ഒരു വർഷമാകുന്നു...; സനുഷ എവിടെ?, വിഷാദവും ആത്മഹത്യപ്രേരണയും അലട്ടിയ നാളുകൾ, നസ്രിയയ്ക്കൊപ്പം തിളങ്ങേണ്ടവൾ!
ബാലതാരങ്ങൾ പിന്നീട് നായകനും നായികയുമെല്ലാമായി ഇന്റസ്ട്രിയിൽ തിരിച്ചെത്തി വൻ വിജയങ്ങളും പുതു ചരിത്രങ്ങളും സൃഷ്ടിക്കുന്നതിന് മലയാളികൾ പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ശാലിനി, കാളിദാസ് ജയറാം, പ്രണവ് മോഹൻലാൽ, മഞ്ജിമ മോഹൻ, ഗീതു മോഹൻദാസ്, നസ്രിയ നസീം തുടങ്ങിയവരെല്ലാം അത്തരത്തിൽ രണ്ടാം വരവിൽ വിജയങ്ങൾ സൃഷ്ടിച്ചവരാണ്. ഒരു സമയത്ത് മലയാളത്തിൽ ഏറെ സജീവമായിരുന്ന ബാലതാരമായിരുന്നു സനുഷ സന്തോഷ്.
കാസർഗോട്ടെ നിലേശ്വരം എന്ന സ്ഥലത്ത് നിന്നാണ് മലയാള സിനിമയിലേക്ക് സനുഷ എത്തുന്നത്. കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്നതാണ് സനുഷ. 2000ത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി സിനിമ ദാദാസാഹിബിൽ ബാലതാരമായി അഭിനയിച്ചതോടെ തുടരെ തുടരെ സിനിമകൾ ലഭിച്ച് തുടങ്ങി.

കരുമാടിക്കുട്ടന്‍, സായിവാര്‍ തിരുമേനി, മേഘമല്‍ഹാര്‍, മീശ മാധവന്‍, വാര്‍ ആന്റ് ലവ്, കാഴ്ച തുടങ്ങിയവയാണ് പിന്നീട് ചെയ്ത സിനിമകൾ. പ്രായത്തിൽ കവിഞ്ഞ പക്വതയോടെയായിരുന്നു ഒരോ കഥാപാത്രത്തെയും സനുഷ കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും തേടിയെത്തി. മലയാളത്തിൽ മാത്രമല്ല തമിഴിലും ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പത്ത് വർഷത്തോളം ബാലതാരമായി തെന്നിന്ത്യയിൽ നിറഞ്ഞ് നിന്ന സനുഷ 2012ൽ പതിനെട്ടാം വയസിൽ ദിലീപ് സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത്. മിസ്റ്റർ മരുമകനായിരുന്നു സിനിമ. പിന്നീട് ഇഡിയറ്റ്സ്, കുട്ടിയും കോലും, സക്കറിയയുടെ ഗർഭിണികൾ, സപ്തമശ്രീ തസ്കര, മിലി, നിർണായകം തുടങ്ങിയ മലയാളം സിനിമകളിലും ജേഴ്സി, അലക്സ് പാണ്ഡ്യൻ തുടങ്ങിയ അന്യഭാഷ സിനിമകളിലും സനുഷ അഭിനയിച്ചു.
2019ലാണ് നാനി നായകനായ ജേഴ്സി റിലീസായത്. അതിനുശേഷം നാല് വർഷത്തോളം സനുഷയെ ലൈം ലൈറ്റിൽ കണ്ടിട്ടില്ല. പിന്നീട് 2023ൽ ജലധാര പമ്പ്സെറ്റ് എന്ന സിനിമയുമായാണ് സനുഷ തിരിച്ചെത്തിയത്. പഠനവും മറ്റുമായി താൻ തിരക്കിലായിരുന്നുവെന്നും മലയാളത്തിൽ സിനിമകൾ ചെയ്തിരുന്നില്ലെങ്കിലും അന്യഭാഷയിൽ സജീവമായിരുന്നുവെന്നുമാണ് മലയാളത്തിൽ ഇടയ്ക്കിടെ ബ്രേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി.
സ്വഭാവികതയുള്ള അഭിനയമാണ് സനുഷയുടെ പ്രധാന പ്ലസ് പോയിന്റ്. ഇന്ന് അനശ്വര രാജൻ ചെയ്യുന്നത് പോലുള്ള കഥാപാത്രങ്ങൾ അനായാസമായി സനുഷയ്ക്ക് വഴങ്ങും. ജലധാര പമ്പ്സെറ്റ് ബംബർ ഹിറ്റായി മാറിയില്ലെങ്കിലും സനുഷയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. നസ്രിയയും സനുഷയുമെല്ലാം ഒരേ കാലയളവിൽ മലയാള സിനിമയിലേക്ക് എത്തിയവരാണ്.

ആക്ടിങ് കരിയറിന് സനുഷ കുറച്ച് കൂടി പ്രാധാന്യം കൊടുത്തിരുന്നുവെങ്കിൽ അനശ്വരയ്ക്കും നസ്രിയയ്ക്കും മമിതയ്ക്കും കല്യാണിക്കുമെല്ലാം ഒപ്പം സനുഷയും തിളങ്ങുമായിരുന്നു. മുപ്പതുകാരിയായ താരം കഴിഞ്ഞ ഒരു വർഷമായി സോഷ്യൽമീഡിയയിൽ പോലും ആക്ടീവല്ല. അവസാനമായി താരം ഒരു സോഷ്യൽമീഡിയ പോസ്റ്റ് പങ്കുവെച്ചത് കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു.
വിദേശ സർവകലാശാലയിൽ നിന്നും ബിരുദം സ്വന്തമാക്കിയ സന്തോഷമായിരുന്നു നടി അന്ന് പങ്കുവെച്ചത്. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് ആന്റ് സൊസൈറ്റിയിലാണ് സനുഷ എംഎസ്‌സി പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. വിദേശ പഠനകാലത്ത് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും അന്ന് താരം കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു.
തന്നെ സ്നേഹിക്കുന്ന ആരാധകരോട് സംവദിക്കാനും വിശേഷങ്ങൾ പങ്കിടാനും സനുഷ മടികാണിക്കാറില്ല. കൊവിഡ് കാലത്ത് വിഷാദവും ആത്മഹത്യപ്രേരണയും തന്നെ അലട്ടിയിരുന്നുവെന്ന് നടി പറഞ്ഞത് വൈറലായിരുന്നു. താരം മലയാള സിനിമയിൽ വീണ്ടും സജീവമാകണമെന്ന ആഗ്രഹം ആരാധകർ കമന്റിലൂടെയും മെസേജിലൂടെയും നടിയെ അറിയിക്കാറുണ്ട്. തുടരും സിനിമ വിജയമായപ്പോൾ അഭിനന്ദിച്ച് സനുഷ പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു.


Click it and Unblock the Notifications