അജിത്തും ശാലിനിയും ഇതുപോലെയായിരുന്നു, അശോകും കീർത്തിയും അതേ പാതയിൽ, എല്ലാത്തിന്റെയും തുടക്കം അവിടെ!
പ്രണയിച്ച് വിവാഹിതരായ താരങ്ങളുടെ ലിസ്റ്റെടുത്താൽ ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള പ്രണയജോഡിയാണ് അജിത്തും ശാലിനിയും. സിനിമയ്‌ക്കുള്ളിലെ പ്രണയം ജീവിതത്തിൽ പകർത്തിയ താരങ്ങളെ കോളിവുഡിലെ എവർഗ്രീൻ കപ്പിൾസ് എന്നാണ് ആരാധകർ വിളിക്കാറുള്ളത്.
അടുത്തിടെയായിരുന്നു ഇരുവരും ഇരുപത്തിമൂന്നാം വിവാഹവാർഷികം ആഘോഷിച്ചത്. അമര്‍ക്കളമെന്ന ചിത്രത്തിലായിരുന്നു അജിത്തും ശാലിനിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ആ ചിത്രത്തിന് ശേഷം ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2000 ഏപ്രിൽ 24നായിരുന്നു ഇവരുവരുടെയും വിവാഹം നടന്നത്.
ഇപ്പോഴിതാ തമിഴ് യുവനടൻ അശോക് സെൽവൻ നടി കീർത്തി പാണ്ഡ്യനെ വിവാഹം ചെയ്തതോടെ ഈ ജോഡികളുടെ പ്രണയത്തെയും വിവാഹത്തെയും അജിത്ത്-ശാലിനി ജീവിതവും പ്രണയവുമായിട്ടാണ് ആരാധകർ താരതമ്യപ്പെടുത്തുന്നത്. അശോക് സെൽവനും കീർത്തിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്നത് പലർക്കും അറിയാത്ത കാര്യമാണ്.

പാ രഞ്ജിത്ത് നിർമിക്കുന്ന ബ്ലൂ സ്റ്റാര്‍ എന്ന സിനിമയിൽ അശോക് സെല്‍വനും കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അശോക് സെൽവനും കീർത്തി പാണ്ഡ്യനും തമ്മിലുള്ള പ്രണയം പൂവണിഞ്ഞത് ഈ ചിത്രത്തിലൂടെയാണ്. പാ രഞ്ജിത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ദിനകരൻ ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ക്രിക്കറ്റിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്. അശോക് സെൽവൻ, കീർത്തി പാണ്ഡ്യൻ എന്നിവരെ കൂടാതെ ശാന്തനു, പൃഥ്വി, ദിവ്യ ദുരൈസാമി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അശോക് സെൽവനും കീർത്തി പാണ്ഡ്യനും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത് ഈ ചിത്രത്തിലാണ്. ഷൂട്ടിങ് സ്പോട്ടിൽ വെച്ചാണ് ഇരുവരും തമ്മിലുള്ള പ്രണയം ഉടലെടുത്തത്. പിന്നീട് പ്രണയം ക്രമേണ അടുത്ത തലത്തിലേക്ക് നീങ്ങുകയും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയും ആയിരുന്നു. അശോക് സെൽവന്റെയും കീർത്തി പാണ്ഡ്യന്റെയും വിവാഹം ഇന്ന് തിരുനെൽവേലിക്കടുത്തുള്ള ഇതേരിയിൽ വെച്ചാണ് നടന്നത്.
അശോക് സെൽവൻ സ്വന്തം സോഷ്യൽമീഡിയ പേജിലൂടെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. അടുത്ത കാലത്തായി അശോകും കീർത്തിയും പ്രണയത്തിലാണെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ഇരുവരും ഇത് സംബന്ധിച്ച് പ്രതികരിക്കുകയോ പ്രണയമാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ഫോട്ടോകൾ പങ്കുവെക്കുകയും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ രാവിലെ സോഷ്യൽമീഡിയ തുറന്നപ്പോൾ അശോക് സെൽവന്റെ വിവാഹചിത്രം കണ്ടത് ആരാധകർക്കും വലിയ സർപ്രൈസായി. അശോക് സെൽവന് സ്ത്രീ ആരാധകരാണ് കൂടുതൽ.
അതുകൊണ്ട് തന്നെ അവരുടെ തമാശ കലർന്നുള്ള നിരവധി കമന്റുകളും വിവാഹ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ഇല്ലാതെ വിവാഹം കഴിച്ച് ഇത്തരത്തിൽ ഒരു ഹാർട്ട് അറ്റാക്ക് തരരുതായിരുന്നുവെന്നാണ് സ്ത്രീ ആരാധകർ ഏറെയും കുറിച്ചത്.
വിവാഹ ചിത്രം പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിന് മുകളിൽ ലൈക്കുകളും രണ്ടായിരത്തോളം കമന്റുകളുമാണ് ഫോട്ടോയ്ക്ക് ലഭിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സിനിമയിലെ സഹപ്രവർത്തകർക്കുവേണ്ടി തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേക വിരുന്ന് സംഘടിപ്പിക്കുമെന്നാണ് വിവരം.
ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. അശോക് സെല്‍വന്‍ നായകനായി ഈയിടെ പുറത്തിറങ്ങിയ പോര്‍ തൊഴില്‍ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അശോക് മലയാളത്തിലും അരങ്ങേറിയിരുന്നു.
നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ തുമ്പാ എന്ന ചിത്രത്തിലൂടെയാണ് കീർത്തി പാണ്ഡ്യൻ അഭിനയരംഗത്തെത്തുന്നത്.


Click it and Unblock the Notifications