'പ്രായമായാൽ താരങ്ങൾക്ക് താമസിക്കാൻ ഗ്രാമം'; എത്ര വയസ് മുതലാണ് പ്രായമായവരുടെ ഗണത്തിൽ പെടുത്തുന്നതെന്ന് കമന്റ്!
സിനിമയെക്കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍, അംഗങ്ങളും മറ്റ് സംഘടനകളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക, അംഗങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, അഭിനയ ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന അഭിനേതാക്കള്‍ക്കും വേണ്ടുന്ന സാമ്പത്തിക സഹായം നൽകുക, അംഗങ്ങളുടെ സിനിമാ പ്രവര്‍ത്തന സംബന്ധിയായ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1994 അമ്മ സംഘടന പ്രവർത്തനം ആരംഭിച്ചത്.
വേണു നാഗവള്ളി, മുരളി എന്നിവരായിരുന്നു ഈ ആശയത്തിന് പിന്നിൽ. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് സിനിമാ താരങ്ങള്‍ക്ക് മാത്രമായി ഒരു സംഘടന നിലവില്‍ വരുന്നത്. സംഘടനയ്ക്ക് അമ്മയെന്ന പേരിട്ടത് മുരളിയാണെന്ന് മണിയൻപിള്ള രാജു ഒരിക്കൽ പറഞ്ഞിരുന്നു. 1994 മുതൽ 97 വരെ എംജി സോമനായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്.

മമ്മൂട്ടിയും മോഹൻലാലുമായിരുന്നു വൈസ് പ്രസിഡന്റുമാർ. എപ്പോഴും വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കാറുള്ള ഒരു സംഘടന കൂടിയാണ് അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അമ്മയുടെ പ്രതിച്ഛായ പൊതുജനങ്ങൾക്ക് മുന്നിൽ തകരുകയും ചെയ്തിരുന്നു. അതിന് കാരണം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അമ്മ സംഘടനയുടെ ചുമതല വഹിക്കുന്നവരിൽ നിരവധി പേർക്ക് എതിരെ ആരോപണങ്ങൾ വന്നിരുന്നുവെന്നതാണ്.
മാത്രമല്ല ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൃത്യമായ പ്രതികരണം പോലും നടത്താൻ തയ്യാറാകാതെ അമ്മ ഭരണസമിതി പിരിച്ചുവിട്ട് താരങ്ങളെല്ലാം തടിതപ്പി. മോഹൻലാൽ, സിദ്ദിഖ്, ബാബു രാജ്, ഉണ്ണി മുകുന്ദൻ, ജയൻ ചേർത്തല, ജഗദീഷ്, ടിനി ടോം, കലാഭവൻ ഷാജോൺ, സരയു, ടൊവിനോ, അനന്യ, ജോമോൾ, അൻസിബ, ജോയ് മാത്യു, വിനു മോഹൻ, സുരേഷ് കൃഷ്ണ എന്നിവരായിരുന്നു ഭാരവാഹികൾ.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ പ്രേക്ഷകരും തൃപ്തരല്ല. അതുകൊണ്ട് തന്നെ അമ്മയുടെ പ്രവർത്തനരീതികൾ നിരന്തരമായി വിമർശിക്കപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ സംഘടനയുടെ പുതിയ ആശയത്തെ പരിഹസിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കമന്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രായമായാല്‍ സിനിമാതാരങ്ങള്‍ക്ക് ഒന്നിച്ചുകൂടി താമസിക്കാന്‍ ഗ്രാമമുണ്ടാക്കാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ചിട്ടുണ്ട്.
മോഹൻലാലിന്റേതാണത്രെ ആശയം. ഇതിനുള്ള ശ്രമം ആരംഭിച്ചതായി നടന്‍ ബാബുരാജ് കഴിഞ്ഞ ദിവസം അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ സംഘടന നടപ്പാക്കുന്ന സഞ്ജീവനി ജീവന്‍രക്ഷാപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ പറഞ്ഞതാണ്. സര്‍ക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ചുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം.

പണ്ട് തമിഴ്‌നാട് സര്‍ക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷെ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല എന്നാണ് ആശയത്തെ കുറിച്ച് വിശദീകരിച്ച് മോഹൻലാൽ പറഞ്ഞത്. വാർത്ത വൈറലായതോടെ സംഘടനയെ വിമർശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിക്ക് പ്രായമായിയെന്ന് തോന്നുന്നു... അമ്മയുടെ തീരുമാനം കാലോചിതമായി, ഗ്രാമത്തിന് അമ്മൂമ്മ എന്ന് പേരിട്ടോളൂ, ആ ഗ്രാമത്തിലെ ഗൂർഖയായ് പൾസർ സുനിയെ നിയമിക്കണം,
റൂമുകൾക്ക് വാതിൽ വെക്കരുത്. വെറുതെ പിന്നെ ഓരോ പരാതികളും വയ്യാവേലികളും ഉണ്ടാകും, അതെന്താ..? അവരിതുവരെ ജീവിച്ച ഗ്രാമത്തിൽ നിന്നും പ്രായമായാൽ അവരെ പുറത്താക്കുമോ?. എത്ര വയസ് മുതലാണ് പ്രായമായവരുടെ ഗണത്തിൽ പെടുത്തുന്നത്?, പ്രായമായതായി ആദ്യം ആരെങ്കിലും സമ്മതിക്കൂ, ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിൻ്റെ പശ്ചാത്തലത്തിലായിരിക്കാം അല്ലേ?.
ചിലർ വീട്ടിൽ നിന്നും പുറത്താകാൻ ചാൻസുണ്ട് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഞായറാഴ്ച നടന്ന പരിപാടിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പുറമെ മഞ്ജു വാര്യരും ചടങ്ങില്‍ പ്രധാന അതിഥിയായി പങ്കെടുത്തിരുന്നു.


Click it and Unblock the Notifications