ഒരു കാലത്തെ ഹിറ്റ് ജോഡിയല്ലേ; മഞ്ജുവിനെ ജയറാമും സുരേഷ് ഗോപിയും മറന്നോ; ചോദ്യങ്ങളുമായി ആരാധകർ
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് താരപുത്രി മാളവിക ജയറാമിന്റെ വിവാഹ ദൃശ്യങ്ങൾ. മകളുടെ വിവാഹത്തിൽ അതീവ സന്തുഷ്ടരാണ് ജയറാമും പാർവതിയും. നവനീത് എന്നാണ് മാളവികയുടെ ഭർത്താവിന്റെ പേര്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് ഇദ്ദേഹം. ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞുള്ള വിരുന്നിൽ സിനിമാ ലോകത്തെ നിരവധി പേർ പങ്കെടുത്തു. വിവാഹത്തിൽ നിറ സാന്നിധ്യമായി നടൻ ദിലീപും കുടുംബവും ഉണ്ടായിരുന്നു.
ഭാര്യ കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പമാണ് ദിലീപ് വിവാഹത്തിനെത്തിയത്. ജയറാമിന്റെ അടുത്ത സുഹൃത്താണ് ദിലീപ്. മാളവികയും മീനാക്ഷിയും സുഹൃത്തുക്കളാണ്. സുരേഷ് ഗോപിയും കുടുംബവും വിവാഹത്തിന് എത്തി. സുരേഷ് ഗോപിയും ജയറാമിന്റെ അടുത്ത സുഹൃത്താണ്. ഇവരുടെ കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പമുണ്ട്. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും വിവാഹത്തിന് എത്തി.

എന്നാൽ വിവാഹ വിരുന്നിൽ ഏവരും ശ്രദ്ധിച്ചത് മഞ്ജു വാര്യരുടെ അഭാവമാണ്. മഞ്ജുവിനെ ജയറാമും കുടുംബവും ക്ഷണിച്ചില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ജയറാമിന്റെ ഒരു കാലത്തെ ഹിറ്റ് സിനിമകളെടുത്താൽ അതിലെ നായിക മഞ്ജുവായിരുന്നു.
സമ്മർ ഇൻ ബത്ലഹേം, ഇരട്ടക്കുട്ടികളുടെ അച്ഛൻ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ഇവർ സുഹൃത്തുക്കളുമായിരുന്നു. ജയറാമിന്റെ മകൻ കാളിദാസ് ജയറാമിനൊപ്പവും മഞ്ജു അഭിനയിച്ചിട്ടുണ്ട്. ജയറാമും മഞ്ജുവും തമ്മിൽ ഇപ്പോൾ പഴയ സൗഹൃദമില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഒരുപക്ഷെ ദിലീപും കുടുംബവും വരുന്നതിനാൽ കണ്ടുമുട്ടൽ ഒഴിവാക്കാൻ മഞ്ജു വരാതിരുന്നതാവാം എന്നും അഭിപ്രായമുണ്ട്.

നേരത്തെ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനും മഞ്ജു എത്തിയിരുന്നില്ല. സിനിമാ ലോകത്തെ വൻ താര നിര ഭാഗ്യയുടെ വിവാഹത്തിന് എത്തിയിരുന്നു. അന്നും മഞ്ജു മാറി നിന്നു. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു സുരേഷ് ഗോപിയും മഞ്ജു വാര്യരും. പത്രം, സമ്മർ ഇൻ ബത്ലഹേം, കളിയാട്ടം തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പൊതുവെ ഒപ്പമഭിനയിച്ച നായികമാരുമായി സുരേഷ് ഗോപിക്ക് അടുത്ത സൗഹൃദമുണ്ടാകാറുണ്ട്.
എന്നാൽ മഞ്ജുവും സുരേഷ് ഗോപിയും അടുത്ത സുഹൃത്തുക്കളാണോയെന്ന് വ്യക്തമല്ല. അതേസമയം ദിലീപ് സുരേഷ് ഗോപിയുടെ പ്രിയ സുഹൃത്താണ്. ഇതേക്കുറിച്ച് രണ്ട് പേരും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുമുണ്ട്. കരിയറിലെ ഒരു ഘട്ടത്തിൽ മഞ്ജുവിന്റെ താരമൂല്യം സുരേഷ് ഗോപിക്കും ജയറാമിനും മുകളിൽ വരെയെത്തിയിട്ടുണ്ട്. സമ്മർ ഇൻ ബത്ലഹേം മഞ്ജു വാര്യരുടെ സിനിമയായാണ് ഇന്നും അറിയപ്പെടുന്നത്.
ഹിറ്റ് സിനിമകളുടെ തങ്ങളുടെ നായികയെ ജയറാമും സുരേഷ് ഗോപിയും മറന്നോയെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നു. സിനിമാ ലോകത്ത് തന്റേതായ സൗഹൃദ വലയം മഞ്ജു വാര്യർക്കുമുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടൻ കുഞ്ചാക്കോ ബോബൻ. ഗീതു മോഹൻദാസ്, സംയുക്ത വർമ തുടങ്ങിയവരെല്ലാം വർഷങ്ങളായി മഞ്ജുവിന്റെ സുഹൃത്തുക്കളാണ്.


Click it and Unblock the Notifications