ലൗ മേക്കിംഗ് സീൻ ചെയ്യാൻ ഞങ്ങൾ തയ്യാറായില്ല; നായികയുടെ ചിന്തയായിരുന്നു യഥാർത്ഥത്തിൽ എനിക്കും: നിത്യ മേനോൻ
സിനിമാ രംഗത്ത് നിരവധി ഹിറ്റ് ജോഡികൾ വന്നിട്ടുണ്ട്. ഇവരിൽ വൻ ജനപ്രീതി നേടിയ താര ജോഡിയാണ് ദുൽഖർ സൽമാനും നിത്യ മേനോനും. ഏത് നായക നടനൊപ്പവും മികച്ച കെമിസ്ട്രി നിത്യക്കുണ്ട്. എന്നാൽ ദുൽഖറുമായുള്ള കെമിസ്ട്രി ഇതിനേക്കാളൊക്കെ മുകളിലായിരുന്നു. ഓക്കെ കൺമണി, 100 ഡെയ്സ് ഓഫ് ലൗ, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിലാണ് ഇരുവരും നായികാ നായകൻമാരായി അഭിനയിച്ചത്. മൂന്ന് സിനിമകളും ശ്രദ്ധിക്കപ്പെട്ടു. വൻ ജനപ്രീതി നേടിയത് തമിഴ് ചിത്രം ഓക്കെ കൺമണിയാണ്.
മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. മികച്ച പെർഫോമൻസ്, തിരക്കഥ, സംവിധാനം, സിനിമോട്ടോഗ്രഫി, മ്യൂസിക് തുടങ്ങി എല്ലാ ഘടകങ്ങളും ഒത്തുവന്ന ഓക്കെ കൺമണി വൻ ഹിറ്റായി. നിത്യയും ദുൽഖറും സെൻസേഷണൽ താര ജോഡിയായി. ഇപ്പോഴിതാ ഓക്കെ കൺമണിയിൽ താനും ദുൽഖറും ചെയ്യാൻ തയ്യാറാകാഞ്ഞ റോളിനെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനോനിപ്പോൾ.

ഓക്കെ കൺമണിയിൽ ഒരു ലൗ മേക്കിംഗ് സീൻ ഉണ്ടായിരുന്നു. ദുൽഖറിനും എനിക്കും ഈ സീൻ എക്സ്പ്ലിസിറ്റ് ആകുന്നതിൽ കംഫർട്ടബിൾ അല്ലായിരുന്നു. മണി സർ ഈ സീൻ നമുക്ക് മറ്റൊരു രീതിയിൽ മാറ്റാമെന്ന് പറഞ്ഞു. അതിനപ്പുറം ഓക്കെ കൺമണിയിലെ നായികാ വേഷം ചെയ്യുമ്പോൾ ആശങ്കയില്ലായിരുന്നു. ആ സമയത്ത് തന്റെ മനസിലും ഓക്കെ കൺമണിയിലെ നായികയുടേത് പോലെയുള്ള ചിന്തയാണെന്ന് നിത്യ പറയുന്നു. മണി സർ എന്നെ രഹസ്യമായി സ്പെെ ചെയ്ത് എഴുതിയതാണോ എന്ന് തോന്നി.
കാരണം ഞാനും ആ ഘട്ടത്തിലൂടെ കടന്ന് പോകുകയായിരുന്നെന്നും നിത്യ മേനോൻ പറഞ്ഞു. പുതിയ അഭിമുഖത്തിലാണ് നടി ഓർമകൾ പങ്കുവെച്ചത്. വിവാഹം ചെയ്യാതെ ലിവിംഗ് ടുഗെദറിൽ കഴിയാനാഗ്രഹിക്കുന്ന കഥാപാത്രത്തെയാണ് നിത്യ മേനോൻ ഓക്കെ കൺമണിയിൽ അവതരിപ്പിച്ചത്. ഓക്കെ കൺമണി സ്ക്രീനിൽ കണ്ടപ്പോൾ താനും ദുൽഖറും തമ്മിലുള്ള കെമിസ്ട്രി അത്ഭുതപ്പെടുത്തിയിരുന്നെന്ന് നിത്യ നേരത്തെ പറഞ്ഞിട്ടുണ്ട്.

കാതലിക്ക നേരമില്ലെയാണ് നിത്യയുടെ പുതിയ സിനിമ. രവി മോഹനാണ് ചിത്രത്തിലെ നായകൻ. ദുൽഖറും നിത്യയും ഒരുമിച്ച് അഭിനയിച്ചിട്ട് ഏറെക്കാലമായി. ഇരുവരെയും വീണ്ടും ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. നിത്യക്ക് ശേഷം ദുൽഖറിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയെന്ന് ആരാധകർ വിളിച്ചത് മൃണാൽ താക്കൂറിനെയാണ്.
ഇരുവരും ഒരുമിച്ചെത്തിയ സീതാരാമം വൻ ഹിറ്റായിരുന്നു. മലയാളത്തിൽ നിത്യയും ദുൽഖറും ഇപ്പോൾ സജീവമല്ല. ദുൽഖർ മറ്റ് ഭാഷകളിലാണ് കൂടുതൽ സിനിമ ചെയ്യുന്നത്. നിത്യയും തമിഴ്, തെലുങ്ക് സിനിമാ രംഗത്താണ് സജീവം. മാസ്റ്റർ പീസ് എന്ന സീരീസാണ് നിത്യ ഒടുവിൽ മലയാളത്തിൽ ചെയ്ത പ്രൊജക്ട്. കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.


Click it and Unblock the Notifications