ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറാൻ; ദിലീപേട്ടൻ അന്ന് പറഞ്ഞത് മനസ്സിലുണ്ട്; നിത്യ ദാസ്
നിത്യയുടെ ആദ്യ സിനിമ ദിലീപ് നായകനായ ഈ പറക്കും തളികയായിരുന്നു.
ജനപ്രിയ നായകനായി ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടനാണ് ദിലീപ്. കേസും വിവാദവും ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് സൂപ്പർ താര പദവിയിലേക്ക് ദിലീപ് ഉയർന്നേനെയെന്ന് സിനിമാ നിരീക്ഷകർ പറയുന്നു. സഹസംവിധായകനായി തുടക്കം കുറിച്ച് ചെറിയ വേഷങ്ങൾ ചെയ്താണ് ദിലീപ് ക്യാമറയുടെ മുന്നിലേക്കെത്തുന്നത്.
കോമഡി കലർന്ന നായക വേഷങ്ങളിലൂടെ ദിലീപ് അതിവേഗം ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ ദിലീപ് സൃഷ്ടിച്ചു. സിനിമാ ലോകത്തേക്ക് നിരവധി നടിമാരെ കൈ പിടിച്ച് കയറ്റിയ നടനാണ് ദിലീപ്.
കാവ്യ, നിത്യാ ദാസ്, നവ്യ നായർ തുടങ്ങിയ ഒരുപിടി നടിമാർ ദിലീപ് സിനിമകളിലൂടെയാണ് നായികമാരായി തുടക്കം കുറിച്ചത്.
ഇപ്പോഴിതാ ദിലീപിനെക്കുറിച്ച് നിത്യ ദാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ദിലീപേട്ടന്റെ കൂടെ പറക്കും തളിക എന്ന സിനിമയിൽ നായികയായി ചെയ്തു. കുഞ്ഞിക്കൂനനിൽ പാട്ട് രംഗം ചെയ്തു. കഥാവശേഷൻ എന്ന സിനിമയിൽ ചെറിയൊരി ക്യാരക്ടർ ചെയ്തു. ദിലീപേട്ടൻ പറഞ്ഞ വാക്ക് ഞാനെപ്പോഴും ആലോചിക്കും.
ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാൻ. കോളേജിൽ പോയിരുന്ന ഞാനാണ് ഒറ്റ ദിവസം കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. നമുക്ക് നന്നാവാനും ചീത്തയാവാനുമാെക്കെ ഒരു രാത്രി മതി. എന്ത് വിഷമമുണ്ടെങ്കിലും ഞാനെപ്പോഴും ആലോചിക്കും, നിത്യ ദാസ് പറഞ്ഞതിങ്ങനെ.

സിനിമയിലേക്ക് കടന്ന് വന്നതിനെക്കുറിച്ചും നടി സംസാരിച്ചു. ഞാൻ കോളേജിൽ പോവുമ്പോൾ ഒരു ഫോട്ടോഗ്രാഫർ ഫോട്ടോയെടുത്ത് ഗൃഹലക്ഷ്മി മാഗസിന് അയച്ച് കൊടുത്തോട്ടെയെന്ന് ചോദിച്ചു. വീട്ടിൽ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു.
വീട്ടിൽ നിന്ന് സമ്മതം പറഞ്ഞു. അങ്ങനെ ആ ഫോട്ടോ ഗൃഹലക്ഷ്മി മാഗസിനിൽ വന്നു. അത് മഞ്ജു ചേച്ചി ദിലീപേട്ടന് കാണിച്ച് കൊടുത്തു. അങ്ങനെ ദിലീപേട്ടൻ സിനിമയിലേക്ക് വിളിക്കുകയായിരുന്നെന്നും നിത്യ ദാസ് വ്യക്തമാക്കി.

പറക്കും തളിക എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു. ബസന്തി എന്ന കഥാപാത്രത്തെയാണ് നടി ഈ സിനിമയിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.
പിന്നീട് ഒരുപിടി സിനിമകളിൽ അഭിനയിച്ച നിത്യ വിവാഹ ശേഷമാണ് സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ ശേഷം നടി ആദ്യമായി ചെയ്യുന്ന സിനിമ പള്ളിമണിയാണ്. ശ്വേത മേനോൻ, കൈലാഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ.
നേരത്തെ ചില സീരിയലുകളിൽ നടി അഭിനയിച്ചിരുന്നു. കുറേക്കാലത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിത്യയുടെ ചിത്രങ്ങൾ വൈറലായതോടെയാണ് നടി വീണ്ടും ലൈം ലൈറ്റിലേക്ക് വരുന്നത്. ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ് നിത്യ ദാസ്.

മകളോടൊപ്പമുള്ള നടിയുടെ ചിത്രങ്ങളും റീലുകളും വൈറലാവാറുണ്ട്. പ്രായക്കുറവ് തോന്നുന്നതിനാൽ സന്തൂർ മമ്മിയെന്നും പലരും നിത്യയെ വിളിക്കുന്നു. നടിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്.
ഭർത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും രസകരമായാണ് നടി സംസാരിക്കാറ്. ഇതേക്കുറിച്ചും നടി അഭിമുഖത്തിൽ സംസാരിച്ചു. അഭിമുഖങ്ങൾ കൊടുക്കാൻ താൽപര്യമില്ല, പക്ഷെ സിനിമയുടെ പ്രൊമോഷന് അത് ആവശ്യമാണ്. ചോദ്യങ്ങൾക്ക് ആലോചിച്ച് മറുപടി പറയണെന്ന് വീട്ടുകാർ പറയും. പക്ഷെ താൻ തുറന്ന് സംസാരാക്കാറാണെന്നും നിത്യ വ്യക്തമാക്കി.


Click it and Unblock the Notifications











