ദുൽഖറിന് ബോറടിച്ച് കാണും; ഞങ്ങൾ സംസാരിക്കുന്നത് വല്ലപ്പോഴും; തുറന്ന് പറഞ്ഞ് നിത്യ മേനോൻ
അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞ നടിയാണ് നിത്യ മേനോൻ. നിത്യ മേനോന്റെ അഭിനയ മികവ് ഏവരും എടുത്ത് പറയാറുണ്ട്. മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്ന നിത്യക്ക് വളരെ പെട്ടെന്ന് ശ്രദ്ധ നേടാൻ കഴിഞ്ഞു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടി എന്നും ശ്രദ്ധാലുവാണ്. നിത്യയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയായി അറിയപ്പെടുന്നത് നടൻ ദുൽഖർ സൽമാനാണ്.\
ഓക്കെ കൺമണി, ഹണ്ട്രഡ് ഡേയ്സ് ഓഫ് ലൗ എന്നീ സിനിമകളിൽ ഈ താര ജോഡി മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ ഏറെ നാളായി ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്യാറില്ല. ദുൽഖറിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിത്യ മേനോൻ. ദുൽഖറിനൊപ്പം ഇനിയും സിനിമ ചെയ്യണമെന്ന് തോന്നാറുണ്ടെന്ന് നിത്യ വ്യക്തമാക്കി. ക്ലബ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ദുൽഖറിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് എപ്പോഴും തോന്നാറുണ്ട്. വല്ലപ്പോഴുമേ ഞങ്ങൾ സംസാരിക്കാറുള്ളൂ. എല്ലാവർക്കും ഷൂട്ടിന്റെ തിരക്കുകളിലാണ്. എപ്പോഴെങ്കിലും സംസാരിക്കും. ഒരുമിച്ച് സിനിമ ചെയ്യണമെന്ന് പ്രത്യേകിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല. ദുൽഖർ ഇപ്പോൾ റൊമാന്റിക് സിനിമകൾ ചെയ്യുന്നില്ല. പക്ഷെ അത് അദ്ദേഹത്തിന് നന്നായി ചേരുന്നുണ്ട്. പ്രേക്ഷകർക്കും ദുൽഖറിനെ അങ്ങനെയൊരു റോളിൽ കാണാൻ ഇഷ്ടമാണ്.
ഒരുപക്ഷെ ദുൽഖറിന് ബോറടിച്ച് കാണും. പക്ഷെ റൊമാന്റിക് സേപ്സിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ പറ്റുമെന്നും നിത്യ മേനോൻ വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്തും നിത്യ സജീവമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നിത്യയുടെ മാസ്റ്റർ പീസ് എന്ന വെബ് സീരീസ് പുറത്തിറങ്ങിയത്.

നേരത്തെയും ദുൽഖറിനെക്കുറിച്ച് നിത്യ മേനോൻ സംസാരിച്ചിട്ടുണ്ട്. ഓക്കെ കൺമണിയിലെ കെമിസ്ട്രി സ്വാഭാവികമായി സംഭവിച്ചതാണെന്നും സിനിമ കണ്ടപ്പോൾ രണ്ട് പേരും അത്ഭുതപ്പെട്ട് പോയെന്നും നിത്യ മേനോൻ അന്ന് വ്യക്തമാക്കി. അതേസമയം നിത്യ മേനോനാണോ മൃണാൽ താക്കൂറാണോ തന്റെ മികച്ച കെമിസ്ട്രിയുള്ള നായികയെന്ന ചോദ്യത്തിന് മൃണാൽ എന്നാണ് അടുത്തിടെ ദുൽഖർ നൽകിയ മറുപടി. മൃണാലും ദുൽഖറും ഒരുമിച്ച് അഭിനയിച്ച സീതാ രാമം എന്ന സിനിമ വൻ വിജയമായിരുന്നു.
ദുൽഖർ-നിത്യ ജോഡിക്ക് ശേഷം ധനുഷ്-നിത്യ ജോഡിക്കും തമിഴകത്ത് ഇന്ന് വൻ ആരാധകവൃന്ദമുണ്ട്. തിരുച്ചിത്രമ്പലം എന്ന സിനിമയുടെ വിജയമാണ് ഇതിന് കാരണമായത്. കഴിഞ്ഞ ദിവസം ധനുഷിനെക്കുറിച്ചും നിത്യ സംസാരിക്കുകയുണ്ടായി. തന്റെ കഴിവുകൾ കണ്ട് അതിനെ പ്രോത്സാഹിപ്പിച്ച ചുരുക്കം നടൻമാരിൽ ഒരാളാണ് ധനുഷെന്ന് നിത്യ വ്യക്തമാക്കി. പൊതുവെ നടൻമാർക്ക് എപ്പോഴും ഇൻസെക്യൂരിറ്റികൾ ഉണ്ടാകും.
എന്നാൽ ധനുഷ് തന്റെ അഭിനയ മികവ് കണ്ടപ്പോൾ അത് സിനിമയിലേക്ക് ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത്. സ്വന്തം ഇമേജിന് മാത്രമല്ല ധനുഷ് പരിഗണന നൽകുന്നതെന്നും നിത്യ മേനോൻ വ്യക്തമാക്കി. നടൻമാരിൽ നിന്നല്ലാതെ ഒപ്പമഭിനയിച്ച നടിമാരിൽ നിന്നും തനിക്കൊരിക്കലും ഈഗോ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അടുത്തിടെ നിത്യ മേനോൻ പറഞ്ഞു. നടിമാർ തമ്മിൽ സൗഹൃദമുണ്ടാകില്ലെന്നും അസ്വാരസ്യങ്ങൾ ഉണ്ടാകുമെന്നതും തെറ്റായ ധാരണയാണെന്നും നിത്യ മേനോൻ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications