താരസമ്പന്നമായി താരപുത്രന്റെ വിവാഹം! രഞ്ജി പണിക്കരുടെ മകന്റെ വിവാഹ വീഡിയോ വൈറൽ
ലോക്ഡൗണിനിടെയായിരുന്നു നടനും നിര്‍മാതാവും സംവിധായകനുമായ രഞ്ജി പണിക്കരിന്റെ മകന്റെ വിവാഹം കഴിഞ്ഞത്. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടായിരുന്നു വിവാഹം. ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയില്‍ തെക്കേതില്‍ മായ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടൈയും മകള്‍ മേഖ ശ്രീകുമാറാണ് (മിനു) വധു.
ജൂണ്‍ പതിനാറിന് ആറന്മുള ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായൊരു ചടങ്ങിലാണ് നിഖില്‍ മേഘയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അമ്പലത്തില്‍ നിന്നുള്ള വിവാഹ ചിത്രങ്ങളായിരുന്നു ആദ്യം പുറത്ത് വന്നത്. എന്നാല്‍ ലോക്ഡൗണിലും താരസമ്പന്നമായൊരു വിവാഹമായിരുന്നെന്നാണ് അറിയുന്നത്.

വിവാഹത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. നടി ആശാ ശരത്ത്, സംവിധായകന്‍ മേജര്‍ രവി, ഷാജി കൈലാസ്, ജയരാജ് എന്നിവരും വിവാഹത്തില്‍ സന്നിഹിതരായിരുന്നു എന്നത് വീഡിയോയില്‍ വ്യക്തമായിരിക്കുകയാണ്. നവ താരദമ്പതിമാര്‍ക്ക് ആശംസകളുമായി സിനിമാ രംഗത്ത് നിന്നും നിരവധി പേരായിരുന്നു എത്തിയത്. വിവാഹ ചടങ്ങുകളെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
രഞ്ജി പണിക്കരെ പോലെ തന്നെ ഇരട്ട മക്കളായ നിഖിലും നിഥിനും സിനിമയിലേക്ക് എത്തിയിരുന്നു. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെയാണ് നിഖില്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയായി രഞ്ജി പണിക്കരും അഭിനയിച്ചു. ഹൈദരാലിയുടെ ചെറുപ്പകാലമായിരുന്നു നിഖില്‍ അവതരിപ്പിച്ചത്.

നിഖിലിന്റെ ഇരട്ട സഹോദന്‍ നിഥിന്‍ രഞ്ജി പണിക്കര്‍ കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപിയെ നായകനാക്കി കാവല്‍ എന്ന സിനിമ ഒരുക്കാനുള്ള തയ്യാറെുപ്പിലാണ് നിഥിന്‍.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് താരപത്നി വേര്‍പിരിയുന്നത്. കേരള യൂണിവേഴ്സിറ്റിയില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു അനിതയും രഞ്ജി പണിക്കരും.


Click it and Unblock the Notifications











