നിബന്ധനകളിൽ വിട്ടുവീഴ്ച ചെയ്യാൻ അസിൻ ഒരിക്കലും തയ്യാറായിരുന്നില്ല. ഇതാണ് ബോളിവുഡ് കരിയറിൽ വിലങ്ങ് തടിയായത്. ബോളിവുഡിൽ അധികകാലം തുടരാതെ വിവാഹിതയായ അസിൻ ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിന്നു. 2016 ലായിരുന്നു വിവാഹം. രാഹുൽ ശർമ്മ എന്നാണ് ഭർത്താവിന്റെ പേര്. അന്നത്തെ പ്രമുഖ മൊബെെൽ കമ്പനിയായ മെെക്രോമാക്സിന്റെ ഉടമയാണ് രാഹുൽ ശർമ. വിവാഹ ശേഷം അസിൻ പൊതുവേദികളിൽ നിന്നെല്ലാം അകന്നു. സോഷ്യൽ മീഡിയയിൽ ഫോട്ടോ പോലും പങ്കുവെക്കാതായി.

അസിൻ എന്തുകൊണ്ട് ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വരുന്ന ചോദ്യങ്ങൾ. പ്രിയ താരത്തെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നവർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ മകളുടെ ഫോട്ടോ പങ്കുവെക്കാറുണ്ടെങ്കിലും സ്വന്തം ഫോട്ടോ അസിൻ പങ്കുവെച്ചിട്ട് കാലമേറെയാണ്. മുംബെെയിലെ മുക്കിലും മൂലയിലും പാപ്പരാസികളുടെ സാന്നിധ്യമുണ്ട്. ഇവരിൽ നിന്നെല്ലാം എങ്ങനെ അസിന് ഒളിക്കാൻ പറ്റുന്നെന്ന് നെറ്റിസൺസ് ചോദിക്കുന്നു.
അസിനെ കാണാൻ ഇപ്പോൾ എങ്ങനെയാണെന്ന് അറിയാൻ അതിയായ ആഗ്രഹമുണ്ട്. എത്രയോ കാലമായി കണ്ടിട്ട്. ഒരു ആരാധകൻ പോലും അസിനെ പിന്നീട് കണ്ടിട്ടില്ല. പ്രശസ്തയായിട്ടും എങ്ങനെ പൂർണമായും അസിന് ലെെം ലെെറ്റിൽ നിന്ന് മാറി നിൽക്കാൻ പറ്റുന്നെന്നാണ് ഒരാൾ റെഡിറ്റിലൂടെ ചോദിക്കുന്നത്. വിവാഹ ശേഷം സിനിമാ ലോകവുമായി ഒരു ബന്ധവും വെക്കേണ്ടെന്ന് അസിൻ തീരുമാനിച്ചതാണ്. സിനിമാ മേഖലയിൽ നിന്നും ഒരാളെ വിവാഹം ചെയ്യാനും തനിക്ക് താൽപര്യമില്ലെന്ന് അസിൻ വ്യക്തമാക്കിയിരുന്നു. സിനിമകളിൽ അഭിനയിക്കുന്ന കാലത്തും ഷോകളോടും പാർട്ടികളോടുമൊന്നും അസിൻ താൽപര്യം കാണിച്ചിരുന്നില്ല. ബോളിവുഡിൽ പിആർ വർക്ക് അത്യാവശ്യമാണ്. എന്നാൽ ഇതിലും അസിന് താൽപര്യമുണ്ടായിരുന്നില്ല.

സിനിമാ രംഗം വിട്ട ശേഷം വീണ്ടും ലെെം ലെെറ്റിൽ ചർച്ചയാകാൻ അസിൻ ആഗ്രഹിക്കുന്നില്ല. 39 കാരിയാണ് അസിൻ. ഓൾ ഈസ് വെൽ ആണ് അസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അഭിഷേക് ബച്ചൻ നായകനായ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ബോളിവുഡിലേക്കാൾ വലിയ ആരാധക വൃന്ദവും മികച്ച അവസരങ്ങളും അസിന് ലഭിച്ചത് തമിഴ് സിനിമാ ലോകത്ത് നിന്നാണ്. ഗജിനി, പോക്കിരി, ദശാവതാരം, കാവലൻ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്, അതേസമയം വെറും പത്ത് തമിഴ് സിനിമകളിൽ മാത്രമേ അസിൻ അഭിനയിച്ചിട്ടുള്ളൂ. ഇവയിൽ ഭൂരിഭാഗവും സൂപ്പർഹിറ്റ് സിനിമകളായിരുന്നു.
തമിഴിലും തെലുങ്കിലും വളരെ വ്യക്തമായ പ്ലാനിംഗോടെയാണ് അസിൻ മുന്നോട്ട് നീങ്ങിയത്. കൊമേഴ്ഷ്യൽ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അസിൻ തെരഞ്ഞെടുത്തു. അസിൻ ആകെ ചെയ്ത പത്ത് സിനിമകളിൽ ഒമ്പതെണ്ണവും ബോക്സ് ഓഫീസ് വിജയം നേടി. അൽവാർ എന്ന ഒറ്റ സിനിമ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂയെന്നതും ചൂണ്ടിക്കാട്ടേണ്ടതാണ്. മലയാളത്തിൽ നരേന്ദ്രൻ മകൻ ജയകാന്തൻ വക ആണ് അസിൻ അഭിനയിച്ച ഏക സിനിമ. ചിത്രത്തിൽ സെക്കന്റ് ഹീറോയിനായിരുന്നു അസിൻ.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/simply.asin/?hl=en നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്)


Click it and Unblock the Notifications