അബിക്ക് സംഭവിച്ചത് ഇപ്പോൾ മനസിലായി, ഇപ്പോൾ മകനും...; ലാൽ ജോസിന്റെ വാക്കുകൾ ചർച്ചയാക്കി നെറ്റിസൺസ്
അന്തരിച്ച നടൻ അബിയെ പ്രേക്ഷകർ മറന്നിട്ടില്ല. നല്ല കലാകാരനായിരുന്ന അബി എന്തുകൊണ്ട് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്ന ചോദ്യം പലർക്കുമുണ്ട്. പല വാദങ്ങളും ഇതേക്കുറിച്ച് വന്നു. അബിയെ സിനിമാ രംഗത്ത് പലരും ഒതുക്കിയെന്നായിരുന്നു പലരുടെയും വാദം. എന്നാൽ കഴിഞ്ഞ ദിവസം സംവിധായകൻ ലാൽ ജോസ് അബിയുടെ കരിയറിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിച്ചു. അബി കരിയറിൽ കാണിച്ച നിരുത്തരവാദിത്വമാണ് ലാൽ ജോസ് ചൂണ്ടിക്കാണിച്ചത്. മിമിക്രിയിലും സിനിമകളിലും അബിക്ക് ഈ മനോഭാവമുണ്ടായിരുന്നെന്ന് ലാൽ ജോസ് തന്റെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
രസികൻ എന്ന തന്റെ സിനിമയിൽ ഗാനരംഗം ചിത്രീകരിക്കാനിരിക്കെ അബി തന്നോട് പറയാതെ സെറ്റിൽ നിന്ന് പോയെന്നാണ് ലാൽ ജോസ് പറഞ്ഞത്. കരിയറിൽ നിലനിൽക്കുന്നതിന് ആത്മാർത്ഥത കാണിക്കാൻ അബി തയ്യാറായിരുന്നില്ലെന്നും ലാൽ ജോസ് പറഞ്ഞു. പിന്നാലെ കമന്റ് ബോക്സിൽ പല അഭിപ്രായങ്ങൾ വന്നു. അബിക്ക് കരിയറിൽ തടസമായത് എന്തെന്ന് ഇപ്പോൾ മനസിലായെന്ന് പലരും കമന്റ് ചെയ്തു.

"ഒരുപാട് ആളുകള്‍ക്ക് ഉള്ള സംശയം ആയിരുന്നു അബിക്കെന്ത് സംഭവിച്ചു എന്നുള്ളത്. അതിന്റെ കൃത്യമായ ഉത്തരം ഈ എപ്പിസോഡില്‍ ഉണ്ട്. അല്‍പ്പം മയപ്പെടുത്തിയാണെങ്കിലും കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു. അബിയുടെ നാട്ടുകാരന്‍ ആണ് ഞാന്‍. ലാല്‍ ജോസ് പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണ്...."
"അബി വേദിയിൽ അത് പോലെ പ്രിയപെട്ടവൻ ആയിരുന്നു. എന്നിട്ടും തിരശീലയിൽ ശോഭിച്ചില്ലല്ലോ എന്ന് എപ്പഴും ഓർക്കാറുണ്ട്. അത് പോലെ മകന്റെ ചില വാർത്തകൾ വന്നപ്പോഴും. എല്ലാത്തിനും ഏകദേശം ഒരു ഐഡിയ കിട്ടി ഇപ്പോൾ", "അപ്പൊ അബിയെ പറ്റി ശാന്തിവിള ദിനേശ് പറഞ്ഞത് കറക്റ്റ് ആയിരുന്നല്ലേ", "അബിയെ പോലെ തന്നെ ഇപ്പോൾ മകനും" എന്നിങ്ങനെ കമന്റുകളുണ്ട്. ഒപ്പം അബിയുടെ കലാപരമായ കഴിവുകളെ പ്രശംസിച്ചും കമന്റുകളുണ്ട്.

"വളരെ ഇഷ്ടമുള്ള നടൻ ആയിരുന്നു. കോമഡികളിൽ എന്നും ഒരു കിങ് ആയിരുന്നു. ഏറ്റവും ചിരിപ്പിച്ചത് രസികൻ. കിടിലോൽക്കിടിലം. കിരീടമില്ലാത്ത രാജാക്കന്മാർ എന്നീ മൂവിസ് ആയിരുന്നു. മിമിക്രി കാസറ്റുകൾക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് ഓണം സീസണിൽ. ആ നല്ല നടന്റെ വേർപാട് താങ്കളെ എത്രത്തോളം വിഷമിപ്പിച്ചു എന്ന് മനസ്സിലായി. ഇപ്പോഴും താങ്കളുടെ മനസ്സിൽ മായാതെ അഭി എന്ന കലാകാരൻ ഉണ്ടെന്നും അദ്ദേഹത്തിന്റെ വളർച്ച താങ്കൾ എത്ര ആഗ്രഹിച്ചെന്നും മനസ്സിലായി. ആ നല്ല നടന്റെ വേർപാടിന് മുന്നിൽ കണ്ണീർ പൂക്കൾ"
"അദ്ദേഹത്തിൻ്റെ അവസാന വർഷങ്ങളിൽ ഇറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിലെ എസ്ഐ കഥാപാത്രം മാത്രം മതി അദ്ദേഹത്തിന്റെ കാലിബർ മനസ്സിലാക്കാൻ. ആ സിനിമയെ സർപ്രൈസ് ഹിറ്റാക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് കഥാപാത്രം വഹിച്ചിട്ടുണ്ട്," എന്നിങ്ങനെയാണ് കമന്റുകൾ. കമന്റ് ബോക്സിൽ പലരും ശാന്തിവിള ദിനേശിനെ പരാമർശിക്കുന്നതിന് കാരണമുണ്ട്. മുമ്പൊരിക്കൽ അബിയെയും മകൻ ഷെയിൻ നിഗത്തെയും വിമർശിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു. അബിയേക്കാൾ കരിയറിൽ പ്രശ്നക്കാരനാണ് ഷെയിൻ നിഗമെന്ന് ശാന്തിവിള ദിനേശ് അന്ന് പറഞ്ഞു. കരിയറിൽ ഒന്നിലേറെ തവണ വിവാദങ്ങളിൽ അകപ്പെട്ട നടനാണ് ഷെയിൻ നിഗം. ഷൂട്ടിംഗുമായി സഹകരിക്കുന്നില്ല, നിർമാതാക്കൾക്ക് തലവേദന തുടങ്ങിയ ആരോപണങ്ങളാണ് ഷെയിനിനെതിരെ വന്നത്. ആരോപണം നടൻ നിഷേധിച്ചു.


Click it and Unblock the Notifications











