പണം മുഴുവൻ വേണമെന്നേ നായികമാർ പറയൂ, പക്ഷെ നിത്യ...; അവസരങ്ങൾ തേടി വന്നിട്ടും ചെയ്യാത്ത നിത്യ മേനോന്റെ തീരുമാനം
വലിയ അവസരങ്ങൾ വരാൻ കാത്തിരിക്കുന്നവരാണ് മിക്ക അഭിനേതാക്കളും. സൂപ്പർതാര സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കാത്ത നടിമാർ വിരളമാണ്. എന്നാൽ ഇതിൽ വലിയ താൽപര്യമില്ലാത്ത നടിയാണ് നിത്യ മേനോൻ. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാൽ മാത്രമേ നിത്യ മേനോൻ സിനിമ ചെയ്യാറുള്ളൂ. എത്ര വലിയ അവസരമായാലും ഇഷ്ടപ്പെട്ടില്ലെങ്കിൽ നിത്യ ചെയ്യാറില്ല. തെലുങ്കിലെ സൂപ്പർതാരം മഹേഷ് ബാബുവിന്റെ സിനിമ നിത്യ വേണ്ടെന്ന് വെച്ചത് മുമ്പൊരിക്കൽ വലിയ ചർച്ചയായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമെല്ലാം നിത്യ സിനിമകൾ ചെയ്യുന്നത് തന്റേതായ മാനദണ്ഡങ്ങൾ നോക്കിയാണ്. നിത്യ മേനോനെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബിസ്മി പങ്കുവെച്ച വിവരമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
തലെെവൻ തലെെവി എന്ന സിനിമയിൽ ഏറെ സംസാരിക്കപ്പെട്ടത് നിത്യ മേനോന്റെ അഭിനയമാണ്. ആ സിനിമ വലിയ ഹിറ്റായതിനാൽ തമിഴകത്ത് ഒരു റൗണ്ട് നിത്യ വരുമെന്നാണ് നമ്മളെല്ലാം പ്രതീക്ഷിച്ചത്. ആ സിനിമയ്ക്ക് ശേഷം ഒരുപാട് പ്രൊജക്ടുകൾ നിത്യക്ക് അരികിലെത്തി. എന്നാൽ അവർക്ക് തൃപ്തി തോന്നാത്തതിനാൽ പല പടങ്ങളും വേണ്ടെന്ന് വെച്ചു. നോ പറഞ്ഞ് കൊണ്ടിരുന്ന നിത്യ മേനോൻ ഒരു തമിഴ് സിനിമയിൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്.

യാമിരിക്ക് ഭയമേ എന്ന സിനിമ ചെയ്ത ഡീകെ എന്ന സംവിധായകൻ നിത്യയോട് ഒരു കഥ പറഞ്ഞു. നായികാ കേന്ദ്രീകൃത സിനിമയാണ്. കേട്ടയുടനെ നിത്യ മേനോന് ഇഷ്ടമായി. ഞാൻ ചെയ്യാം എന്ന് പറഞ്ഞു. ഒരു ചെറിയ തുക അഡ്വാൻസായി വാങ്ങി റെവന്യൂ ഷെയറിന് നിത്യ തയ്യാറായി എന്നതാണ് പ്രധാന കാര്യം. പൊതുവെ നായികമാർ അങ്ങനെ ചെയ്യില്ല. പ്രതിഫലം കുറവാണെങ്കിലും മൊത്തമായി തരൂ എന്നാണ് നായിക നടിമാർ പറയുക. ഈ സബ്ജക്‌ടിൽ നിത്യ മേനോനുള്ള വിശ്വാസം കൊണ്ടാണോ എന്നറിയില്ല. ഈ സിനിമ നടക്കാൻ പോകുകയാണെന്നും ബിസ്മി പറയുന്നു.അഭിനയിക്കാൻ ഇഷ്ടമാണെങ്കിലും സിനിമാ രംഗത്ത് നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിത്യ മേനോൻ.
സിനിമയിൽ നിന്നുള്ള പേരിലും പ്രശസ്തിയിലും താൽപര്യം കാണിക്കുന്നില്ല. അതേസമയം അർഹതപ്പെട്ട അംഗീകാരങ്ങൾ തനിക്ക് സിനിമാ രംഗത്ത് നിന്നും ലഭിച്ചില്ലെന്ന തോന്നൽ നിത്യ മേനോനുണ്ട്. നല്ല ഷോട്ട് ചെയ്താലോ നല്ല വർക്കാണെങ്കിലോ ഒരു നിശബ്ദതയുണ്ടാകും. എന്നാൽ നെഗറ്റിവിറ്റി മാത്രം ഒരുപാട് കേൾക്കും. 90 ശതമാനം നെഗറ്റിവിറ്റിയും ഉണ്ടാക്കിയവയായിരിക്കും. നല്ല കാര്യങ്ങൾ പറയില്ല. എന്നെ പ്രശംസിക്കാൻ വേണ്ടി ഞാൻ ശ്രമിച്ചിട്ടില്ല. ദേശീയ അവാർഡ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നെന്നും നിത്യ മേനോൻ പറയുന്നു.
ദേശീയ അവാർഡ് ലഭിക്കുന്നത് വരെ അംഗീകാരം ലഭിക്കാതെ പിടിച്ച് വെക്കുന്നത് പോലെ തോന്നിയിരുന്നു. ദേശീയ അവാർഡ് ലഭിച്ചപ്പോൾ എനിക്ക് വാലിഡേഷൻ ലഭിച്ചെന്ന് തോന്നിയെന്നും നിത്യ മേനോൻ പറയുന്നു. തമിഴ് ചിത്രം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിനാണ് മികച്ച
നടിക്കുള്ള പുരസ്കാരം നിത്യക്ക് ലഭിച്ചത്. വിവാദങ്ങൾ പല തവണ നിത്യയുടെ കരിയറിലുണ്ടായിട്ടുണ്ട്. മലയാളത്തിൽ നടി സജീവമല്ലാതായതിന് കാരണവും അതാണ്. നിത്യക്കെതികെ നിർമാതാക്കളുടെ സംഘടന വിലക്ക് പോലും പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications