'മകൾ ഒരുത്തനൊപ്പം ഒളിച്ചോടി പോയാലുള്ള എന്റെ മാനസീകാവസ്ഥ മനസിൽ ആലോചിച്ചു, സത്യൻ വരെ അന്ന് ഇമോഷണലായി'
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് സുപരിചിതമായിട്ടുള്ള മുഖമാണ് നടൻ ബാബു സ്വാമിയുടേത്. പരിണയം മുതൽ ദോസ്ത് അടക്കം നിരവധി സിനിമകളിൽ കോമഡി റോളുകളിലും ക്യാരക്ടർ റോളുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും ബാബു സ്വാമിയെന്നാൽ മലയാളികൾക്ക് നിറത്തിലെ രുക്കുവിന്റെ സ്വന്തം കേണൽ സാറാണ്. കേണൽ സാർ എന്ന കഥാപാത്രത്തിനൊപ്പം ശുക്രിയ എന്ന വാക്കും മലയാളികൾക്കിടയിൽ തരംഗമാകാൻ ഒരു കാരണക്കാരനും ബാബു സ്വാമിയാണ്. സർക്കാർ ജോലിയുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് സംവിധായകൻ ഹരിഹരൻ ബാബു സ്വാമിയെ ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്നത്.
അപ്രതീക്ഷിതമായി നടനായി മാറിയ വ്യക്തിയാണ് താനെന്നാണ് ബാബു സ്വാമിയും പറയാറുള്ളത്. ഇപ്പോൾ വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യാറുള്ള ബാബു സ്വാമി തന്റെ പുതിയ വിശേഷങ്ങൾ സീ വിത്ത് എൽസ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.

എന്റെ രണ്ട് പടങ്ങൾ ഇറങ്ങാനുണ്ട്. എന്റെ രണ്ട് സിനിമകൾ മാത്രമെ ഞാൻ തിയേറ്ററിൽ കണ്ടിട്ടുള്ളു. ബാക്കിയൊക്കെ ഡബ്ബിങ് ചെയ്യുമ്പോൾ കാണും. തൂവൽക്കൊട്ടാരം, നിറം എന്നിവയാണ് തിയേറ്ററിൽ കണ്ടത്. പിന്നെ തിയേറ്ററിൽ പോകുന്നതും കുറവാണ്. ശുക്രിയ ഹിറ്റായശേഷം ഉദ്ഘാടനത്തിന് അടക്കം പോയാൽ ഇത് തന്നെയാണ് ആളുകൾ എന്നോട് പറയാറ്. അതൊരു ബ്രാന്റായി പോയി. പെട്ടന്നുള്ള ഐഡിയയായിരുന്നു ശുക്രിയ എന്നത്. അതൊരു ഭയങ്കര സക്സസായിരുന്നു നിറം സിനിമ ഹിറ്റായപ്പോഴുള്ള അനുഭവം ഓർത്തെടുത്ത് ബാബു സ്വാമി പറഞ്ഞു.
തൂവൽക്കൊട്ടാരത്തിൽ മഞ്ജുവിന് ഒപ്പമുള്ള ഇമോഷണൽ സീനിൽ എനിക്ക് ഡയലോഗുണ്ടായിരുന്നില്ല. എല്ലാം ഞാൻ എന്റെ കഴിവ് വെച്ച് ചെയ്യണമായിരുന്നു. എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാനാണ് എന്നോട് സത്യൻ അന്തിക്കാട് പറഞ്ഞത്. ആദ്യമൊക്കെ ഞാൻ മഞ്ജുവിന്റെ തലയിലും മുഖത്തും കവിളിലുമൊക്കെ പിടിച്ച് അഭിനയിച്ചു.
പിന്നെ ഞാൻ ഭഗവാനെ പ്രാർത്ഥിച്ച് എന്റെ മകൾ ഒരുത്തനൊപ്പം ഒളിച്ചോടി പോയാലുള്ള എന്റെ മാനസീകാവസ്ഥ മനസിൽ ആലോചിച്ചു. അങ്ങനെയാണ് ആ സീൻ പൂർത്തിയാക്കിയത്. വളരെ ഇമോഷണലായിട്ടുള്ള സീനായിരുന്നു. സത്യൻ കട്ട് പറയുന്നുണ്ടായിരുന്നില്ല. ശേഷം സാമി കലക്കിയെന്നാണ് അഭിനയം കണ്ട് സത്യൻ പറഞ്ഞത്. ഇമോഷണൽ സീനിന് എനിക്ക് ഗ്ലിസറിൻ വേണ്ട. കണ്ണിൽ നിന്നും കുടുകുടാ വെള്ളം വരുമെന്നും താരം പറയുന്നു.
ഞാൻ വളരെ അപ്രതീക്ഷിതമായി സിനിമയിലെത്തിയയാളാണ്. ഗവൺമെന്റ് സർവീസിലായിരുന്നു. കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റിൽ ജോയിന്റ് രജിസ്ട്രാർ ആയിരുന്നു. അങ്ങനെയിരിക്കെയാണ് സംവിധായകൻ ഹരിഹരൻ പരിണയം സിനിമയിലേക്ക് വിളിച്ചത്. ആദ്യം പോകാൻ താൽപര്യമുണ്ടായിരുന്നില്ല. നാടകം കണ്ടിട്ടോ അഭിനയിച്ചിട്ടോ മുൻപരിചയമില്ല. പക്ഷെ എന്റെ കുടുംബത്തിൽ എല്ലാവരും കർണാട്ടിക്ക് മ്യൂസിക്കുമായി ബന്ധമുള്ളവരായിരുന്നു.

അതുപോലെ ആദ്യത്തെ കേരള സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിലെ ഫസ്റ്റ് പ്രൈസ് വിന്നറാണ് ഞാൻ. ഘടം വായിച്ചതിനാണ് സമ്മാനം കിട്ടിയത്. എന്റെ മകൾ കലാതിലകമായിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ പങ്കെടുക്കാതെ വാദ്യോപകരണങ്ങൾ വായിച്ചും സംഗീതത്തിലൂടെയുമാണ് മകൾ കലാതിലകം നേടിയത്. ഇന്നും മകളുടെ ആ റെക്കോർഡ് ആരും തകർത്തിട്ടില്ല. കർണാട്ടിക്ക് കൺസേർട്ട്സൊക്കെ അവൾ നടത്തിയിട്ടുണ്ട്. ഞാൻ പറയുന്നത് ചെയ്ത് തന്നാൽ മതിയെന്ന് പറഞ്ഞ് ഹരിഹരൻ നിർബന്ധിച്ചിട്ടാണ് ഞാൻ പരിണയത്തിൽ അഭിനയിച്ചത്.
ആ സിനിമയിലെ ആദ്യ സീൻ ഞാനും തിലകനും ഒരുമിച്ചുള്ളതായിരുന്നു. അതൊരു ഭാഗ്യമായിരുന്നു. പിന്നീടാണ് തൂവൽക്കൊട്ടാരത്തിലേക്ക് എത്തിയത്. സംവിധായകൻ കമലിന്റെ നാലോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ അഞ്ചോളം സിനിമകളിലും അഭിനയിച്ചു. വിണ്ണയ് താണ്ടി വരുവായ എന്ന തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു.
ഇപ്പോഴും സിനിമയിൽ അവസരം വന്നാൽ എടുക്കാറുണ്ട്. അമ്മയുടെ അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ പോയിരുന്നു. എല്ലാവരേയും കണ്ടു. സുരേഷ് ഗോപി എന്റെ അടുത്താണ് ഇരുന്നിരുന്നത്. ഞങ്ങൾ ഒരുപാട് സംസാരിച്ചു. വളരെ നല്ല മനുഷ്യനാണ് അദ്ദേഹമെന്നും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കവെ ബാബു സ്വാമി പറഞ്ഞു.


Click it and Unblock the Notifications











