നിന്റെ മോൾ അഭിനയിച്ചില്ലേ അത്രയേയുള്ളു അഭിനയം, ഇത്രയും നാളായിട്ടും നിനക്കെന്താ അത് മനസിലാവാത്തത്?; നിഷാന്ത്
ഇരുപത്തിനാല് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ് നടൻ നിഷാന്ത് സാഗർ. നടനെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മലയാളികളുടെ ഓർമയിൽ വരുന്നത് ഫാന്റം സിനിമയിലെ വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ എന്ന ഗാനവും അതിന്റെ വിഷ്വൽസും സംഗീതവുമാണ്. ഇന്നും മലയാളികൾ ആഘോഷിക്കുന്ന റൊമന്റിക്ക് സോങ് കൂടിയാണിത്. മമ്മൂട്ടിയുടെ സഹോദരന്റെ വേഷമാണ് ഫാന്റത്തിൽ നിഷാന്ത് അവതരിപ്പിച്ചത്.
അച്ഛന്റെ സിനിമ പ്രേമം നടൻ മകൾക്കും ലഭിച്ചിട്ടുണ്ട്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത സിനിമ ആലപ്പുഴ ജിംഖാനയിലൂടെ മലയാളത്തിലേക്ക് താരപുത്രി അരങ്ങേറുകയും ചെയ്തിരുന്നു. നന്ദ നിഷാന്ത് സിനിമയിൽ നായകൻ നസ്ലിന്റെ നായിക വേഷമാണ് ചെയ്തത്. ഓഡിഷനിലൂടെയാണ് ആലപ്പുഴ ജിംഖാനയിലേക്ക് നന്ദ തിരഞ്ഞെടുക്കപ്പെട്ടത്.

ഇപ്പോഴിതാ അടുത്തിടെ തന്റെ ഏറ്റവും പുതിയ സിനിമയായ അപൂർവ പുത്രന്മാരുടെ പ്രമോഷന് നിഷാന്ത് എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മകളുടെ ആദ്യ സിനിമയായ ആലപ്പുഴ ജിംഖാന കണ്ടിരുന്നുവോയെന്ന് അവതാരകൻ ചോദിപ്പോൾ രസകരമായ ഒരു അനുഭവമാണ് നിഷാന്ത് പങ്കുവെച്ചത്.
ആലപ്പുഴ ജിംഖാന കണ്ടശേഷം നിഷാന്തിന്റെ ആദ്യ സിനിമയായ ദേവദാസിയുടെ സംവിധായകനായ ബിജു വർക്കി നിഷാന്തിനെ വിളിച്ചിരുന്നുവത്രെ. മകളുടെ അഭിനയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കമന്റുകേട്ട് അമ്പരന്നുവെന്ന് നിഷാന്ത് പറയുന്നു. മകളുടേയും നിഷാന്തിന്റേയും അഭിനയത്തെ താരതമ്യപ്പെടുത്തികൊണ്ടായിരുന്നു ബിജു വർക്കിയുടെ കമന്റ്. ബിജു വർക്കി എന്ന് പറയുന്ന ഒരു സംവിധായകന്റെ പടത്തിലൂടെയാണ് ഞാൻ സിനിമയിലേക്ക് വരുന്നത്.
മോളുടെ ആലപ്പുഴ ജിംഖാന എന്ന പടം കണ്ട് ബിജു ചേട്ടൻ വിളിച്ചിരുന്നു. എടാ... ജിംഖാന കണ്ടിരുന്നു. നിന്റെ മോൾ അഭിനയിച്ചില്ലേ... എടാ അത്ര ഒക്കെ തന്നെയുള്ളു പരിപാടി. നിനക്ക് എന്താ ഇത്രയും നാളായിട്ട് ഇതൊന്നും മനസിലാവാത്തേ... അഭിനയം എന്ന് പറയുന്നത് അത്രയൊക്കെ തന്നെയുള്ളു. നിനക്കെന്താ അത് ഇതുവരെ കിട്ടാത്തെ എന്നാണ് പുള്ളി എന്നോട് ചോദിച്ചതെന്ന് പറഞ്ഞ് നിഷാന്ത് ചിരിക്കുകയായിരുന്നു.
പോസിറ്റീവും നെഗറ്റീവുമായി കിട്ടുന്ന എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കുന്നയാളാണ് നിഷാന്ത്. തന്റെ പ്രകടനത്തെ വിമർശിക്കുന്നവരോട് കയർക്കാനോ തർക്കിക്കാനോ പോകാറില്ല. പക്ഷെ മലയാളികൾ ആരും നിഷാന്തിന്റെ അഭിനയത്തെ ഇതുവരേയും വിമർശിച്ചിട്ടില്ല. നിഷാന്തിന്റെ വീഡിയോ വൈറലായതോടെ നിങ്ങൾ കിടിലം നടനാണ് ലുക്ക് കൊണ്ടും ആക്ടിങ് കൊണ്ടും എന്നാണ് കമന്റുകൾ.

ഇന്ദ്രിയം, ആർഡിഎക്സ്, ജോക്കർ സിനിമകളിലെ പ്രകനങ്ങൾ സൂപ്പറായിരുന്നു. ഇനിയും നിരവധി സിനിമകളിൽ നിഷാന്തിനെ കാണാൻ ആഗ്രഹിക്കുന്നുവെന്നും കമന്റുകളുണ്ട്. ആദ്യ സിനിമയായ ദേവദാസിയിൽ അബിതയായിരുന്നു നിഷാന്തിന്റെ നായിക. നെടുമുടി വേണു, ഭരത് ഗോപി, വിന്ദുജ മേനോൻ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങൾ അവതരിപ്പിച്ച മറ്റ് താരങ്ങൾ. നടന്റെ കരിയറിൽ സംഭവിക്കുന്ന മൂന്നാമത്തെ സിനിമയാണ് ജോക്കർ.
ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു നടന്. ഇരുപത് വയസിലാണ് സുധീർ മിശ്ര എന്ന ഹെവി റോൾ നിഷാന്ത് മനോഹരമായി അവതരിപ്പിച്ചു. ജോക്കറിന്റെ റിലീസിനുശേഷം ഒട്ടുമിക്ക പെൺകുട്ടികളുടേയും ക്രഷായിരുന്നു നിഷാന്ത്. ഫാന്റം, ജോക്കർ എന്നിവയ്ക്ക് പുറമെ നടന്റെ കരിയറിൽ സംഭവിച്ച മറ്റ് പ്രധാന സിനിമകൾ തിളക്കം, രസികൻ, വാണ്ടട്, വൺ, ചതുരം കൊച്ചാൾ തുടങ്ങിയവയാണ്.
അച്ഛന്റെ സിനിമകൾ അധികം കണ്ടിരുന്നയാളല്ല നന്ദ നിഷാന്ത്. സിനിമയെ ഭയങ്കരമായി പിന്തുടരുന്ന ആളായിരുന്നില്ല താനെന്നും ഡിഗ്രിയിൽ കറങ്ങിത്തിരിഞ്ഞ് അറിയാതെ വിഷ്വൽ കമ്യുണിക്കേഷനിൽ വന്നുപെട്ടുവെന്നും അങ്ങനെ ഡ്രിഗ്രിക്കാണ് കൂടുതൽ സിനിമയെക്കുറിച്ച് പഠിക്കുന്നതെന്നുമാണ് നന്ദ നിഷാന്ത് ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications











