ഗുഡ് വൈബ്സ് ഓൺലി; ഇരുപത്തഞ്ചുകാരൻ പയ്യന്റെ സ്വപ്ന സാക്ഷാത്കാരം, ബജറ്റല്ല അന്നും ഇന്നും കഥ തന്നെ ഹീറോ!
ഓരോ മാസവും ചെറുതും വലുതുമായ മുപ്പതോളം സിനിമകളാണ് തമിഴ് ഇന്റസ്ട്രിയിൽ റിലീസ് ചെയ്യപ്പെടുന്നത്. അവയിൽ ഭൂരിഭാഗവും ഒരാഴ്ചയ്ക്കപ്പുറം തിയേറ്ററിൽ അതിജീവിക്കാറില്ല. എന്നാൽ യാതൊരു വിധത്തിലുള്ള പബ്ലിസിറ്റിയോ വാഗ്ദാനങ്ങളോ നൽകാതെ റിലീസ് ചെയ്യപ്പെട്ട പല സിനിമകളും വൻ വിജയം നേടിയിട്ടുമുണ്ട്. മൗത്ത് പബ്ലിസിറ്റിയാണ് ഇത്തരം സിനിമകളുടെ വിജയത്തിന് കാരണമായിട്ടുള്ളത്.
അത്തരത്തിൽ ഈ വർഷം റിലീസ് ചെയ്ത തമിഴ് സിനിമകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ഏപ്രിൽ അവസാനമാണ് സിനിമ റിലീസ് ചെയ്തത്. അഭിഷാൻ ജീവൻത് എന്ന നവാഗതനായ സംവിധായകനാണ് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. അഭിഷാൻ തന്നെയായിരുന്നു തിരക്കഥ ഒരുക്കിയതും.

ശശികുമാർ, സിമ്രാൻ, ആവേശം ഫെയിം മിഥുൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്. അജിത്ത് സിനിമ ഗുഡ് ബാഡ് അഗ്ലി, സൂര്യ സിനിമ റെട്രോ എന്നിവയ്ക്കൊപ്പമാണ് ടൂറിസ്റ്റ് ഫാമിലിയും തിയേറ്ററുകളിൽ എത്തിയത്. റെട്രോ കാണാൻ എത്തി ടിക്കറ്റ് ലഭിക്കാതെ പോയവരിൽ പലരുമായിരുന്നു റിലീസ് ദിവസം ടൂറിസ്റ്റ് ഫാമിലി കാണാനെത്തിയ ആദ്യ പ്രേക്ഷകരിൽ ഏറെയും.
ഉറങ്ങാമെന്ന് കരുതി കയറിയവർ ആദ്യം മുതൽ അവസാനം വരെ ഒരു നിമിഷം പോലും ചിന്ത മാറിപ്പോകാതെ സിനിമ കണ്ട് തീർത്തു. ചില സീനുകളിൽ പൊട്ടി ചിരിച്ച് ആളുകളുടെ കണ്ണുകൾ നിറഞ്ഞു. ചില സീനുകളിൽ ഇമോഷണലായും മറ്റ് ചില സീനുകളിൽ സംതൃപ്തി കൊണ്ടും ആളുകളുടെ കണ്ണ് നിറഞ്ഞു. ആദ്യ ദിവസം തിയേറ്ററുകളിൽ എത്തിയ പ്രേക്ഷകർ നൽകിയ മൗത്ത് പബ്ലിസിറ്റിയാണ് സിനിമ പിന്നീട് ഹൗസ് ഫുള്ളായി പ്രദർശിപ്പിക്കാൻ ഇന്ധനമായത്.
എട്ട് കോടി മുടക്കി നിർമ്മിച്ച കൊച്ചു ചിത്രം ഒരു മാസം കൊണ്ട് നൂറ് കോടിയാണ് നേടിയത്. നവാഗത സംവിധായകൻ ഒരു കൊച്ചു ചിത്രം കൊണ്ട് നൂറ് കോടി ക്ലബ്ബിൽ അനായാസേന കയറുക എന്നത് അടുത്തൊന്നും തെന്നിന്ത്യൻ സിനിമയിൽ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. ശ്രീലങ്കയിൽ നിന്നും അഭയാർത്ഥികളായി വന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി പറഞ്ഞത്. പരസ്പരം ബഹുമാനിക്കുന്ന ഒരു കുടുംബത്തെയാണ് ടൂറിസ്റ്റ് ഫാമിലി പ്രേക്ഷകന് കാട്ടിത്തരുന്നത്.
ആരോ പറഞ്ഞതുപോലെ മനുഷ്യത്വമാണ് ഈ സിനിമയിലെ നായകത്വം വഹിച്ചത്. ബജറ്റല്ല അന്നും ഇന്നും കഥയും മേക്കിങും അഭിനയവും എല്ലാം തന്നെയാണ് ഒരു സിനിമയുടെ വിജയത്തിന് കാരണമാകുന്നതെന്ന് ടൂറിസ്റ്റ് ഫാമിലിയിലൂടെ വീണ്ടും തെളിഞ്ഞു. താരങ്ങളുടെ മാർക്കറ്റ് വാല്യുവിന് പോലും മോശം സിനിമയെ വിജയിപ്പിക്കാൻ ആവില്ലെന്ന് പകൽ പോലെ വ്യക്തമാകും.

ഒടിടിയിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടവരെല്ലാം ഏറെയും തിരിഞ്ഞത് ആരാണ് സംവിധായകൻ എന്നാണ്. ഇരുപത്തഞ്ചുകാരൻ പയ്യന്റെ വർഷങ്ങളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ടൂറിസ്റ്റ് ഫാമിലിയെന്ന് മനസിലായപ്പോൾ ആളുകളുടെ കണ്ണിൽ അത്ഭുതമായിരുന്നു. തിരുച്ചിറപ്പള്ളി സ്വദേശിയായ അഭിഷന് സിനിമയിൽ ഗോഡ്ഫാദേഴ്സില്ല.
ചെന്നൈ ലയോള കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിഎസ്‌സി ബിരുദം നേടിയശേഷം ആ അറിവും വായിച്ചതും പഠിച്ചതുമായ കാര്യങ്ങളും ഉപയോഗിച്ചാണ് സിനിമയിലേക്ക് എത്തിയത്. ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു സംവിധാനം ചെയ്ത് തുടങ്ങിയത്. അവയിൽ മിക്കതും മികച്ച പ്രതികരണം നേടിയവയാണ്.
കമൽഹാസന്റെ ഐക്കണിക് ചിത്രമായ തെന്നാലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടൂറിസ്റ്റ് ഫാമിലിക്ക് അഭിഷാൻ തിരക്കഥ എഴുതി തുടങ്ങിയത്. ധനുഷ്, എസ്.എസ് രാജമൗലി, സൂര്യ തുടങ്ങിയ പ്രമുഖരെല്ലാം ടൂറിസ്റ്റ് ഫാമിലി സിനിമയെ പ്രശംസിച്ച് എത്തിയിരുന്നു.


Click it and Unblock the Notifications











