'മലയാള സിനിമയിൽ നിന്നും അപർണ വാനിഷായോ?, അതോ അവസരങ്ങൾ ലഭിക്കുന്നില്ലേ?'; അപർണ ഗോപിനാഥിനെ കുറിച്ച് ചർച്ച!
ഓരോ മാസവും മലയാളത്തിൽ അടക്കം നിരവധി പുത്തൻ താരോദയങ്ങളാണ് ഉണ്ടാകുന്നത്. സിനിമയിൽ കയറി പറ്റുക എന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ ഒന്നാണ് കൃത്യമായ ഇടവേളകളിൽ സിനിമകൾ ചെയ്ത് അവിടെ തന്നെ തുടരുക, മാർക്കറ്റ് വാല്യു നിലനിർത്തുക എന്നത്. മലയാളത്തിലൂടെ അരങ്ങേറിയിട്ടും പിടിച്ച് നിൽക്കാൻ കഴിയാതെ വരുമ്പോൾ അന്യഭാഷകളിൽ പോയി കരിയർ കെട്ടിപ്പടുക്കുന്ന താരങ്ങളും നിരവധിയാണ്.
നിരന്തരം നിരവധി പുതുമുഖങ്ങൾ അരങ്ങേറുന്നതിനാൽ തുടരെ തുടരെ സിനിമകൾ ചെയ്തില്ലെങ്കിൽ പലരുടേയും പേരും മുഖവും പോലും പ്രേക്ഷകരുടെ മനസിൽ നിന്ന് മാഞ്ഞ് പോകും. പിന്നീട് വല്ലപ്പോഴും അവരുടെ സിനിമകൾ കാണുമ്പോൾ മാത്രമാണ് ഇങ്ങനൊരു താരം മലയാള സിനിമയിൽ ഉണ്ടായിരുന്നുവല്ലോയെന്ന ചിന്ത തന്നെ പ്രേക്ഷകർക്കുണ്ടാകുന്നത്.

അത്തരത്തിൽ മലയാള സിനിമയിൽ നിന്നും അപ്രത്യക്ഷയായ ഒരു നടിയെ കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എബിസിഡി, മുന്നറിയിപ്പ്, ബൈസിക്കിൾ തീവ്സ്, ചാർളി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അപർണ ഗോപിനാഥിനെ കുറിച്ചാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെഡ്ഡിറ്റിൽ ചർച്ച. അപർണ ഗോപിനാഥ് എവിടെപ്പോയി?.
അപ്രത്യക്ഷയായോ അതോ അഭിനയിക്കാൻ താൽപര്യമില്ലാതെ വിട്ടുനിൽക്കുകയാണോയെന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിൽ നിന്നാണ് ചർച്ചയുടെ തുടക്കം. 2013ൽ എബിസിഡിയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ അപർണ 2019വരെയാണ് സിനിമകളിൽ അഭിനയിച്ചത്. അക്കാലയളവിൽ ചെയ്തത് വെറും പതിനാല് സിനിമകൾ മാത്രമാണ്. അതിൽ കോമേഴ്സ്യൽ സക്സസായ വിരളമാണ്.
2019ൽ സേഫ് എന്ന സിനിമയിൽ അഭിനയിച്ചശേഷം അപർണയെ മലയാളി പ്രേക്ഷകർ കണ്ടിട്ടില്ല. സോഷ്യൽമീഡിയയിൽ ആക്ടീവായ താരം വളരെ വിരളമായി മാത്രമാണ് സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെക്കുന്നത്. ചെന്നൈയിലാണ് അപർണ ഇപ്പോൾ താമസിക്കുന്നതെന്നാണ് റിപ്പോർട്ട്. തിയേറ്റർ ആർട്ടിസ്റ്റ് കൂടിയാണ് അപർണ.
നടിയെ കുറിച്ചുള്ള ചർച്ചകൾ റെഡ്ഡിറ്റിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് താരത്തെ ചെന്നൈയിൽ വെച്ച് കണ്ടിരുന്നുവെന്നും കൂടാതെ അവർ അടുത്തിടെ ഒരു നാടകം സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തുവെന്നും ചെന്നൈയിലും പോണ്ടിച്ചേരിയിലും നാടകം അവതരിപ്പിച്ചുവെന്നും മാത്രമല്ല നേരിട്ട് കണ്ട് സംസാരിക്കാൻ കഴിഞ്ഞുവെന്നും യൂസർമാരിൽ ഒരാൾ കുറിച്ചു. നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് സംസാരത്തിലൂടെ വ്യക്തമായിയെന്നും കുറിച്ചു.

അപർണ മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ലാത്തതിനാലാണ് അവസരങ്ങൾ ലഭിക്കാത്തതെന്നാണ് മറ്റൊരാൾ കുറിച്ചത്. അതേസമയം ഒരു വിഭാഗം ആളുകൾ അപർണയെ പിന്തുണച്ചുമെത്തി. ഒരു അഭിനേത്രി നിരന്തരമായി സിനിമകൾ ചെയ്യുന്നില്ലെന്ന് കരുതി അവരുടെ ജീവിതം തന്നെ പരാജയമായിയെന്ന് വിധിയെഴുതുന്നത് വളരെ മോശം പ്രവർത്തിയാണെന്നാണ് നടിയുടെ കരിയറിനെ വിമർശിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾക്കെതിരെ ഒരാൾ കുറിച്ചത്.
അപർണ ഗോപിനാഥ് നല്ലൊരു നടിയാണ്. വർഷങ്ങളായിട്ടും ആളുകൾ അവരെ ഓർമ്മിക്കുന്നത് ഒരുപിടി സിനിമകൾ അവർ ചെയ്തിട്ടുണ്ട് എന്നതുകൊണ്ടാണ്. ഇപ്പോൾ അവർക്ക് 40 വയസിന് അടുത്തുണ്ട്. ജീവിതത്തിൽ കൂടുതൽ മികച്ച കാര്യങ്ങൾ ചെയ്യുന്നുണ്ടാകാം.
സിനിമ ചെയ്യാതിരിക്കുന്നു എന്നതിനർത്ഥം അവർ ജീവിതത്തിലോ മറ്റെന്തെങ്കിലുമോ പരാജയപ്പെട്ടു എന്നല്ല. ഒരാളെ പരാജയപ്പെട്ട നടിയായി മുദ്രകുത്തുന്നതും അവർക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറയുന്നതും ശരിയായ പ്രവണതയല്ലെന്നുമായിരുന്നു കമന്റ്. അപര്‍ണ കഴിഞ്ഞ ഫെബ്രുവരിയിൽ പങ്കുവെച്ച ഒരു ചിത്രത്തിലെ ക്യാപ്ഷൻ ആരാധകരെ ആശയകുഴപ്പത്തിലാക്കിയിരുന്നു.
തിരിച്ച് വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും വിധി അതായതുകൊണ്ടും പ്രാർഥന കൊണ്ടും തിരിച്ചുവരുന്നു എന്നാണ് ഒരു ബ്ലാക് ആന്‍റ് വൈറ്റ് ചിത്രം പങ്കുവെച്ച് അന്ന് അപര്‍ണ ക്യാപ്ഷന്‍ നല്‍കിയത്. ഇതോടെ നടി ഏതോ ഭീകരമായ രോഗാവസ്ഥയിലൂടെയോ അല്ലെങ്കില്‍ മരണത്തെ അഭിമുഖീകരിച്ച അവസ്ഥയിലെയോ കടന്നുപോയി എന്ന തരത്തിൽ ആളുകൾ ചിന്തിക്കുകയും കമന്റുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











