മോഹന്‍ലാല്‍ മാത്രമുണ്ടായാല്‍ പൂര്‍ണമാവുമോ? സത്യന്‍ അന്തിക്കാട് സിനിമയിലെ താരങ്ങളെ പറ്റി ആരാധകര്‍
എമ്പുരാന്‍, ബറോസ് എന്നിങ്ങനെ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നതും ലാല്‍ സംവിധാനം ചെയ്യുന്നതുമായ ബിഗ് ബജറ്റ് സിനിമകളാണ് വരാന്‍ പോവുന്നത്. ഇതിനിടയില്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമ കൂടി വരികയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ പേര് വെളിപ്പെടുത്തി കൊണ്ട് സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ മുന്‍പ് പിറന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ പ്രമുഖരായ താരങ്ങളൊന്നും ഇന്നില്ലാത്തത് വലിയൊരു നഷ്ടം തന്നെയായിരിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ആരാധകര്‍. സംവിധായകന്റെ പോസ്റ്റിന് താഴെയാണ് നിരവധി അഭിപ്രായങ്ങളുമായി ആരാധകര്‍ എത്തിയത്.

സിനിമയെ കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞതിങ്ങനെയാണ്... 'ഷൂട്ടിങ് പൂര്‍ത്തിയായി റിലീസ് ഡേറ്റ് അടുക്കുമ്പോള്‍ മാത്രം പേരിടുന്ന പതിവായിരുന്നു പണ്ട്. വളരെ കുറച്ച് ചിത്രങ്ങള്‍ക്ക് മാത്രമേ പേര് നേരത്തെ തീരുമാനിക്കാറുള്ളു. കഥയ്ക്ക് മുമ്പ് പേര് കിട്ടിയ ചരിത്രമാണ് ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിനുള്ളത്. 'അടുത്ത സിനിമ ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ ആയാലോ ' എന്ന് ചോദിച്ചപ്പോഴേക്കും ശ്രീനി പറഞ്ഞു... ' നമുക്ക് ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന് പേരിടാം.
വീണ്ടും മോഹന്‍ലാല്‍ എന്റെ നായകനാകുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥ എന്റെ മനസ്സില്‍ രൂപപ്പെട്ടു കഴിഞ്ഞപ്പോള്‍ കൂടെയിരുന്ന് അത് തിരക്കഥയാക്കാനും സംഭാഷണങ്ങള്‍ എഴുതുവാനും 'നൈറ്റ് കോള്‍' എന്ന മനോഹരമായ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത സോനു ടി പി യെയാണ് തിരഞ്ഞെടുത്തത്.
'സൂഫിയും സുജാതയും', 'അതിരന്‍' എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം ഏറെ പ്രിയപ്പെട്ട പ്രശാന്ത് മാധവും.' സത്യന്‍ അന്തിക്കാട് പറയുന്നു.

എന്നാല്‍ മോഹന്‍ലാല്‍ മാത്രമായിട്ട് സത്യന്‍ അന്തിക്കാടിന്റെ സിനിമ പൂര്‍ണ്ണമാകുമോ? എന്ന് ചോദിക്കുകയാണ് ആരാധകര്‍. സത്യേട്ടന്റെ സിനിമകളില്‍ നിന്നും ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ഭരതന്‍ തുടങ്ങിയവര്‍ ഉണ്ടാക്കിയ ശൂന്യത ഒരു പരിധി വരെ നികത്തിയത് ഇന്നസെന്റും, മാമൂക്കോയയും, നെടുമുടി വേണു, കെപിഎസി ലളിത, ശ്രീനിവാസന്‍ തുടങ്ങിയുള്ളവര്‍ ആയിരുന്നു.
ആദ്യത്തെ നാല് പേരും അരങ്ങ് ഒഴിഞ്ഞു. ശ്രീനിവാസന് ആരോഗ്യപ്രശ്‌നവും. ശരിക്കും സത്യന്‍ അന്തിക്കാടിന്റെ മനസ്സ് മുഴുവനും ടെന്‍ഷനായിരിക്കും ഷൂട്ടിംഗ് സമയത്ത്. പണ്ട് ഷോട്ട് റെഡിയായി സീന്‍ അഭിനയിക്കാന്‍ വരുന്നവര്‍ക്ക് കൃത്യമായി അറിയാം സത്യന്‍ അന്തിക്കാടിന്റെ മനസ്സില്‍ എന്താണെന്ന്. ഇനിയോ?
ഒരു പുതുമുഖ സംവിധയകള്‍ ആക്ഷന്‍ കട്ട് പറയുന്ന പോലെത്തെ സാഹചര്യത്തിലൂടെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ കടന്ന് പോകും.
ഷൂട്ടിംഗ് സമയത്ത് പലരേയും മിസ്സ് ചെയ്യും പ്രത്യേകിച്ച് ഇന്നസെന്റ്, മാമൂക്കോയ നെടുമുടി വേണു, കെപിഎസി ലളിത എന്നിവരെയെന്നും പറയുകയാണ് ആരാധകര്‍.


Click it and Unblock the Notifications