വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍ തിയ്യേറ്ററുകളില്‍! ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണമിങ്ങനെ
വിഷ്ണു ഉണ്ണികൃഷ്ണന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന നിത്യഹരിത നായകന്‍ തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു വീണ്ടും നായക വേഷത്തില്‍ എത്തിയ സിനിമ കൂടിയാണ് നിത്യഹരിത നായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ ആകാംക്ഷകളോടെയായിരുന്നു സിനിമാ പ്രേമികള്‍ സിനിമയ്ക്കു വേണ്ടി കാത്തിരുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനുമെല്ലാം മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കേരളത്തിലൊട്ടാകെ 125 ലധികം സ്ക്രീനുകളിലാണ് വിഷ്ണുവിന്റെ നിത്യഹരിത നായകന്‍ ഇന്ന് പ്രദര്‍ശനത്തിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുളള അഭിപ്രായങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. നിത്യഹരിത നായകനെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ അറിയാം.തുടര്‍ന്ന് വായിക്കൂ.

നിത്യഹരിത നായകന്‍
വികടകുമാരന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വീണ്ടുമൊന്നിച്ച ചിത്രമാണ് നിത്യഹരിത നായകന്‍. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം തുല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ധര്‍മ്മജനും എത്തുന്നത്. ഇത്തവണയും ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറായിട്ടുമാണ് ഈ കൂട്ടുകെട്ടിന്റെ വരവ്. എആര്‍ ബിനുരാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനു തച്ചേട്ടും കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

താരനിര
നാല് പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ വിഷ്ണുവിന്റെ നായികമാരായി എത്തുന്നത്. ജയശ്രീ ശിവദാസ്,ശിവകാമി,രവീണ രവി.അഖില നാഥ് തുടങ്ങിയവരാണ് നായികമാര്‍. ഇവര്‍ക്കൊപ്പം ഇന്ദ്രന്‍സ്,ബിജു കുട്ടന്‍,ജാഫര്‍ ഇടുക്കി,സുനില്‍ സുഖദ, സാജു നവോദയ,എകെ സാജന്‍,ബേസില്‍ ജോസഫ്,മഞ്ജു പിളള,അഞ്ജു അരവിന്ദ് ,ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. കലികയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്.

പ്രേക്ഷക പ്രതികരണം
ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. തിയ്യേറ്ററുകളില്‍ പൊട്ടിച്ചിരിയുണര്‍ത്തുന്ന നിരവധി നര്‍മ്മ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഒറ്റത്തവണ കണ്ടിരിക്കാവുന്ന ഒരു എന്റര്‍ടെയ്‌നര്‍ തന്നെയാണ് നിത്യഹരിത നായകനെന്നാണ് അറിയുന്നത്. മികച്ചൊരു ആദ്യ പകുതിയും മോശമില്ലാത്ത രണ്ടാം പകുതിയുമാണ് ചിത്രത്തിനെന്നാണ് അറിയുന്നത്. സജിമോന്‍ എന്ന വിഷ്ണുവിന്റെ കഥാപാത്രം ആദ്യ രാത്രിയില്‍ ഭാര്യയോട് പഴയകാല പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുന്നതാണ് ചിത്രത്തിന്റെ കഥയെന്നാണ് അറിയുന്നത്.

നൊസ്റ്റാള്‍ജിയ നല്‍കുന്ന രംഗങ്ങള്‍
പ്രേക്ഷകര്‍ക്ക് നൊസ്റ്റാള്‍ജിയ നല്‍കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും അറിയുന്നു. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ബേസില്‍ ജോസഫ്,ധര്‍മ്മജന്‍ തുടങ്ങിയവരുടെ പ്രകടനങ്ങളും മികച്ചു നില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ജയഗോപാലിന്റെ കഥയിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് നിത്യഹരിത നായകനെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ട്രെയിലര്‍ നല്‍കിയ ആവേശം
കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന ഒരു ചിത്രമായിരിക്കുമെന്ന് തന്നെയാണ് ചിത്രത്തെക്കുറിച്ചുളള പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. റിലീസിനു മുന്നോടിയായിരുന്നു നിത്യഹരിത നായകന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. ധര്‍മ്മജന്‍, വിഷ്ണു, ബേസില്‍ തുടങ്ങിയവര്‍ തന്നെയായിരുന്നു നിത്യഹരിത നായകന്റെ ട്രെയിലറില്‍ തിളങ്ങിനിന്നിരുന്നത്.


Click it and Unblock the Notifications











