ഭർത്താവിനെ ഒപ്പം കാണാത്തതിന് കാരണം; വെറുതെ ചീത്ത കേൾക്കും; ഇഷ്ടമില്ലാത്ത കാര്യം ചെയ്യിക്കരുത്; നിത്യ ദാസ്
സിനിമാ രംഗത്ത് സജീവമല്ലെങ്കിലും നടി നിത്യ ദാസ് ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. പറക്കും തളിക എന്ന സിനിമയാണ് നിത്യയുടെ കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്നത്. വിവാഹ ശേഷമാണ് നിത്യ അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുന്നത്. അരവിന്ദ് സിംഗ് ജംവാൾ എന്നാണ് നിത്യയുടെ ഭർത്താവിന്റെ പേര്. 2005 ലായിരുന്നു വിവാഹം. ഒരു വിമാന യാത്രയ്ക്കിടെയാണ് കേബിൻ ക്രൂ ആയ അരവിന്ദ് സിംഗിനെ നിത്യ പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും വൈകാതെ വിവാഹവും ചെയ്തു. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്.
ഏറെക്കാലം സിനിമാ രംഗത്ത് നിന്ന് മാറി നിന്ന നിത്യ പിന്നീട് കരിയറിലേക്ക് തിരിച്ചെത്തി. കശ്മീർകാരനാണ് അരവിന്ദ്. രണ്ട് സംസ്കാരങ്ങളിൽ ജനിച്ച് വളർന്നതിനാൽ വിവാഹമുൾപ്പെടെയുള്ള പല കാര്യങ്ങളും ഏറെ വ്യത്യാസം തോന്നിയെന്ന് നിത്യ നേരത്തെ പറഞ്ഞിട്ടുണ്ട്. അടുത്ത കാലത്താണ് നിത്യ ദാസ് സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. കുടുംബ വിശേഷങ്ങളെല്ലാം നടി പങ്കുവെക്കാറുണ്ട്.

എന്നാൽ ഭർത്താവിനെ വ്ലോഗുകളിലൊന്നും കാണാറില്ല. ഭർത്താവ് എവിടെയെന്ന ചോദ്യം ചിലപ്പോൾ കമന്റ് ബോക്സിൽ വരാറുമുണ്ട്. ഇതേക്കുറിച്ച് ഒരിക്കൽ നിത്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ കൂടെ എന്താണ് വീഡിയോ ചെയ്യാത്തതെന്ന് അധികം പേരും ചോദിക്കുന്നുണ്ട്. ആളുടെ കൂടെ ഒരു റീൽ ചെയ്യാൻ ഞാൻ നോക്കിയിരുന്നു. ഞാൻ അങ്ങോട്ട് നോക്കുമ്പോൾ ആൾ ഇങ്ങോട്ട് നോക്കും.
ഞാൻ ഇങ്ങോട്ട് നോക്കുമ്പോൾ ആൾ എങ്ങോട്ടെക്കൊക്കെയോ നോക്കും. ആൾക്കതൊന്നും ഇഷ്ടമല്ല. പിന്നെ വെറുതെ ചീത്ത കേൾക്കും. പരാമവധി ചീത്തയൊന്നുമില്ലാതെ കഴിഞ്ഞ് പോകേണ്ടതാണല്ലോ ദാമ്പത്യം. അപ്പോൾ ഒരാൾക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്യിപ്പിക്കാതിരിക്കുക, നിത്യ ദാസ് പറഞ്ഞതിങ്ങനെ. തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് നിത്യ നേരത്തെ സംസാരിച്ചിട്ടുണ്ട്. പത്ത് പ്രാവശ്യം ഞാൻ ഫ്ലെെറ്റിൽ കോഴിക്കോട്ട് നിന്നും ചെന്നെെയ്ക്കും ചെന്നെെയിൽ നിന്ന് കോഴിക്കോട്ടേക്കും ഷൂട്ടിംഗിന് പോയിട്ടുണ്ട്.

പത്ത് പ്രാവശ്യം പോയപ്പോഴും ഫ്ലെെറ്റിൽ ആളെത്തന്നെയാണ് കണ്ട് കൊണ്ടിരുന്നത്. ഒരിക്കലും അങ്ങനെ സംഭവിക്കില്ല. നമ്മുടെ തലയിൽ വിധിച്ചത് അങ്ങനെയേ വരൂ. പരസ്പരം സംസാരിക്കാൻ തുടങ്ങി. ഫോൺ നമ്പർ കൈമാറി. വീട്ടിൽ ആദ്യം അവതരിപ്പിച്ചപ്പോൾ തീരെ ഇഷ്ടമായിരുന്നില്ല. ജമ്മു കശ്മീർ എന്ന് പറഞ്ഞപ്പോൾ തീവ്രവാദിയായിരിക്കുമെന്ന് വരെ പറഞ്ഞു. എന്നാൽ പിന്നീട് സമ്മതിച്ചെന്നും നിത്യ ദാസ് വ്യക്തമാക്കി.
ഭർത്താവിനെക്കുറിച്ച് മോശമായാണ് ഞാൻ അഭിമുഖങ്ങളിൽ പറയുന്നതെന്നാണ് എല്ലാവരുടെയും വിചാരം. അങ്ങനെയല്ല. ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. ഞാൻ നല്ലതാണ് പറയുന്നത്. പക്ഷെ ആൾക്കാർ അതെടുക്കുന്ന രീതി വേറെയാണെന്നും നിത്യ ദാസ് അന്ന് വ്യക്തമാക്കി. ഇന്ന് കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നിത്യ ദാസ്. മകൾക്കൊപ്പമുള്ള റീലുകൾ നിത്യ പങ്കുവെക്കാറുണ്ട്. അഭിനയത്തിലും ടെലിവിഷൻ ഷോകളിലും നിത്യയിന്ന് സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications











