'അഭിനയ മികവുകൊണ്ട് ഫീൽഡ് ഔട്ടായ റിമയെ വീണ്ടും ഫീൽഡിൽ ഇറക്കി രണ്ടാമതും ഫീൽഡ് ഔട്ടാക്കി'; റിമയ്ക്കെതിരെ ട്രോളുകൾ
സോഷ്യൽമീഡിയയുടെ വരവിന് മുമ്പ് വാമൊഴിയായിട്ടാണ് പുതിയതായി റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് തിയേറ്ററിൽ പോയി സിനിമ ആസ്വദിച്ചവർ മറ്റുള്ളവരോട് പറയുന്നത്. എന്നാൽ ഇന്ന് കഥ മാറി. സിനിമ റിലീസ് ചെയ്ത് കഴിയുമ്പോൾ ആദ്യ ഷോയ്ക്ക് തന്നെ പോയി സിനിമ കണ്ടശേഷം തനിക്ക് തോന്നിയ അഭിപ്രായങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസായും സോഷ്യൽമീഡിയയിൽ കുറിപ്പായും യുട്യൂബിൽ റിവ്യു എന്ന പേരിലും പങ്കുവെക്കാൻ തുടങ്ങി.
സിനിമ കാണാത്തവർ സോഷ്യൽമീഡിയ അരിച്ച് പെറുക്കി ഭൂരിപക്ഷ അഭിപ്രായം എന്താണെന്ന് അറിഞ്ഞ ശേഷമാണ് സിനിമ കാണണോ വേണ്ടയോയെന്ന് പോലും തീരുമാനിക്കുന്നത്. അത്തരത്തിൽ അടുത്തിടെ ഇറങ്ങിയതിൽ സമ്മിശ്ര പ്രതികരണം നേടുന്ന സിനിമയാണ് നീലവെളിച്ചം.

ചിലർ നല്ലതാണെന്ന് പറയുമ്പോൾ മറ്റ് ചിലർ കാസ്റ്റിങ് അടക്കം ബോറായിരുന്നുവെന്നാണ് അഭിപ്രായപ്പെടുന്നത്. അതിൽ ഏറ്റവും കൂടുതൽ ട്രോളുകൾ കിട്ടുന്നത് നായിക റിമ കല്ലിങ്കലിനാണ്. അഭിനയം വശമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതുപോലെ നടി കൃത്രിമമായി അഭിനയിച്ചിരിക്കുന്നുെവെന്നാണ് സിനിമ കണ്ടവരിൽ ഒരു വിഭാഗം പറയുന്നത്.
മലയാളത്തിന്റെ വിഖ്യാതനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥയായ നീലവെളിച്ചത്തിനെ ആസ്പദമാക്കി വെള്ളിത്തിരയിലെത്തിയ ചിത്രമാണ് നീലവെളിച്ചം. ടൊവിനൊ തോമസിനെ പ്രധാന കഥാപാത്രമാക്കി ആഷിഖ് അബുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം വന്നത് എന്ന പ്രത്യേകത കൊണ്ട് തന്നെ നീലവെളിച്ചത്തിന്റെ റിലീസിന് വേണ്ടി പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു.
ചിത്രത്തിൽ റിമ കല്ലിങ്കലിനും ടൊവിനൊ തോമസിനും പുറമെ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1964ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥ എഴുതി ഭാർഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിൻസെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

നീലവെളിച്ചം പ്രമോഷന് വേണ്ടി ആഷിക് അബു പ്രസ്മീറ്റിന് എത്തിയപ്പോഴും റിമയെ നായികയായി കാസ്റ്റ് ചെയ്തിനെ കുറിച്ച് ചോദ്യങ്ങൾ വന്നിരുന്നു. വീട്ടിലെ ആളുകളെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമയെന്നും തന്റെ വീട്ടിലെ ആളാവുന്നതിനും മുമ്പ് അഭിനേത്രിയായ വ്യക്തിയാണ് റിമയെന്നുമാണ് അന്ന് ആഷിക് മറുപടിയായി പറഞ്ഞത്.
ഒരു സൗജന്യത്തിന്റെ പേരില്‍ നടന്ന കാസ്റ്റിങ് അല്ല റിമയുടേത്. പണിയറിയാവുന്ന ആളാണവര്‍. ഓരോ ആളുകളിലേക്കും ഒരു ചലച്ചിത്രകാരന്‍ എത്താന്‍ കാരണങ്ങളുണ്ട്. അത്തരത്തിലൊരു കാരണം വളരെ ശക്തമായി റിമയിലുണ്ടെന്നും ആഷിക് അബു പറഞ്ഞിരുന്നു. എന്നാൽ സിനിമ കണ്ട പ്രേക്ഷകർ കാസ്റ്റിങിൽ ആഷിക് പിശുക്കി എന്നാണ് കുറിക്കുന്നത്.
റിമ അല്ലാതെ മറ്റൊരു നടിയെ കുറിച്ച് ആലോചിക്കണമായിരുന്നുവെന്നും അതിന് ആഷിക് തയ്യാറാവാത്തത് സിനിമയെ നന്നായി ബാധിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ കുറിക്കുന്നു. കഴിഞ്ഞ ദിവസം നീലവെളിച്ചം പ്രമോഷനായി വിദേശത്ത് പോയതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ വളരെ അധികം പരിഹാസ കമന്റുകളാണ് റിമയുടെ അഭിനയത്തെ കുറിച്ച് വരുന്നത്.
'ഫീൽഡ് ഔട്ടായ മത്തിയെ വീണ്ടും ഫീൽഡിൽ ഇറക്കി രണ്ടാമതും ഫീൽഡ് ഔട്ടാക്കിയ നിങ്ങൾ ഒമർ ഇക്കാക്ക് ഒരു വെല്ലുവിളിയാണ്, സംവിധായകൻ ഉദ്ദേശിക്കുന്നത് എന്തോ... അഭിനയിക്കുന്നത് വേറെ എന്തോ.... ഔട്ട്പുട് നല്ല ദുരന്തം... കൂടുതൽ ഒന്നും പറയാൻ ഇല്ല' എന്നെല്ലാമാണ് കമന്റുകൾ വന്നിരിക്കുന്നത്. വളരെ നാളുകൾക്ക ശേഷമാണ് റിമ നായികയായി ഒരു സിനിമ തിയേറ്ററിൽ എത്തുന്നത്.


Click it and Unblock the Notifications