'പഴയ കളം പിടിക്കാൻ ദിലീപ് വല്ലാണ്ട് ബുദ്ധിമുട്ടുന്നു, നല്ലൊരു സ്ക്രിപ്റ്റ് കിട്ടിയാൽ ഒരു അഴിഞ്ഞാട്ടം കാണാം'
ലോജിക്കുകളോ ബുദ്ധിജീവികളുടെ വലിച്ച് കീറലോ ഒന്നുമില്ലാതെ സിനിമകൾ ആസ്വദിച്ചിരുന്ന ഒരു കാലം മലയാളികൾക്കുണ്ടായിരുന്നു. ഇനി ഒരിക്കലും തിരിച്ച് കിട്ടാൻ പോകുന്നില്ലാത്ത മലയാള സിനിമയുടെ ആ സുവർണ്ണ കാലഘട്ടത്തിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പച്ചതും കരയിപ്പിച്ചതുമെല്ലാം ദിലീപ് സിനിമകളായിരുന്നു. അവയിൽ മിക്കതും ഇപ്പോഴും മടുപ്പില്ലാതെ ആവർത്തിച്ച് കണ്ട് ആസ്വദിക്കാൻ പാകത്തിൽ ചിരിയുടെ മാലപ്പടക്കം തീർക്കാൻ കെൽപുള്ളവയാണ്.
ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു ദിലീപ്. മലയാളി സിനിമ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും വളരെയേറെ നല്ല സിനിമകൾ നമുക്ക് ദിലീപ് സമ്മാനിച്ചു. പക്ഷെ രാമലീലയ്ക്കുശേഷം ഇറങ്ങിയതിൽ ഒട്ടുമിക്ക സിനിമകളും പ്രതീക്ഷിക്കുന്ന വിജയം നേടിയില്ല. അതിന് കാരണമായി ചിലർ പറയുന്നത് ദിലീപ് മലയാള സിനിമയുടെ മാറ്റങ്ങൾ തിരിച്ചറിയുന്നില്ല എന്നതാണ്.

മോഹൻലാൽ കഴിഞ്ഞാൽ ഫാമിലികൾക്ക് ഇടയിൽ ഇത്രയും സപ്പോർട്ട് ഉള്ള വേറെ നടൻ ഇല്ല. മാറ്റങ്ങൾ മനസിലാക്കി നല്ല സിനിമകളുടെ ഭാഗമായി ദിലീപ് തിരിച്ച് വന്ന് മലയാള സിനിമയുടെ മുൻനിരയിൽ നിൽക്കുന്നത് കാണാൻ ഇപ്പോഴും ഒരു വിഭാഗം പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. പ്രിൻസ് ആന്റ് ഫാമിലി അടക്കമുള്ള ദിലീപിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളിലാണ് ദിലീപ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. പവി കെയർടേക്കറാണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ.
ശരാശരി പ്രകടനം മാത്രമെ ചിത്രം കാഴ്ചവെച്ചുള്ളു. അതേസമയം അടുത്തിടെയായി ടെലിവിഷൻ പ്രോഗ്രാമുകളിൽ അതിഥിയായി സജീവമായി ദിലീപ് പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ സീ കേരളം സൂപ്പർ ഷോയിൽ ജനപ്രിയ നായകൻ എത്തിയതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
അടുത്തിടെയാണ് സീ കേരളം സൂപ്പർ ഷോ എന്ന പരിപാടി ആരംഭിച്ചത്. ലക്ഷ്മി നക്ഷത്ര അവതാരകയായ ഷോയിൽ ദിലീപിനൊപ്പം അതിഥികളായി നവ്യ നായരും സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും എത്തി. വൈറൽ വീഡിയോയിൽ ദിലീപിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ പാണ്ടിപ്പടയിലെ നവ്യ നായരുമായുള്ള കോമഡി രംഗം ഇരുവരും ചേർന്ന് വീണ്ടും സൂപ്പർ ഷോ വേദിയിൽ റിക്രിയേറ്റ് ചെയ്തു.
നവ്യയുടെ മീന എന്ന കഥാപാത്രത്തോട് മുറി ഇംഗ്ലീഷ് സംസാരിച്ച് പാണ്ടിദുരൈയുടേയും സംഘത്തിന്റെയും മുമ്പിൽ പേരെടുക്കാൻ ശ്രമിക്കുന്ന ഭുവനചന്ദ്രന്റെ കോമഡി സീൻ മലയാളികൾക്ക് കാണാപാഠമാണ്. ആ രംഗങ്ങളാണ് പഴയ നായികയെ വേദിയിൽ വീണ്ടും കിട്ടിയപ്പോൾ ദിലീപ് റിക്രിയേറ്റ് ചെയ്തത്. പത്തൊമ്പത് വർഷം മുമ്പ് റിലീസ് ചെയ്ത സിനിമയിലെ സീനിലിലെ ഒരു ഡയലോഗ് പോലും തെറ്റാതെ അതേ നർമത്തോടെയും സ്വഭാവികതയോടെയും ദിലീപ് അവതരിപ്പിച്ചു.

നവ്യ പോലും കൗണ്ടർ ഡയലോഗ് പറയാൻ പാടുപെട്ടു. ദിലീപ് വീഡിയോ ആയതുകൊണ്ട് തന്നെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ വീഡിയോയ്ക്ക് വന്നു. കോമഡി ടൈമിങ്ങിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. നല്ലൊരു സ്ക്രിപ്റ്റ് കിട്ടിയാൽ പഴയപോലെ ഒരു അഴിഞ്ഞാട്ടം കാണാം. അതിനുള്ള മരുന്നൊക്കെ ഇന്നും മൂപ്പരുടെ കയ്യിലുണ്ട്,
മലയാള സിനിമയിൽ ഒരു ശക്തമായ തിരിച്ചുവരവ് കാണാൻ കാത്തിരിക്കുന്നു, പഴയതുപോലെ ഒന്ന് വാ എന്റെ അണ്ണാ... നിങ്ങളെ വെല്ലാൻ ഇവിടെ ഇതുവരെ ആരും മുളച്ചിട്ടില്ല. ആ മാസ്സും ഡയലോഗും കോമഡിയും കൊണ്ട് നമ്മളെയൊക്കെ അത്ഭുതപെടുത്തിയ നായകനാണ് ദിലീപ്, പിന്നെയും പിന്നെയും കാണാൻ തോന്നുന്ന ഒരു പറ്റം സിനിമകൾ ഇദ്ദേഹം തന്നിട്ടുണ്ട്, ദിലീപ് ചെയ്ത് വെച്ചിരിക്കുന്നതെല്ലാം വേറെ ലെവൽ സാധനങ്ങൾ എന്നിങ്ങനെ നീളുന്നു അനുകൂലിച്ചുള്ള കമന്റുകൾ.
പഴയ കളം പിടിക്കാൻ ദിലീപ് വല്ലാണ്ട് ബുദ്ധിമുട്ടുന്നു എന്നായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ. 2025യിൽ ആ പഴയ ദിലീപ് തിരിച്ചുവരുമെന്നും ചിലർ പ്രതീക്ഷയോടെ കുറിച്ചിട്ടുമുണ്ട്.


Click it and Unblock the Notifications











