ഒരു വാക്ക് പോലും പറയാതെ മമ്മൂട്ടിയെ പുകഴ്ത്തൽ, ഈ ചാനൽ അൺസബ്സ്ക്രൈബ് ചെയ്യുന്നു;മുകേഷിന് വിമർശനം
നടൻ മാമുക്കോയയുടെ മരണം സിനിമാ പ്രേക്ഷകർക്ക് ഏറെ വേദനയുണ്ടാക്കിയിരിക്കുകയാണ്. എത്രയോ സിനിമകളിൽ തമാശകളും തഗ് ഡയലോഗുകളുമായെത്തിയ മാമുക്കോയ ഇനിയില്ലെന്നത് പ്രേക്ഷകരെ വിഷമിപ്പിക്കുന്നു. എന്നാൽ വർഷങ്ങളായി സിനിമാ രംഗത്ത് സജീവമായിരുന്ന, പ്രമുഖരുടെയെല്ലാം കൂടെ പ്രവർത്തിച്ച മാമുക്കോയയുടെ വിയോഗം മലയാള സിനിമാ ലോകത്തെ തെല്ലും കുലുക്കിയിട്ടില്ല. കോഴിക്കോട് നടന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സിനിമാ രംഗത്ത് നിന്ന് വന്നത് ചുരുക്കം ആളുകളാണ്.
സിനിമകളിലെ എത്രയോ തലമുറകളെ കണ്ട മുതിർന്ന നടനോട് മലയാളത്തിലെ താരങ്ങൾ അനാദരവ് കാണിച്ചെന്നാണ് വിമർശനം. ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയവരുടെ വിയോഗത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നിരവധി താരങ്ങളെത്തിയിരുന്നു. മമ്മൂട്ടിയുടെ ഉമ്മ മരിച്ചപ്പോഴും സിനിമാ താരങ്ങളെത്തി. ഇതും ജനം ചൂണ്ടിക്കാട്ടി. എന്നാൽ സിനിമാ താരങ്ങൾ വന്നില്ലെങ്കിലും പ്രിയ നടന് ആദരാഞ്ജലികൾ അർപ്പിക്കാൻ വൻ ജനാവലി തന്നെ വന്നു.

ഇന്നലെ രാവിലെ 11 മണിയോടെ കണ്ണംപറമ്പ് ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടന്നു. മാമുക്കോയയെ അവഗണിച്ചെന്ന പേരിൽ നടനും എംഎൽഎയുമായ മുകേഷാണ് ഇപ്പോൾ വിമർശനം ഏൽക്കുന്നത്. മാമുക്കോയയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ മുകേഷ് നേരിട്ട് എത്തിയിരുന്നില്ല.
ഇതിന് പിന്നാലെ നടൻ മമ്മൂട്ടിയെക്കുറിച്ചുള്ള ഒരു അനുഭവ കഥ മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തു. വീഡിയോയയുടെ തുടക്കത്തിലെങ്കിലും മാമുക്കോയക്ക് അനുശോചനമറിയിച്ച് ഒരു വാക്ക് പറയാമായിരുന്നെന്ന് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തു. ഈയവസരത്തിൽ മമ്മൂട്ടിയെ പുകഴ്ത്തിക്കൊണ്ടുള്ള വീഡിയോ അനുചിതമാണെന്നും അഭിപ്രായമുണ്ട്.
'ഞങ്ങളുടെ കോഴിക്കോടിന്റെ പ്രിയ മാമുക്കോയ മരിച്ച് അദ്ദേഹത്തെ കബറടക്കിയ ദിവസം മാമുക്കോയയെക്കുറിച്ച് പരാമർശിക്കാൻ പോലും തയ്യാറാവാത്ത ഈ ചാനൽ അൺ സബ്സ്ക്രെെബ് ചെയ്യുന്നു,' എന്നാണ് ഒരു കമന്റ്. റാംജിറാവു സ്പീക്കിംഗ് നിങ്ങളോടൊപ്പം അഭിനയിച്ച ആളാണ് മാമുക്കോയ ഇന്നലെ മരിച്ചു നിങ്ങൾ ഒന്ന് കാണാൻ പോകേണ്ടതായിരുന്നെന്നാണ് മറ്റൊരു കമന്റ്.
' ഒരുപാട് സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച നിങ്ങൾ മാമുക്കോയയെ കാണാൻ പോവാഞ്ഞത് മോശമായി. നിങ്ങളാരും തമ്മിൽ വലിയ ബന്ധം ഒന്നുമില്ലെന്ന് മനസ്സിലായി. സിനിമയിലെ പോലെ തന്നെ അഭിനയം, കഷ്ടം' എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

'മാമുക്കോയയുടെ "ബാലകൃഷ്ണാ..". എന്നുള്ള ഒരൊറ്റ വിളിയാണ് റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയിലെ കഥാപാത്രത്തെ ഇന്നും നമ്മൾഓർത്തിരിക്കാൻ കാരണം, ആ ബാലകൃഷ്ണന് ഹംസക്കോയെ അവസാനമായിട്ട് ഒന്ന് കാണാൻ പോകാമായിരുന്നു', 'മാമുക്കോയ മരിച്ചത് അറിഞ്ഞോ, എന്നിങ്ങനെ പോവുന്നു കമന്റുകൾ.
അതേസമയം ഇന്നലെ ഫേസ്ബുക്ക് കുറിപ്പിൽ മാമുക്കോയക്ക് മുകേഷ് ആദരാഞ്ജലി അർപ്പിച്ചിരുന്നു. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത മറ്റൊരാൾ കൂടി യാത്രയായി... ഇന്നസെന്റ്- മാമുക്കോയ എന്ന ഒരേക്കാലത്തെ രണ്ട് മഹാ നടന്മാർ ഒന്നിനുപുറകെ ഒന്നായി അരങ്ങൊഴിഞ്ഞു... ഇതെനിക്ക് വ്യക്തിപരമായും നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്... മാമുക്കാക്ക് ആദരാഞ്ജലികൾ,' എന്നായിരുന്നു മുകേഷിന്റെ പോസ്റ്റ്.
കോഴിക്കോട്ടേക്ക് വരാനുള്ള സമയവും സിനിമാ തിരക്കുകളുമാണ് താരങ്ങളാരും വരാഞ്ഞതിന് കാരണമെന്നാണ് സൂചന. ഇതിനകം വലിയ വിവാദമായിരിക്കുകയാണ് സംഭവം. അതേസമയം സോഷ്യൽ മീഡിയയിലൂടെ നിരവധി താരങ്ങൾ മാമുക്കോയക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മാമുക്കോയയുടെ മരണം. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മരണം. രണ്ട് ദിവസം മുൻപ് മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നടന് ദേഹാസ്വസ്ഥ്യം വരുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും.


Click it and Unblock the Notifications