എങ്ങനെയിങ്ങനെ പറയാൻ പറ്റുന്നു, മരിച്ചത് ഇത്രയും ദിവസം കൂടെയുണ്ടായിരുന്ന ആളല്ലേ; ആസിഫ് അലിക്ക് വിമർശനം
കഴിഞ്ഞ ദിവസമായിരുന്നു നടൻ കലാഭവൻ നവാസിന്റെ മരണം. ഹോട്ടൽ മുറിയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചാണ് മരണം. കലാഭവൻ നവാസിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും വലിയ ഞെട്ടലായിരുന്നു മരണ വാർത്ത. അഭിനയ രംഗത്തും മിമിക്രി വേദികളിലും വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാഭവൻ നവാസിന് നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു. ഇതിനിടെ ഒരു പൊതുവേദിയിൽ നടൻ ആസിഫ് അലി നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച് ലാഘവത്തോട് സംസാരിച്ചതിന് വ്യാപക വിമർശനമാണ് ആസിഫ് അലിക്ക് നേരെ വരുന്നത്.
ഈയൊരു അവസരത്തിൽ പറയാമോ എന്നറിയില്ല. ഞങ്ങളുടെ സഹപ്രവർത്തകനായിരുന്ന, പ്രിയപ്പെട്ടവനായിരുന്ന കലാഭവൻ നവാസിക്ക ഇന്നലെ രാത്രി മരണപ്പെട്ടു. വളരെ ഷോക്കിംഗ് ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ എന്താണ് ഇനി നമ്മുടെ ലെെഫിലെന്ന് അറിയില്ല. കഴിഞ്ഞ കുറേ ദിവസം ഞങ്ങൾ ഒരുമിച്ച് ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായിരുന്നു. അന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഇനി അദ്ദേഹത്തെ കാണില്ലെന്ന് അറിയില്ലായിരുന്നു. അപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരേ കാര്യമേയുള്ളൂ. ഉള്ള സമയം അടിപൊളിയാക്കുക, ആസിഫ് അലി പറഞ്ഞതിങ്ങനെ. കാണികൾ ഇത് കേട്ട് ആർത്ത് വിളിക്കുന്നതും കേൾക്കാം.

പരാമർശം സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. നിരവധി പേരാണ് ആസിഫ് അലിയെ വിമർശിച്ചത്. സഹപ്രവർത്തകരിൽ ഒരാൾ മരിച്ചിട്ട് മണിക്കൂറുകളേ ആയുള്ളൂ, അതിനുള്ളിൽ ഇങ്ങനെ സംസാരിച്ച് മോട്ടിവേഷൻ നൽകാൻ എങ്ങനെ സാധിക്കുന്നു എന്നാണ് പലരുടെയും ചോദ്യം. കുറേ ദിവസം ഒരുമിച്ചുണ്ടായുരുന്ന ഒരാൾ മരിച്ചതിനെക്കുറിച്ച് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ തോന്നുന്നെന്നും ചോദ്യങ്ങളുണ്ട്.
'അടിപൊളി ആക്കാമായിരുന്നു പക്ഷേ ഈ ദിവസങ്ങളിൽ തന്നെ വേണമായിരുന്നു പൊന്നു മോനെ', 'ഇങ്ങനെ പറഞ്ഞത് തെറ്റായി പോയി എന്നൊരു തോന്നൽ', 'നിന്റെ ചെറുപ്പത്തിൽ തൊട്ടു ഈ ഫീൽഡിൽ ഉള്ള ആളാണ് നവാസ് ഇക്ക. എപ്പോഴും മലയാള സിനിമയിൽ ഉണ്ട്. പക്ഷെ നീ ഈ കളിച്ചു ചിരിച്ചു പറഞ്ഞ ഈ വാക്കുകൾ ഉണ്ടാല്ലോ...ഷെയിം ആയി പോയി മിസ്റ്റർ ആസിഫ് അലി', 'കുറച്ച് വിവേകം കാണിക്കാൻ ഉള്ള സമയം', 'പക്വതയില്ലാത്ത സംസാരം' എന്നിങ്ങനെ കമന്റുകൾ നീളുന്നു.
ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ആസിഫ് അലിക്കൊപ്പമുള്ള ഫോട്ടോ കലാഭവൻ നവാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നവാസിന്റെ മകനെയും ഫോട്ടോയിൽ കാണാം. അതേസമയം ആസിഫ് അലിയെ അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ജീവിതവും മരണവും എത്രമാത്രം അപ്രതീക്ഷിതമാണെന്നാണ് അസിഫ് അലി ഉദ്ദേശിച്ചതെന്നും കലാഭവൻ നവാസിനോട് അനാദരവ് കാണിച്ചതല്ലെന്നും അനുകൂലിക്കുന്നവർ വാദിക്കുന്നു.
ജീവിതം പ്രവചനാതീതമാണെന്ന് മാസങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ കലാഭവൻ നവാസും പറഞ്ഞിരുന്നു. ഈ നിമിഷത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇപ്പോൾ നമ്മൾ തമ്മിൽ സംസാരിക്കുന്നുണ്ട്. ഞാൻ തിരിച്ച് വീടെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ഇന്ന് കാണാം എന്ന് ഇന്നലെ പറഞ്ഞെങ്കിലും ഇന്ന് കാണാൻ പറ്റുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ല. അത്രയേ ഉള്ളൂ മനുഷ്യ ജീവിതമെന്ന് കലാഭവൻ നവാസ് പറഞ്ഞിരുന്നു. 51 വയസിലാണ് കലാഭവൻ നവാസ് ലോകത്തോട് വിട പറഞ്ഞത്. നടി രഹ്നയാണ് കലാഭവൻ നവാസിന്റെ ഭാര്യ. നടൻ കലാഭവൻ നിയാസ് നവസിന്റെ സഹോദരനാണ്. അന്തരിച്ച നടൻ അബൂബക്കറാണ് ഇവരുടെ പിതാവ്.


Click it and Unblock the Notifications











