ആരതി ഉഴിയുമ്പോൾ പോലും വേർതിരിവ്, സെറ്റിൽ എല്ലാവരും നിശബ്ദരായി; വിവാദത്തിന് പിന്നാലെ നിത്യ
നിത്യ മേനോൻ കഴിഞ്ഞ ദിവസങ്ങളിലായി നൽകിയ അഭിമുഖങ്ങളിൽ നടത്തിയ തുറന്ന് പറച്ചിലുകൾ ഏവരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. സിനിമാ രംഗത്തോട് തനിക്ക് യാതൊരു താൽപര്യവും ഇല്ലെന്നും ഈ മേഖല വിട്ട് പോകണമെന്നത് തന്റെ അതിയായ ആഗ്രഹമാണെന്നും നിത്യ പറയുന്നു. ഒരു അവസരത്തിന് വേണ്ടി അഭിനേതാക്കൾ വർഷങ്ങളോളം വരെ കാത്തിരിക്കുമ്പോഴാണ് നിത്യ തനിക്ക് സിനിമാ ലോകത്തുള്ള പേരും പ്രശസ്തിയും വേണ്ടെന്ന് പറയുന്നത്. അഭിനയിച്ച എല്ലാ ഭാഷകളിലും നിത്യക്ക് ശ്രദ്ധേയ സിനിമകൾ ലഭിക്കുന്നുണ്ട്.
മികച്ച അഭിനേത്രിയെന്ന് സിനിമാ ലോകവും പ്രേക്ഷകരും നിത്യയെ പ്രശംസിക്കുന്നു. നായികാ പ്രാധാന്യമുള്ള സിനിമകൾ തുടരെ ലഭിക്കുന്നുമുണ്ട്. എന്നാൽ നിത്യയെ ഇതൊന്നും തൃപ്തിപ്പെടുത്തുന്നില്ല. താനാഗ്രഹിക്കുന്ന ജീവിതം ഇതല്ലെന്നാണ് നടി പറയുന്നത്. ആളും ബഹളവുമില്ലാത്ത ശാന്തമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് നടി പറയുന്നു. സിനിമാ രംഗത്തോട് തനിക്കുള്ള അനിഷ്ടത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുകയാണ് നിത്യ മേനോനിപ്പോൾ. ഇൻഡസ്ട്രിയിലെ അധികാരശ്രേണി തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നെന്ന് നടി പറയുന്നു.

ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്. ഹീറോ, ഡയറക്ടർ, നായിക. അങ്ങനെയാണ് നിങ്ങളുടെ കാരവാനിടുക, സ്റ്റേജിലേക്ക് വിളിക്കുന്നതും അതിനനുസരിച്ചാണ്. ആരതി ഉഴിയുകയാാണെങ്കിൽ ഈ ക്രമത്തിലാണ് വരിക. ആളുകൾ നിൽക്കുന്ന ക്രമത്തിലല്ല ആരതി കൊടുക്കുക. ഇത് തന്നെ ഏറെ അലട്ടുന്നുണ്ട്. ഇത് പോലൊരു ജീവിതം ജീവിക്കണോ എന്ന് തോന്നും.
വളരെ ചെറിയ മനസുകളാണ്. സാധാരണ പോലെ പെരുമാറുക. ആളുകൾക്ക് അവരർഹിക്കുന്ന ക്രെഡിറ്റ് നൽകുക. അത് സ്ത്രീയായാലും പുരുഷനായാലും. പക്ഷെ കൊടുക്കില്ല. നടന് മാത്രമേ ക്രെഡിറ്റുള്ളൂ. നടൻമാർ പെർഫോം ചെയ്യുമ്പോൾ സെറ്റ് മുഴുവൻ ക്ലാപ്പ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ സാധാരണ പെർഫോമൻസായിരിക്കുമത്. അതേസമയം ഞാൻ പെർഫോം ചെയ്യുമ്പോൾ ഷോട്ട് അവർക്കിഷ്ടപ്പെടും. പക്ഷെ സെറ്റ് പൂർണ നിശബ്ദതയിലായിരിക്കും.

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് എല്ലാവരും പരസ്പരം നോക്കും. എന്തിനാണത്?, ഇങ്ങനെ ചെയ്താൽ ആ വ്യക്തിക്ക് ഇഷ്ടപ്പെടുമോ എന്ന് ചിന്തിക്കുന്നെന്നും നിത്യ മേനോൻ തുറന്നടിച്ചു. അതേസമയം സെറ്റുകളിലെ ഹൈറാർക്കിയെ ചോദ്യം ചെയ്യുന്ന നിത്യ കഴിഞ്ഞ ദിവസം അസിസ്റ്റന്റിനോട് വേർതിരിവ് കാണിച്ചെന്ന വിമർശനം വന്നിരുന്നു. പുതിയ ചിത്രം കാതലിക്ക നേരമില്ലെയുടെ ഇവന്റിന് എത്തിയതായിരുന്നു നിത്യ. വേദിയിലേക്ക് കയറവെ ഒരാൾ കൈ കാണിച്ചു.
എന്നാൽ കൈ കൊടുക്കാൻ നടി തയ്യാറായില്ല. തനിക്ക് സുഖമില്ലെന്നാണ് നിത്യ പറഞ്ഞത്. ഇതേ ചടങ്ങിൽ വെച്ച് നിത്യ സംവിധായകനും നടനുമായ മിസ്കിനെയുൾപ്പെടെ കെട്ടിപ്പിടിക്കുന്നുണ്ട്. നിത്യ ദേഷ്യക്കാരിയാണെന്ന സംസാരം സിനിമാ ലോകത്തുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം നടി സംസാരിച്ചു. വർക്ക് കൃത്യമായി ചെയ്യാത്തപ്പോൾ ചൂണ്ടിക്കാട്ടും. ചിലർക്ക് തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഇഷ്ടപ്പെടില്ല. ഈഗോയിസ്റ്റായ ഇത്തരം ആളുകൾ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറയുമെന്നും നിത്യ മേനോൻ തുറന്നടിച്ചു.


Click it and Unblock the Notifications