ആ പ്രയത്നം എടുക്കാൻ പറ്റുമെങ്കിൽ മാത്രം വിവാഹം ചെയ്യുക, പറ്റില്ലെങ്കിൽ വിവാഹം ചെയ്യരുത്, തൃഷയോട് യോജിക്കുന്നു
ഭാഗ്യനായികയായി മോളിവുഡിൽ അറിയപ്പെട്ട നടിയാണ് നിക്കി ഗൽറാണി. നടൻ ആദി പിനിഷെട്ടിക്കൊപ്പം സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ഇന്ന് നിക്കി ഗൽറാണി. 2022 ലായിരുന്നു ഇവരുടെ പ്രണയ വിവാഹം. വിവാഹ ജീവിതത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ നിക്കി ഗൽറാണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹം ചെയ്യാമെന്ന തീരുമാനത്തിൽ തനിക്കും ആദിക്കും ഉറപ്പുണ്ടായിരുന്നെന്ന് നിക്കി ഗൽറാണി പറയുന്നു.
കല്യാണത്തിന് മുമ്പ് കരിയർ എന്താകും എന്നൊന്നുമുള്ള ആശങ്കയില്ലായിരുന്നു. പരസ്പരം മനസിലാക്കുന്നുണ്ടോ എന്നാണ് ഞങ്ങൾ രണ്ട് പേരും നോക്കിയത്. ജീവിതത്തിൽ ഞങ്ങൾ ഒരുപാട് നേരിട്ടു. പരസ്പരം വളരെ നന്നായി അറിയാം. അതിനാൽ കല്യാണം കഴിക്കാം എന്ന് അറിയാം. ഒരുപാട് പോസിറ്റിവിറ്റിയും പ്രതീക്ഷയുമായാണ് ഞങ്ങൾ വിവാഹ ജീവിതത്തിലേക്ക് കടന്നത്. പ്രശ്നങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. നമ്മൾ മനുഷ്യരാണ്. രണ്ട് പേരുമിരുന്ന് സംസാരിച്ചാൽ അത് പരിഹരിക്കാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു. വിവാഹം കഴിഞ്ഞാൽ നിങ്ങളൊരു ടീം ആണ്. പ്രശ്നങ്ങൾക്കെതിരെ ഒരു ടീം ആയി നിൽക്കണം. പരസ്പരം എതിരായി നിൽക്കണം.
കരിയറും ഭാവിയുമെല്ലാം വരുന്നത് പോലെ നോക്കാമെന്നാണ് വിവാഹം ചെയ്യുന്ന സമയത്ത് ചിന്തിച്ചത്. കല്യാണം കഴിഞ്ഞ ശേഷം മനപ്പൂർവം എടുത്ത ബ്രേക്ക് അല്ല. സ്വാഭാവികമായി സംഭവിച്ചു. ആ ഇടവേള നന്നായി. എന്റെ ജീവിതത്തിലെ ഈ പുതിയ വെർഷനിൽ സെറ്റിൽ ചെയ്യാൻ സമയം കിട്ടി. ഇപ്പോൾ താൻ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെന്നും നിക്കി ഗൽറാണി പറയുന്നു. വിവാഹം ചെയ്ത് പിന്നെ ഡിവോഴ്സ് ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന നടി തൃഷ കൃഷ്ണന്റെ അഭിപ്രായത്തോട് നിക്കി ഗൽറാണി യോജിച്ചു.

ആ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു. വിവാഹം ചെയ്യുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്ന ചിന്തയാണത്. ഡിവോഴ്സിൽ അവസാനിച്ചാലോ, എന്തിന് പ്രശ്നങ്ങൾ, ജോളിയായിരിക്കാം എന്ന ചിന്ത. ഞാനും അത് അംഗീകരിക്കുന്നു. ഏത് ബന്ധം വർക്ക് ചെയ്യാനും പ്രയത്നം വേണം. പ്രത്യേകിച്ചും വിവാഹബന്ധം. ആ പ്രയത്നം എടുക്കാൻ പറ്റുമെങ്കിൽ മാത്രം വിവാഹം ചെയ്യുക. ഞാനും അത് പറയുന്നു.
കാരണം ചില സമയത്ത് ഇത് നിങ്ങളെ വല്ലാതെ ബാധിക്കും. കല്യാണം മാത്രമായിരിക്കില്ല ജീവിതത്തിൽ. ഒരുപാട് വിഷയങ്ങളുണ്ടാകും. ഒരുപാട് പ്രയത്നമുണ്ട്. അത് പറ്റില്ലെങ്കിൽ വിവാഹം ചെയ്യരുത്. രണ്ട് പേർ പിരിയുമ്പോൾ അവർ രണ്ട് പേർ മാത്രമല്ല പിരിയുന്നത്. രണ്ട് കുടുംബങ്ങൾ തകരുന്നു. ചില സാഹചര്യങ്ങളിൽ കുട്ടികളെ ബാധിക്കുന്നു. വേണമെന്ന് വെച്ച് ആരും പിരിയുന്നതല്ല. വളരെ സെൻസിറ്റീവ് ആയ വിഷയമാണിതെന്നും നിക്കി ഗൽറാണി പറഞ്ഞു.


Click it and Unblock the Notifications
