അച്ഛന്റെ അഭിപ്രായമാണ് അറിയേണ്ടത്; ഇത് പ്രതീക്ഷിച്ചില്ല; അഹാന കൃഷ്ണയുടെ വിമർശനത്തിന് പിന്നാലെ ചർച്ച
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായതിനാൽ അഹാന കൃഷ്ണയുടെ പല പോസ്റ്റുകളും ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന നടത്തിയ വിമർശനം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ള പാട്ടിന്റെ ശബ്ദം കൂടിയതാണ് അഹാനയെ ചൊടിപ്പിച്ചത്. ഉച്ചത്തിൽ പാട്ട് വെച്ചത് തനിക്കുൾപ്പെടെ ബുദ്ധിമുട്ടാണെന്ന് അഹാന പറയുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളും വരുന്നുണ്ട്. നിരവധി പേർ അഹാനയുടെ അഭിപ്രായത്തെ പിന്തുണച്ചു.
ഭക്തിയുടെ പേരിൽ മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് ശരിയല്ലെന്ന് ഇവർ പറയുന്നു. എന്നാൽ ചിലർ മറ്റ് ചില നീരീക്ഷണങ്ങളാണ് നടത്തിയത്. അഹാനയിൽ നിന്ന് ഇങ്ങനെയാരു അഭിപ്രായം പ്രതീക്ഷിച്ചില്ലെന്നാണ് ചിലരുടെ കമന്റ്. അച്ഛൻ ഹിന്ദു വിശ്വാസത്തിന് വേണ്ടി സംസാരിക്കുന്നയാളും ബിജെപി അനുയായുമാണ്. അച്ഛന്റെ രാഷ്ട്രീയം നോക്കാതെ അഹാന അഭിപ്രായം തുറന്ന് പറഞ്ഞെന്നാണ് ചിലരുടെ കമന്റ്. എന്നാൽ ഇത് തീർത്തും ബാലിശമായ വാദമാണെന്നും അച്ഛന്റെ രാഷ്ട്രീയവും വിശ്വാസവുമൊക്കെ ഇക്കാര്യത്തിൽ നോക്കേണ്ടതുണ്ടോയെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉച്ചത്തിലുള്ള പാട്ട് കാരണം ഒരാഴ്ചയായി ബുദ്ധിമുട്ടാണെന്നാണ് അഹാന പറയുന്നത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളോടാണ്. ഫെസ്റ്റിവൽ സീസണുകളിൽ ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും എല്ലാവരും അറിയാൻ താൽപര്യപ്പെടുന്നുവെന്ന ചിന്ത ആദ്യം അവസാനിപ്പിക്കുക. ഉയർന്ന ശബ്ദത്തിൽ സ്പീക്കറിൽ പാട്ടു പ്രാർത്ഥനകളും പ്ലേ ചെയ്യുന്നത് അവസാനിപ്പിക്കൂയെന്ന് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
രാവിലെ ഒമ്പത് മണിയോടെ ആരംഭിക്കുന്ന പാട്ടും പ്രാർത്ഥനയും രാത്രി പത്ത് പതിനൊന്ന് മണി വരെ ഉച്ചത്തിൽ സ്പീക്കറിൽ മുഴങ്ങിക്കൊണ്ടിരിക്കും. ഒരാഴ്ചയായി സ്ഥിരം ഇത് തന്നെയാണ് ഈ പ്രദേശത്ത് നടക്കുന്നത്. അമ്പലത്തിലെ പാട്ടും പ്രാർത്ഥനകളും കേൾക്കാൻ ആഗ്രഹിക്കുന്നവർ അമ്പലത്തിലേക്ക് ചെന്ന് കേൾക്കൂ എന്നാണ് അഹാന പറയുന്നത്. അഹാനയുടെ വീടിനടുത്താണ് അമ്പലത്തിൽ നിന്നുള്ള സ്പീക്കർ സ്ഥാപിച്ചിരിക്കുന്നത്. ഇരുപത് വർഷത്തോളമായി അഹാനയും കുടുംബവും താമസിക്കുന്ന വീടാണിത്. മൂന്ന് മില്യൺ ഫോളോവേഴ്സാണ് അഹാനയ്ക്ക് സോഷ്യൽ മീഡിയയിലുള്ളത്. അഹാനയുടെ ചെറിയ പരാമർശങ്ങൾ പോലും മിക്കപ്പോഴും ചർച്ചയാകാറുണ്ട്. നടിയെന്നതിലുപരി ഇൻഫ്ലുവൻസറായാണ് അഹാനയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്.

അടുത്തിടെയാണ് അഹാന കൃഷ്ണ വിവാദത്തിൽ അകപ്പെട്ടത്. നാൻസി റാണി എന്ന സിനിമയുടെ പ്രൊമോഷനുമായി അഹാന കൃഷ്ണ സഹകരിക്കുന്നില്ല എന്ന ആരോപണം ഉയർന്നു. പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി നടി രംഗത്ത് വന്നു. നാൻസി റാണി ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങൾ നടി വെളിപ്പെടുത്തി. അന്തരിച്ച ജോസഫ് മനു ജെയിംസ് ആണ് നാൻസി റാണിയുടെ സംവിധായകൻ. ജോസഫ് മനു ജെയിംസിന്റെ ഭാര്യ നെെനയാണ് അഹാനയ്ക്കെതിരെ ആരോപണമുന്നയിച്ചത്.
പ്രൊമോഷന് വരാൻ ഒരുപാട് അഭ്യർത്ഥിച്ചെങ്കിലും അഹാന തയ്യാറായില്ല. മാനുഷിക പരിഗണന നടി കാണിച്ചില്ലെന്നും നെെന തുറന്ന് പറഞ്ഞു. പിന്നാലെ വിശദീകരണവുമായി അഹാനയെത്തി. ജോസഫ് മനു ജെയിംസിന്റെ പ്രവൃത്തികളാണ് ഈ പ്രൊജക്ടിൽ നിന്നും അകലം പാലിക്കാൻ കാരണമായതെന്ന് അഹാന വ്യക്തമാക്കി. സെറ്റിൽ വെച്ച് സംവിധായകനും സുഹൃത്തുക്കളും മദ്യപിച്ചു. ഷൂട്ടിംഗിൽ തടസം നേരിട്ടു. തന്റെ അറിവില്ലാതെ ഡബ്ബിംഗിൽ നിന്നും മാറ്റിയിരുന്നെന്നും അഹാന കൃഷ്ണ പറഞ്ഞു. ഇതോടെയാണ് വിവാദം അവസാനിച്ചത്. നിരവധി പേർ അഹാന കൃഷ്ണയെ അനുകൂലിച്ച് രംഗത്ത് വന്നു. അഹാനയുടെ വിശദീകരണത്തിൽ നെെനയോ നാൻസി റാണി ടീമോ പ്രതികരിച്ചതുമില്ല.


Click it and Unblock the Notifications