കാണാൻ പ്രഭുദേവയെ പോലെ, പക്ഷെ സ്വഭാവം തീർത്തും വ്യത്യസ്തം; വിഘ്നേശിനെക്കുറിച്ച് നയൻതാരയോട് പറഞ്ഞപ്പോൾ
നടി നയൻതാരയുടെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. ഇന്ന് ഭർത്താവ് വിഘ്നേശ് ശിവനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നയൻതാര. എന്നാൽ വ്യക്തി ജീവിതത്തിൽ പ്രശ്നകലുഷിതമായ നാളുകൾ നേരത്തെ നയൻതാര അഭിമുഖീകരിച്ചിട്ടുണ്ട്. പ്രഭുദേവയുമായുണ്ടായ ബന്ധവും ഈ ബന്ധത്തിന്റെ തകർച്ചയും നടിയുടെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കി. വിവാഹിതനായ പ്രഭുദേവയുമായി അടുത്തതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ നയൻതാരയ്ക്ക് കേൾക്കേണ്ടി വന്നു.
എന്നാൽ ബന്ധത്തിൽ നടി ഉറച്ച് നിന്നു. നയൻതാരയ്ക്കെതിരെ പ്രഭുദേവയുടെ അന്നത്തെ ഭാര്യ റംലത്ത് സംസാരിക്കുന്ന സാഹചര്യം പോലുമുണ്ടായി. എന്നാൽ ഇതൊന്നും ഇവരുടെ ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കിയില്ല. റംലത്തുമായി പ്രഭുദേവ നിയമപരമായി പിരിഞ്ഞു. നയൻതാരയ്ക്കൊപ്പം ജീവിതം തുടങ്ങാനും തീരുമാനിച്ചു. മറുവശത്ത് നയൻതാര പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ കരിയർ വിടാനും തീരുമാനിച്ചു.

എന്നാൽ ഈ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. നയൻതാര-പ്രഭുദേവ ബന്ധത്തെക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാരയ്ക്കും എന്നും തന്റേതായ ടെെപ്പ് ഉണ്ടായിരുന്നെന്ന് നെറ്റിസൺസ് പറയുന്നു. വിഘ്നേശ് ശിവനും പ്രഭുദേവയും തമ്മിലുള്ള രൂപ സാദൃശ്യമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
വിഘ്നേശിനെ കാണാൻ പ്രഭുദേവയെ പോലെയുണ്ടെന്ന് നേരത്തെ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. നാനും റൗഡി താൻ എന്ന സിനിമയിൽ അഭിനയിച്ച രാഹുൽ താത്ത എന്ന നടൻ താൻ ഇക്കാര്യം നയൻതാരയോട് തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. വിഘ്നേശിനെ കാണാൻ പ്രഭുദേവയെ പോലെ തോന്നുന്നല്ലോയെന്ന് ഞാൻ പറഞ്ഞു. ഇതിന് ശേഷമാണ് നയൻതാര വിഘ്നേശിനെ ശ്രദ്ധിച്ച് തുടങ്ങിയതെന്നായിരുന്നു രാഹുൽ താത്തയുടെ അവകാശ വാദം.

ഇന്ന് പ്രഭുദേവയ്ക്കൊപ്പമുള്ള കഴിഞ്ഞ കാലം മറന്ന് കുടുംബ ജീവിതം നയിക്കുകയാണ് നയൻതാര. പ്രഭുദേവയാണ് തന്നോട് കരിയർ ഉപേക്ഷിക്കാൻ പറഞ്ഞതെന്ന് അടുത്തിടെ തന്റെ ഡോക്യുമെന്ററിയിൽ നയൻതാര പരോക്ഷമായി പറഞ്ഞിരുന്നു. അതേസമയം പ്രഭുദേവയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല. കാണാൻ സാമ്യമുണ്ടെങ്കിലും പ്രഭുദേവയും വിഘ്നേശും വ്യത്യസ്തരാണ്. പ്രഭുദേവ നയൻതാരയുടെ കരിയർ നിർത്തണമെന്ന് ആഗ്രഹിച്ചെങ്കിൽവിഘ്നേശ് നടിയെ കരിയറിൽ മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.
ഇതേക്കുറിച്ച് നയൻതാര തുറന്ന് സംസാരിച്ചിട്ടുണ്ട്. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് താൻ കരിയറിനെ കുറേക്കൂടി ഗൗരവത്തിൽ കണ്ടതെന്ന് നയൻതാര ഒരിക്കൽ പറയുകയുണ്ടായി. ഇന്ന് സിനിമാ പ്രൊഡക്ഷൻ, ഒന്നിലേറെ ബിസിനസുകൾ എന്നിവ നയൻതാരയ്ക്കുണ്ട്. ഇതിന് പിന്നിൽ വിഘ്നേശിന്റെ വലിയ പിന്തുണയുണ്ട്.
മറുവശത്ത് പ്രഭുദേവ ആഗ്രഹിച്ചത് വിവാഹ ശേഷം കരിയർ വിട്ട് വീട്ടിലിരിക്കുന്ന ഭാര്യയെയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. നയൻതാര ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറായതാണെന്നും കൗതുകകരമാണ്. അന്ന് തന്റെ കാഴ്ചപ്പാട് അങ്ങനെയായിരുന്നെന്നാണ് നയൻതാര ഇതേക്കുറിച്ച് പറഞ്ഞത്. ഇന്ന് കെെ നിറയെ സിനിമകളുമായി കരിയറിലെ തിരക്കുകളിലാണ് നയൻതാര. കന്നഡ സൂപ്പർതാരം യാഷിനൊപ്പം അഭിനയിക്കുന്ന ടോക്സിക് എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു. തമിഴിൽ മൂക്കുത്തി അമ്മന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നു. രക്കായീ എന്ന തമിഴ് സിനിമ റിലീസ് ചെയ്യാനുണ്ട്. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് ടെസ്റ്റിൽ നയൻതാരയ്ക്കൊപ്പം അഭിനയിച്ചത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
( ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/nayanthara/?hl=en നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്)


Click it and Unblock the Notifications