എല്ലാം ഒപ്പിക്കൽ; അജിത്തിന് അഭിനയം താൽപര്യമില്ല, ഫാൻസ് വിജയിപ്പിക്കുമെന്ന് അറിയാം, വിജയിയുടേത് നല്ല തീരുമാനം!
തമിഴിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇപ്പോൾ നല്ല കാലമല്ലെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം. കാരണം അജിത്ത്, സൂര്യ, വിജയ്, രജിനികാന്ത്, വിക്രം തുടങ്ങിയവരെല്ലാം ഫീൽഡ് ഔട്ടാകാൻ പോകുന്ന താരങ്ങളെപ്പോലെയാണ് സിനിമകൾ അഭിനയിച്ച് തിയേറ്ററുകളിൽ എത്തിക്കുന്നത്. അജിത്ത്, സൂര്യ, വിജയ് എന്നിവരാണ് തുടരെ തുടരെ പരാജയം ഏറ്റുവാങ്ങുന്നവരിൽ പ്രധാനികൾ.
ഇപ്പോഴിതാ അജിത്ത് സിനിമ ഗുഡ് ബാഡ് അഗ്ലിയെ കുറിച്ചും സൂര്യ ചിത്രം റെട്രോയെ കുറിച്ചും വിജയ് ചിത്രം ഗോട്ടിനെ കുറിച്ചും വിക്രം സിനിമ വീര ധീര സൂരനെ കുറിച്ചും റെഡ്ഡിൽ പ്രത്യക്ഷപ്പെട്ട കമന്റുകളാണ് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസമാണ് ഗുഡ് ബാഡ് അഗ്ലിയും വീര ധീര സൂരയും ഒടിടിയിൽ എത്തിയത്. സ്പൂഫ് പടത്തേക്കാൾ നിലവാരം കുറഞ്ഞ രീതിയിലാണ് ഗുഡ് ബാഡ് അഗ്ലി ചെയ്തിരിക്കുന്നത്.

ഇതേ എകെ തന്നെയാണ് ഒരു കാലത്ത് അഭിനയത്തിലൂടെ വിസ്മയിപ്പിച്ചിരുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് കമന്റുകൾ. സിനിമയോട് താൽപര്യമുള്ള തരത്തിൽ ഒരു തരത്തിലുള്ള കഠിനാധ്വാനവും ഗുഡ് ബാഡ് അഗ്ലിക്ക് വേണ്ടി അജിത്ത് ചെയ്തിട്ടില്ലെന്ന് സിനിമ കാണുമ്പോൾ വ്യക്തമാണ്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറെന്ന പോലെ കെട്ടുറപ്പില്ലാത്ത കഥയും തട്ടുപൊളിപ്പൻ പാട്ടും സ്റ്റണ്ടും മാത്രമാണ് ഗുഡ് ബാഡ് അഗ്ലി എന്ന സിനിമ.
വിജയിയുടെ ഗോട്ടും സമാന സ്വഭാവമുള്ള സിനിമയായിരുന്നു. പക്ഷെ അഭിനയം കൊണ്ട് വിജയ് ഞെട്ടിച്ചു. ഗോട്ട് പരാജയപ്പെടാൻ കാരണം സംവിധായകനാണ്. എന്ത് അഭിനയിച്ചാലും എങ്ങനെ അഭിനയിച്ചാലും കുഴപ്പമില്ല. ആരാധകർ സിനിമ വിജയിപ്പിച്ച് മുടക്ക് മുതൽ തിരിച്ച് പിടിക്കാൻ സഹായിക്കുമെന്ന് അജിത്തും വിജയിയും മനസിലാക്കിയിരിക്കുന്നു.
രണ്ടുപേർക്കും ഇപ്പോഴും വലിയൊരു ആരാധകവൃന്ദമുണ്ട്. ഇരുവരും വെറുതെ വന്നൊന്ന് തല കാണിച്ച് നാല് ഡയലോഗ് പറഞ്ഞാൽ തന്നെ ആളുകൾ തിയേറ്ററിലേക്ക് തള്ളി കയറും. കുറഞ്ഞ പരിശ്രമം കൂടുതൽ ശമ്പളം. ആരാണ് ഇതൊന്നും വേണ്ടെന്ന് വെക്കുക. ലളിതമായ ജോലിക്ക് കൂടുതൽ പ്രതിഫലം ലഭിക്കുമെങ്കിൽ സൂപ്പർസ്റ്റാറുകൾ മാത്രമല്ല ആരായാലും മോശം തിരക്കഥയ്ക്ക് വെച്ച് കൊടുക്കുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
കഴിഞ്ഞ ഒരു ദശാബ്ദമായി അജിത്ത് സിനിമയ്ക്ക് വേണ്ടി ആത്മാർത്ഥമായി ഒന്നും ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും 20-30 ദിവസങ്ങൾക്കുള്ളിൽ തിരക്കിട്ട് ചിത്രീകരിച്ചതായി തോന്നുന്നു. ജോലി ചെയ്യാൻ സമയം ചെലവഴിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലാത്തതുപോലെ. അഭിനയം കുറച്ച് കൂടി മെച്ചപ്പെടുത്തിയിരുന്നുവെങ്കിൽ ഗുഡ് ബാഡ് അഗ്ലി ഇത്രത്തോളം നിരാശ നൽകുകയില്ലായിരുന്നു.

പല സീനുകൾക്കും റിഹേഴ്‌സൽ ആവശ്യമായിരുന്നുവെന്ന് തോന്നി. അജിത്ത് നന്നായി അഭിനയിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ പരിശ്രമം അജിത്ത് കാണിക്കുന്നില്ല. തന്നിൽ നിന്ന് ഒന്നും ആവശ്യപ്പെടാത്തതും താൻ ചെയ്യുന്നതെന്തും ഷോട്ട് ഓകെ സർ എന്ന് പറയുന്നതുമായ സംവിധായകരെ മാത്രമെ അദ്ദേഹം തിരഞ്ഞെടുക്കുന്നുള്ളൂവെന്നും പ്രതികരണങ്ങളുണ്ട്. അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും ക്രിഞ്ച് ഫീൽ ഉണ്ടാക്കിയ സിനിമയെന്നാണ് റെട്രോയെ കുറിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ.
ഗുഡ് ബാഡ് അഗ്ലി, ഗോട്ട്, റെട്രോ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വീര ധീര സൂരയ്ക്കാണ് നിലവാരമെന്നും കമന്റുകളുണ്ട്. അഭിനയം അവസാനിപ്പിക്കാൻ പോകുന്നുവെന്ന വിജയിയുടെ തീരുമാനം പോലെ അജിത്തും സിനിമ വിട്ട് റേസിങുമായി മുന്നോട്ട് പോയാൽ നിലവിലുള്ള ആരാധകരെ എങ്കിലും നഷ്ടപ്പെടാതിരിക്കുമെന്നും പ്രതികരണങ്ങളുണ്ട്.


Click it and Unblock the Notifications











