For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളെ എനിക്ക് തരൂല്ലെന്നാണ് പറഞ്ഞത്; തൻ്റെ രഹസ്യ വിവാഹത്തെ കുറിച്ച് പറഞ്ഞ് നടന്‍ നിര്‍മല്‍ പാലാഴി

  |

  ലോക്ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു നടന്‍ നിര്‍മല്‍ പാലാഴി. ഇടക്ക് ഫേസ്ബുക്കിലൂടെ തന്റെ വിശേഷങ്ങളുമായി താരം എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ നിര്‍മലും ഭാര്യ അഞ്ചുവും തങ്ങളുടെ പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. മിമിക്രി അവതരിപ്പിച്ച് കരിയറിന്റെ തുടക്ക കാലത്ത് കാര്യമായ വരുമാനൊന്നും ഇല്ലാതിരുന്ന സമയത്തായിരുന്നു തന്റെ വിവാഹമെന്ന് പറയുകയാണ് താരമിപ്പോള്‍.

  അഞ്ചുവിനെ രഹസ്യമായി വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് വന്ന് അമ്പലത്തില്‍ നിന്നും നടത്തിയ വിവാഹത്തെ കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് നിര്‍മല്‍ പറഞ്ഞിരിക്കുന്നത്. ഒപ്പം വിവാഹത്തിന്റെ ഫോട്ടോസും വിവാഹ വാര്‍ഷികത്തിന്റെ ചിത്രങ്ങളുമെല്ലാം നിര്‍മല്‍ പങ്കുവെച്ചിരിക്കുകയാണ്.

   നിര്‍മല്‍ പാലാഴിയുടെ കുറിപ്പ് വായിക്കാം

  നിര്‍മല്‍ പാലാഴിയുടെ കുറിപ്പ് വായിക്കാം

  ആ ചെക്കന്റെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാന്‍? ഒരു പ്രോഗ്രാം ചെയ്താല്‍ 500 രൂപ. വൈകുന്നേരം ആയാല്‍ ഓനും സില്‍ബന്ധികളും ഗായത്രി ബാറില്‍ (പൂട്ടി പോയി) ആണ്. അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് ഈ പെണ്ണ് സ്‌നേഹിച്ചത്. പ്രോഗ്രാം കഴിഞ്ഞു വരുമ്പോള്‍ ഹരീഷിനോട് പറഞ്ഞു: 'ടാ എനിക്ക് തരൂല ന്നാ പറയുന്നത്'. ടാ സമാധാനപ്പെടു വഴിയുണ്ടാക്കാം എന്ന് അവന്‍. ടീമില്‍ അവനോടയിരുന്നു കാര്യങ്ങള്‍ മൊത്തം പറയാറ്.

  അടുത്ത് ബന്ധം ഉണ്ടെന്ന് അഭിനയിച്ച രണ്ട് മൂന്ന് പേര്‍ മോളെ മാറിക്കോ അതാ നിനക്ക് നല്ലത് എന്ന് പറഞ്ഞു പ്രശ്‌നം രൂക്ഷമായി നില്‍ക്കുന്ന രാത്രി ഞാന്‍ തകര്‍ന്ന് ഇരിക്കുമ്പോള്‍ അടുത്ത് സന്തോഷ് ഏട്ടനും ശേഖരേട്ടനും ഉണ്ട്. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാതെ ഇരിക്കുകയാണ്. അങ്ങനെ വീട്ടില്‍ പോയപ്പോള്‍ കൊലയില്‍ ഏട്ടന്‍ ചോദിച്ചു 'എന്താടാ പ്രശ്‌നം? നീ വിളിച്ചാല്‍ അവള്‍ വരുമോ?'. ഞാന്‍ പ്രതീക്ഷിക്കാത്ത ചോദ്യം. 'വരുമായിരിക്കും' എന്ന് ഞാന്‍. 'എന്നാല്‍ ഇങ്ങോട്ട് വിളിച്ച് പോരെടാ ബാക്കി ഉള്ളതെല്ലാം നമുക്ക് വരുമ്പോള്‍ നോക്കാം'.

  അങ്ങനെ നട്ട പാതിരായ്ക്ക് വിളിച്ചു പറഞ്ഞു: 'സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം എടുത്ത് നാളെ ഇറങ്ങിക്കോ'. സുദീപ് പോയി കൂട്ടി വന്നു. ബസ്സില്‍ ആദ്യ ട്രിപ്പിള്‍ കയറിയ സന്തോഷേട്ടന്‍ ഇറങ്ങി എകരത്തില്‍ കയറി, പടവ് തുടങ്ങിയ ശേഖരേട്ടന്‍ ഇറങ്ങി, ഹരീഷ് സന്ധ്യയുമായി എത്തി, മനോജ് ഏട്ടന്‍ വന്നു, കുട്ടേട്ടന്‍ (മാമന്റെ മോന്‍), ഇത്രയും ആളുകള്‍ വീട്ടില്‍ എത്തി. അവളെ രജിതയും സന്ധ്യയും കൂടെ സുദീപിന്റെ വീട്ടില്‍ നിന്ന് മാറ്റിച്ചു. ഏട്ടന്‍ താലി വാങ്ങാന്‍ ഉള്ള പൈസ ഫ്രണ്ട്‌സിന്റെ കയ്യില്‍ ഏല്‍പ്പിച്ചു( ന്റെ കയ്യിലെ കാര്യം അറിയാലോ).

  മിട്ടായി തെരുവില്‍ രണ്ടാം ഗെയിറ്റിന്റെ അടുത്തേക്ക് പോവുമ്പോള്‍ ഒരു അമ്പലം ഉണ്ട്. അവിടെ ഏട്ടനും സെല്‍വേട്ടനും സുനി ഏട്ടനും കുട്ടേട്ടനും എത്തി. പെണ്ണ് സാരിയോക്കെ ഉടുത്തിട്ട്, ഞാന്‍ ആണേല്‍ പഴയ നടന്‍ വിന്‍സെന്റ് ഇടുന്ന പോലെ പൂക്കള്‍ ഉള്ള ഷര്‍ട്ടും ഇറുകിയ പാന്റും. അതു കണ്ടപ്പോള്‍ ഏട്ടന്റെന്ന് പുളിച്ചത് കേട്ടു പോയി; 'വേറെ വാങ്ങി വാടാ', അതിന്റെ പൈസയും ഏട്ടന്‍ തന്നു. അങ്ങനെ ഒരു വെള്ള ഷര്‍ട്ടും മുണ്ടും വാങ്ങി ഏട്ടന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി അങ്ങോട്ട് കെട്ടി!

  കെട്ടി കഴിഞ്ഞ് സലീഷ് ഏട്ടനെ വിളിച്ചു പറഞ്ഞു സലീഷ് ഏട്ടാ കല്യാണം കഴിഞ്ഞു ട്ടോ. സലീഷ് എട്ടനിലൂടെ എല്ലാരും അറിഞ്ഞു. ഫോട്ടോയിലെ ഞങ്ങളുടെ മുഖം കണ്ടാല്‍ മനസിലാവും അടുത്ത നിമിഷം ഒരു യുദ്ധം പൊട്ടും എന്നത്. വിവാഹ വാര്‍ഷികം ആണ് എന്നറിഞ്ഞപ്പോള്‍ പ്രിയപ്പെട്ട ബല്‍രാജ് ഡോക്ടര്‍ ഒരു സര്‍പ്രൈസ് ആയി വന്നു ഞങ്ങളുടെ പേര് എഴുതിയ മനോഹരമായൊരു കേക്ക്. ഇന്നലെ രാത്രി ഹരീഷിന്റെ വീട്ടില്‍ ഞങ്ങളൊന്നു കൂടി. ആദ്യമായിട്ട് ആണ് വിവാഹ വാര്‍ഷികം കേക്ക് കട്ട് ചെയ്ത് ആഘോഷിക്കുന്നത്. (ഡോക്ടര്‍ക്ക് നന്ദി).

  അവന്റെ കൂടെ എങ്ങനെ ജീവിക്കും? ജീവിതം കഴിഞ്ഞു.. തകര്‍ന്നു.. തീര്‍ന്നു... എന്നൊക്കെ പറഞ്ഞവരോട് ഇന്നേക്ക് 10 വര്‍ഷമായിട്ടൊ? നിങ്ങള്‍ പറഞ്ഞ തകര്‍ച്ച 10 കഴിഞ്ഞിട്ടു ആണോ? അതോ അതിന് മുന്നേ ആയിരുന്നോ? ജീവിതത്തില്‍ 500 രൂപയില്‍ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെല്‍ ഇതാ ഇവള്‍ ഇങ്ങനെ കട്ടക്ക് കൂടെ ഉള്ളത് കൊണ്ടാണ്. നിങ്ങള്‍ പറഞ്ഞപോലെ അവളുടെ ജീവിതം പോയിട്ടുണ്ടാവും എന്നാലും 'ഈ പാവത്തിന്ന് ഒരു ജീവിതം കിട്ടി.

  English summary
  Nirmal Palazhi About His Marriage And Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X