മുഖത്ത് മാറ്റം വന്ന് തുടങ്ങി, പ്രായത്തിന്റേതോ; മാർക്കറ്റ് ഇടിഞ്ഞിരിക്കെ നയൻതാരയെക്കുറിച്ച് നെറ്റിസൺസ്
തെന്നിന്ത്യൻ താര റാണിയായി ആരാധകർ ആഘോഷിച്ച നയൻതാരയ്ക്ക് മാർക്കറ്റ് കുത്തനെ ഇടിഞ്ഞ സാഹചര്യമാണിപ്പോൾ. തുടരെ വന്ന പരാജയങ്ങൾ, പ്രചരിച്ച അഭ്യൂഹങ്ങൾ, വിവാദങ്ങൾ എന്നിവയെല്ലാം നയൻതാരയുടെ പ്രതിച്ഛായയെ ബാധിച്ചു. അഹങ്കാരിയും തന്നിഷ്ടക്കാരിയുമാണ് നയൻതാരയെന്നും പ്രൊഡ്യൂസർമാർക്ക് നടിയുടെ നിബന്ധനകൾ സഹിക്കാൻ പറ്റുന്നില്ലെന്നും ഗോസിപ്പുകൾ വന്നു. ധനുഷുമായുണ്ടായ പ്രശ്നവും ഇതിനിടെ ചർച്ചയായി.
ഇതാദ്യമായല്ല നയൻതാരയ്ക്ക് നേരെ ഹേറ്റേഴ്സ് പ്രചരണങ്ങളുണ്ടാകുന്നത്. അന്നൊക്കെയും സൂപ്പർഹിറ്റുകളിലൂടെ മറുപടി കൊടുക്കാൻ നയൻതാരയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് അതല്ല സാഹചര്യം. ജവാൻ ഒഴിച്ച് അടുത്ത കാലത്തൊന്നും എടുത്ത് പറയാൻ ഒരു ഹിറ്റില്ല. നയൻതാരയുടെ സ്ക്രീൻ പ്രസൻസിനും കോട്ടം തട്ടിത്തുടങ്ങിയെന്നാണ് ഇപ്പോൾ വരുന്ന വാദം.

കഴിഞ്ഞ ദിവസം നയൻതാരയുടെ പുതിയ പരസ്യം പുറത്തിറങ്ങി. നയൻതാരയുടെ മുഖ സൗന്ദര്യത്തിൽ മാറ്റം വന്നെന്നാണ് ചിലർ പറയുന്നത്. പ്രായമായതിന്റെ മാറ്റമാണിതെന്നും മേക്കപ്പ് നന്നായി ചെയ്യാത്തതിന്റെ പോരായ്മയുണ്ടെന്നും കമന്റുകളുണ്ട്. മുഖ സൗന്ദര്യത്തിൽ വലിയ ശ്രദ്ധ നൽകുന്നയാളാണ് നയൻതാര. നടി പ്ലാസ്റ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്ന് ഏറെക്കാലമായി പ്രചാരമുണ്ടായിരുന്നു. എന്നാൽ ഈയടുത്ത് നയൻതാര ഈ വാദം നിഷേധിച്ചു. ഐ ബ്രോ മേക്കപ്പിൽ വരുന്ന വ്യത്യാസവും ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയുകയും ചെയ്യുന്നതുമായിരിക്കാം ആളുകൾക്ക് താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടാകാൻ കാരണം. എന്റെ മുഖത്ത് നുള്ളി നോക്കാം, കത്തിച്ച് നോക്കാം, പക്ഷെ നിങ്ങൾക്ക് പ്ലാസ്റ്റിക് കാണാൻ പറ്റില്ലെന്ന് നയൻതാര പറഞ്ഞു.
അതേസമയം ഈ വാദം പലരും എതിർത്തു. ബോടോക്സും ഫില്ലേർസും നയൻതാര ഉപയോഗിച്ചിട്ടുണ്ടെന്ന് ചില കോസ്മെറ്റോളജിസ്റ്റുകൾ പറഞ്ഞു. പ്ലാസ്റ്റിക് സർജറിയെന്നാൽ പ്ലാസ്റ്റിക് മുഖത്ത് വെക്കൽ അല്ല. ഫില്ലറുകൾ ഉണ്ടാക്കുന്നത് ഹെെലറോണിക് ആസിഡ് ഉപയോഗിച്ചാണ്. അത് ഷുഗർ ആണ്. ബോടോക്സും പ്ലാസ്റ്റിക് അല്ല. മുഖത്ത് മാറ്റം വരുത്താൻ ചെയ്യുന്ന പ്ലാസ്റ്റിക് സർജറിയിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ലെന്ന് കോസ്മെറ്റോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

നയൻതാരയുടെ ഒന്നിലേറെ സിനിമകൾ പല ഭാഷകളിലായി ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ്, പാട്രിയോട് എന്നിവയാണ് നയൻതാരയുടെ വരാനിരിക്കുന്ന സിനിമകൾ. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെനായകൻ. പാട്രിയോടിൽ മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു.
മൂക്കുത്തി അമ്മൻ 2 ആണ് ആരാധകർ കാത്തിരിക്കുന്ന നയൻതാരയുടെ തമിഴ് ചിത്രം. സിനിമയുടെ ഒന്നാം ഭാഗം മികച്ച വിജയം നേടിയതാണ്. ആർജെ ബാലാജി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമയിൽ ഉർവശിയും നയൻതാരയ്ക്കൊപ്പം പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തിലും നയൻതാര നായികയാകുമ്പോൾ ആർജെ ബാലാജിക്ക് പകരം സുന്ദർ സിയാണ് സംവിധായകൻ. നൂറ് കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. സംവിധായകൻ വിഘ്നേശ് ശിവനാണ് നയൻതാരയുടെ ഭർത്താവ്. ഉയിർ, ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്.


Click it and Unblock the Notifications











