എവിടെ നോക്കിയാലും പുക, ഞാൻ തുറന്നടിച്ച് പറയും, സെറ്റിൽ ഇറിറ്റേറ്റഡ് ആകുന്നതിന് കാരണം: നിത്യ മേനോൻ
വലിയ അവസരങ്ങൾ സിനിമകളിൽ ലഭിച്ച നടിയാണ് നിത്യ മേനോൻ. അഭിനയ മികവ് കൊണ്ട് ദേശീയ പുരസ്കാരം വരെ വാങ്ങിയ നടി. എന്നാൽ സിനിമാ ലോകത്തോട് നിത്യക്ക് താൽപര്യമേയില്ല. കരിയർ വിടാൻ താനെപ്പോഴും തയ്യാറാണെന്നാണ് നിത്യ പറയുന്നത്. പലപ്പോഴും നിത്യയെക്കുറിച്ച് തെറ്റിദ്ധാരണകളും സിനിമാ ലോകത്തുണ്ടായിട്ടുണ്ട്. നടി ദേഷ്യക്കാരിയും അഹങ്കാരിയുമാണെന്ന് ഒരു കാലത്ത് സംസാരമുണ്ടായിരുന്നു. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനകളും ഒരിക്കൽ നടിക്കെതിരെ തിരിഞ്ഞിരുന്നു.
എന്നാൽ ഇതെല്ലാം മറികടന്ന് മുന്നോട്ട് പോകാൻ നിത്യക്ക് കഴിഞ്ഞു. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ നിത്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് സെറ്റുകളിൽ അലോസരം തോന്നുന്നതിന് കാരണമുണ്ടെന്ന് നിത്യ പറയുന്നു. ഞാൻ വളരെ സോഫ്റ്റാണ്. പക്ഷെ പണം വാങ്ങിയാണ് ഞാൻ ജോലി ചെയ്യുന്നത്. ആ ജോലി ശരിയായി ചെയ്തില്ലെങ്കിൽ എനിക്ക് അസ്വസ്ഥത തോന്നും. പത്ത് രൂപ എനിക്ക് തന്നാൽ 20 രൂപയുടെ വർക്ക് ഞാൻ നിങ്ങൾക്ക് തരും.

അങ്ങനെയല്ല സെറ്റിലെ രീതികളെങ്കിൽ ഞാൻ ഇറിറ്റേറ്റഡ് ആകും. ഞാൻ തുറന്നടിച്ച് സംസാരിക്കുന്നയാളാണ്. അത് ആളുകൾ ദേഷ്യമായി കാണും. യഥാർത്ഥത്തിൽ എനിക്ക് ദേഷ്യം വരില്ല. രണ്ട് മിനുട്ടിന് ശേഷം ഞാൻ നോർമലാകും. അവരോട് സ്നേഹത്തോടെ പെരുമാറും. ഈഗോയിസ്റ്റായ ആളുകൾക്കാണ് വലിയ പ്രശ്നം. നിങ്ങൾ തെറ്റാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നത് അവർക്ക് താങ്ങാൻ കഴിയില്ല.
എന്നെക്കുറിച്ച് മോശമായി സംസാരിക്കും. ഞാൻ തെറ്റ് ചെയ്തില്ല എന്നാണ് അവർ സ്വയം സ്ഥാപിക്കുന്നത്. തെറ്റ് കണ്ടാൽ അത് പറയണമെന്നാണ് തന്റെ അഭിപ്രായമെന്നും നിത്യ മേനോൻ വ്യക്തമാക്കി. അഭിനയിക്കുന്ന നിമിഷം മാത്രമാണ് ഇഷ്ടം. അതിനപ്പുറം സിനിമയിലുള്ള മറ്റ് കാര്യങ്ങൾ മാനേജ് ചെയ്യുക ബുദ്ധിമുട്ടാണ്. സിനിമയിൽ ഇഷ്ടമില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. മേക്കപ്പും ലൈറ്റും ഇഷ്ടമല്ല. ഞാൻ ഫോട്ടോഫോബിക് ആണ്.

സ്മോക്ക് പറ്റില്ല. ഷൂട്ടിൽ എപ്പോൾ നോക്കിയാലും എല്ലായിടത്തും സ്മോക്ക് ഉണ്ടാകും. തന്റെ ആരോഗ്യത്തെ അത് ബാധിക്കുമെന്നും നിത്യ പറയുന്നു. ആളുകളെയും അവരുടെ ചിന്താഗതികളെയും ഇഷ്ടമല്ല. ഒരിക്കലും അംഗീകാരം തരില്ല. ആളുകൾ അങ്ങനെയാണ്. ഒരു സിസ്റ്റമുണ്ട്. ആദ്യം നായകൻ പിന്നെ നായിക എന്നിങ്ങനെ. ഒരു റൂൾ ബുക്കുണ്ട്.
അത് നോക്കിയാണ് എല്ലാവരും ജീവിതം നയിക്കുന്നത്. അതെല്ലാം കാണുമ്പോൾ ഞാൻ ക്ഷീണിക്കും. തനിക്ക് യഥാർത്ഥ ജീവിതമാണ് വേണ്ടത്. സിനിമാ രംഗത്തുള്ളവർ സിനിമയെ വളരെയധികം സ്നേഹിക്കുന്നു. സിനിമയാണവരുടെ സ്വപ്നമെന്ന് പറയും. സിനിമ എന്റെയും സ്വപ്നമാക്കെന്ന് ഒരുപാട് തവണ ദൈവത്തോട് പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തോട് തനിക്ക് താൽപര്യമില്ലെന്ന് പറയുമ്പോൾ ആരും തന്നെ വിശ്വസിക്കാറില്ലെന്നും നിത്യ മേനോൻ വ്യക്തമാക്കി. ബിഹെെന്റ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നിത്യ മേനോൻ മനസ് തുറന്നത്. കാതലിക്ക നേരമില്ലെയ് ആണ് നടിയുടെ പുതിയ സിനിമ.


Click it and Unblock the Notifications